കണ്ണൂർ: ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. കണ്ണൂരിലെ നിരാഹാര വേദിയിൽ വച്ച് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ പിണറായിയുടെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഭിനവ ഹിറ്റ്‌ലറാണ്. അതു വ്യക്തമാക്കുന്നതാണ് ഷുഹൈബ് വധക്കേസിൽ ഇപ്പോൾ അദ്ദേഹത്തിന്റെ നിലപാടിലൂടെ മനസ്സിലാവുന്നത്. അതുകൊണ്ട് ഹിറ്റ്‌ലറോട് ഇനി സംസാരിച്ചിട്ടു കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഷുഹൈബിന്റെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിയമത്തിന്റെ ഏതറ്റം വരെയും കോൺഗ്രസ് പോകും. ഷുഹൈബിനെ കൊല്ലാൻ കൃത്യമായി ഗൂഢാലോചന നടന്നിട്ടുണ്ട്. മട്ടന്നൂർ ഏരിയാ കമ്മിറ്റിയും പേരാവൂർ ഏരിയാ കമ്മിറ്റിയും അറിഞ്ഞു കൊണ്ട് നടത്തിയ കൊലപാതകമാണിത്. സിപിഎം ജില്ലാ കമ്മിറ്റിക്കും ഇക്കാര്യത്തിൽ കൃത്യമായ അറിവുണ്ട്. ഇതിന് കൊലക്കേസ് പ്രതികൂടിയായ മുഖ്യമന്ത്രിയുടെയും സെക്രട്ടറി കോടിയേരിയുടെ പിന്തുണയും കൂടിയുണ്ട്.- സുധാകരൻ പറഞ്ഞു.

കേസിൽ ഏത് അന്വേഷണവും നടത്താമെന്നാണ് നേരത്തെ സർക്കാർ കൈക്കൊണ്ട നിലപാട്. ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് മുൻനിലപാടിൽ നിന്നും വ്യതിചലിക്കുന്ന സ്വഭാവത്തിലാണ്. ഈ തീരുമാനത്തിന് പിന്നിൽ കൊലപാതകത്തിൽ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന ഉത്തമ തെളിവുള്ളതു കൊണ്ടാണെന്നും സുധാകരൻ പറഞ്ഞു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവില്ലാതെ ഷുഹൈബ് വധം നടക്കില്ല. ഷുഹൈബ് വധത്തിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. സിബിഐ അന്വേഷണമുണ്ടായാൽ മാത്രമേ കേസിലെ ഗൂഢാലോചന പുറത്ത് വരികയുള്ളു എന്നും സുധാകരൻ പറഞ്ഞു.

അതേസമയം സിബിഐ അന്വേഷണം നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി ഷുഹൈബിന്റെ പിതാവും രംഗത്തെത്തി. മകന്റെ കൊലപാതകത്തിൽസിബിഐ. അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് കുടുംബം വ്യക്തമാക്കി. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം. എന്തിന് വേണ്ടി ഇത് ചെയ്തു എന്ന് അറിയണം. എന്റെ മകനുമായി ബന്ധമില്ലാത്തവരാണ് കൊലപാതകം നടത്തിയവരെല്ലാം. അതുകൊണ്ട് തന്നെ ഇതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചത് എന്നും എന്തിന് വേണ്ടി ആയിരുന്നു എന്നും അറിയണം. അതിന് സിബിഐ അന്വേഷണം കൂടിയേ തീരൂവെന്നും അവർ വ്യക്തമാക്കി.

ഇപ്പോൾ അറസ്റ്റ് ചെയ്തത് യഥാർത്ഥ പ്രതികളെ ആണെന്ന് വിശ്വസിക്കുന്നില്ല. ഇനി ഒരു കുടുംബത്തിലും ഇത്തരമൊരു കൊലപാതകം നടക്കരുത്. ഇതോടെ രാഷ്ട്രീയ കൊലപാതകത്തിന് അവസാനമാകണം. ഇനി ഒരു അച്ഛനും അമ്മയ്ക്കും മകനെ നഷ്ടപ്പെടരുത്. അതുകൊണ്ട് തന്നെ കേസന്വേഷണം കൃത്യമായി നടക്കണമെന്നും ശുഹൈബിന്റെ പിതാവ് പറഞ്ഞു.

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നിയമസഭയെ അറിയിച്ചത്. പ്രതിപക്ഷ ബഹളം ശക്തമായതോടെ നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു. അതിനിടെ മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമാണ്. പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. പിടിയിലുള്ളത് ഡമ്മി പ്രതികളാണെന്ന വാദം അടിസ്ഥാനരഹിതമാണ്. നീതിപൂർവകമായ അന്വേഷണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

സിബിഐ അന്വേഷണം വേണ്ട എന്ന പ്രഖ്യാപനം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ച് കണ്ണൂരിലെത്തിയ മന്ത്രി എ കെ ബാലൻ പറഞ്ഞത് സിബിഐ അന്വേഷണം അടക്കം ഏത് അന്വേഷണവും നടത്താൻ തയ്യാറാണെന്നാണ്. മുഖ്യമന്ത്രിയുടെ നിലപാട് ആരെയോ രക്ഷിക്കാനാണ് എന്ന് ചെന്നിത്തല ആരോപിച്ചു.