കണ്ണൂർ: തലശ്ശേരി കലാപം. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ വീണ്ടും ആരോപണങ്ങളുമായി രംഗത്ത്. 1971 ലെ തലശ്ശേരി കലാപം വിഷയമാക്കി കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ സിപിഎമ്മിനെ ആരോപണത്തിന്റെ മുൾമുനയിൽ നിർത്തുന്നു. സുധാകരനെതിരെ സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജൻ പ്രതികരണവുമായി രംഗത്തെത്തിയതോടെ തലശ്ശേരി കലാപം വീണ്ടും ചർച്ചക്ക് വഴി തെളിയിച്ചിരിക്കയാണ്.

തലശ്ശേരി കലാപത്തിന് തുടക്കം കുറിച്ചതും കൊള്ള നടത്തിയതും സംരക്ഷിച്ചതുമെല്ലാം സിപിഎം. ആണ്. ഇക്കാര്യം പുനരന്വേഷണത്തിന് വിധേയമാക്കാൻ സർക്കാർ തയ്യാറായാൽ ഇതുവരേയും വെളിച്ചത്ത് വരാത്ത ഒട്ടേറെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് സുധാകരൻ പറയുന്നു. ന്യൂനപക്ഷത്തെ ഭയപ്പെടുത്തി തങ്ങൾക്കൊപ്പം നിർത്താൻ സിപിഎം. നടത്തിയ ഗൂഢ നീക്കമാണ് തലശ്ശേരി കലാപത്തിന് വഴി വെച്ചതെന്ന് പൊതുയോഗത്തിൽ സുധാകരൻ ആരോപിച്ചിരുന്നു.

തലശ്ശേരി കലാപത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന കെ.സുധാകരന്റെ ആവശ്യം സംഘപരിവാറിനോടുള്ള വിധേയത്വമാണെന്ന് സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജൻ തിരിച്ചടിച്ചു. ഇത് യാദൃശ്ചികമല്ലെന്നും പത്ത് മാസം മുമ്പ് ബിജെപി. അഖിലേന്ത്യാ നേതൃത്വവുമായി രഹസ്യ ചർച്ചയിൽ തീരുമാനിച്ചതു പ്രകാരണാണ് സുധാകരൻ ഇപ്പോൾ നടത്തിയ പ്രതികരണമെന്നാണ് ജയരാജൻ ആരോപിക്കുന്നത്. ഗാന്ധി വധം പുനരന്വേഷിക്കുക എന്ന ആശയം പോലെ തലശ്ശേരി കലാപത്തെക്കുറിച്ചുള്ള അന്വേഷണവും സംഘപരിവാറിന്റെ അജണ്ടയാണ്. ഈ വിഷയം ഉയർത്തിക്കാട്ടാൻ സംഘപരിവാർ സുധാകരനെ ഏൽപ്പിച്ചിരിക്കയുമാണെന്നാണ് ജയരാജന്റെ മറുപടി.

ന്യൂനപക്ഷത്തെ ഭയപ്പെടുത്തി തങ്ങൾക്കൊപ്പം നിർത്താൻ സിപിഎം. നടത്തിയ ഗൂഢ നീക്കമാണ് തലശ്ശേരി കലാപം. തലശ്ശേരിയിലെ മുസ്ലിം സമുദായത്തിൽ സിപിഎം. സ്വാധീനമുണ്ടാക്കിയത് അക്രമിച്ചും ഭയപ്പെടുത്തിയുമാണ്. തലശ്ശേരി കലാപത്തെക്കുറിച്ച് അന്വേഷിച്ച വിധയത്തിൽ കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ചാൽ അതിൽ കലാപത്തിന്റെ മൂലകാരണക്കാരെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിൽ കലാപമുണ്ടാക്കിയതും ന്യൂനപക്ഷങ്ങളെ കൊല്ലിച്ചതും സംരക്ഷിച്ചവരും ആരെന്ന് പറയുന്നുണ്ട്. അതുകൊണ്ടു തന്നെ തലശ്ശേരി വർഗ്ഗീയ കലാപം അന്വേഷിക്കാൻ സർക്കാർ തയ്യാറാവണം. സുധാകരൻ പറയുന്നു.

തലശ്ശേരി വർഗ്ഗീയ കലാപത്തെക്കുറിച്ച് അന്വേഷിച്ച വിധയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ കലാപകാലത്ത് മത സൗഹാർദ്ദത്തിന് വേണ്ടി പ്രവർത്തിച്ച ഏക പാർട്ടി സിപിഎം. ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പി.ജയരാജൻ പറയുന്നത്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗം യു.കെ. കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് പോലും ന്യൂനപക്ഷത്തിന്റെ ആരാധനാലയം സംരക്ഷിക്കുന്നതിനിടയിലാണെന്ന് ജയരാജൻ പറയുന്നു. കലാപകാലത്ത് മാളത്തിലൊളിച്ച പാർട്ടികളാണ് കോൺഗ്രസ്സും മുസ്ലിം ലീഗുമെന്ന് ജയരാജൻ ആരോപിക്കുന്നു.

എന്നാൽ സിപിഎം. പ്രവർത്തകൻ യു.കെ. കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് കള്ളുഷാപ്പിലെ സംഘർഷത്തിലാണെന്നും ആരാധനാലയം സംരക്ഷിക്കുമ്പോൾ കൊല്ലപ്പെട്ടുവെന്ന് പറയുന്നത് സിപിഎം. ഉണ്ടാക്കിയ കെട്ടുകഥയാണെന്നും സുധാകരൻ ആരോപിക്കുന്നു.