തിരുവനന്തപുരം:ദേശീയ തലത്തിൽ തകർന്നടിഞ്ഞ കോൺഗ്രസിനെ പുനരദ്ധരിക്കാൻ ഭാരത് ജോഡോയുമായി രാഹുൽ ഗാന്ധി എത്തുമ്പോൾ സംഘടനാശേഷി തെളിയിക്കാൻ കേരളത്തിലെ കോൺഗ്രസും ഒരുങ്ങുന്നു. കെ.സുധാകരനും. വിഡി സതീശനും മുന്നിൽ നിന്ന് പടനയിക്കുമ്പോൾ ഷാഫിപറമ്പിൽ യൂത്ത് കോൺഗ്രസ് നിരയുമായി പിന്നണിയിൽ അണി നിരക്കും.

വലിയകടമ്പകൾ മറികടന്നാണ് കെ.സുധാകരനും. വിഡി സതീശനും നേതൃനിരയിലെക്ക് എത്തിയത്. കോൺഗ്രസിൽ പ്രബലമായിരുന്ന ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല ഗ്രൂപ്പുകളെ മറികടന്നു രാഹുൽഗാന്ധിയുടെ വിശ്വാസം നേടിയെടുത്താണ് ഇവർ താക്കോൽസ്ഥാനത്തെക്ക് എത്തിയത്. നിലവിൽ പ്രബലമായിരുന്ന കോൺഗ്രസ് ഗ്രൂപ്പുകൾ ഇവർക്ക് വെല്ലുവിളിയുയർത്തുന്നില്ല. ആദ്യം പടലപിണക്കങ്ങളുമായി നിന്ന ഉമ്മൻ ചാണ്ടിയും രമേശും ഇപ്പോൾ അനുനയിച്ച മട്ടാണ്.

എന്നാൽ വിശ്വസിച്ച് രാഹുൽ ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിർവഹിക്കുന്നു എന്ന് നേതാവിനെ ബോധ്യപ്പെടുത്തേണ്ടത് തങ്ങളുടെ ആവിശ്യമാണ് എന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വിശ്വസിക്കുന്നു. ഇരുവരേയും സ്ഥാനം ഏൽപ്പിച്ചതിൽ മുഖ്യ പങ്ക് വഹിച്ച കെ.സി വേണുഗോപാലും കരുത്ത് തെളിയിക്കാനാണ് കെ.സുധാകരനോടും . വിഡി സതീശനോടും ആവിശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സ്ഥിതി മെച്ചപ്പെടുന്നുണ്ട് എന്ന് തന്നെയാണ് രാഹുലും വിശ്വസിക്കുന്നത്.

തൃക്കാക്കരയിലെ വലിയ തിരഞ്ഞെടുപ്പ് വിജയം ഇവരുടെ നേതൃത്വത്തിന്റെ മികവ് കൂടിയാണ് എന്ന് ഹൈക്കമാന്റ് വിശ്വസിക്കുന്നു. അണികൾക്കിടയിലും ഈ ആത്മവിശ്വാസം പ്രകടമാണ്. ഒന്നാം പിണറായി സർക്കാറിനെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസിന് അടിപതറിയപ്പോൾ രണ്ടാം പിണറായി സർക്കാറിനെ നിയമസഭയിലും പുറത്തും ശക്തമായി പ്രതിരോധിക്കുന്ന വി.ഡി സതീശനും കെ.സുധാകരനും അണികളിൽ വലിയ ആവേശമായിട്ടുണ്ട്.

പിണറായി ഒന്ന് പറഞ്ഞാൽ പത്ത് തിരിച്ചു പറയാനും പ്രതിരോധിക്കാനുമുള്ള സാമർത്ഥ്യം വി.ഡി സതീഷൻ പ്രകടിപ്പിക്കുമ്പോൾ സ്വതസിദ്ധമായ ശൈലിയിൽ സുധാകരൻ ആക്രമിച്ചു സിപിഎം നേയും പിണറായിയെയും വിഷമത്തിലാക്കുന്നത് കേരളത്തിലെ കോൺഗ്രസിന്റെ തിരിച്ചു വരവിന് വലിയ വഴിയാണ് ഒരിക്കിയിരിക്കുന്നത്. ഈ ഘട്ടത്തിലാണ് കന്യാകുമാരി മുതൽ കശ്മീർ വരെ 'ഭാരത് ജോഡോ എന്ന പേരിൽ രാഹുൽ ഗാന്ധി ഭാരതയാത്രയുമായി എത്തുന്നത്. യാത്ര കേരളത്തിൽ വിജയിപ്പിക്കുകയും കരുത്ത് തെളിയിക്കാനുമായിട്ടാണ് വി.ഡി സതീശനും കെ. സുധാകരനും അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്.

'ഭാരത് ജോഡോ' യാത്രയുടെ ഭാഗമായി തൃശൂരിൽ മഹാറാലി സംഘടിപ്പിക്കാൻ കെപിസിസി നേതൃയോഗം തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ചേർന്നു 'ഭാരത് ജോഡോ' യാത്രയുടെ കൺട്രോൾ റൂം കെപിസിസി ഓഫിസിൽ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു.

തേക്കിൻകാട് മൈതാനത്തു മഹാറാലിയിൽ 5 ലക്ഷം പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് ആലോചന. ജാഥ കടന്നു പോകാത്ത 7 ജില്ലകളിലെ പ്രവർത്തകരെ സമീപ ജില്ലകളിലെ സ്വീകരണ കേന്ദ്രങ്ങളിൽ പങ്കാളികളാക്കും. കേന്ദ്രങ്ങൾ പിന്നീട് അറിയിക്കും.യാത്ര വിജയിപ്പിക്കുന്നതിനുള്ള ചെലവുകൾക്കായി ഓരോ ബൂത്ത് കമ്മിറ്റിക്കും 50,000 രൂപയുടെ കൂപ്പണുകൾ നൽകും. 11 ന് കേരളത്തിൽ പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്ര 19 ദിവസ പര്യടനത്തിനു ശേഷം നിലമ്പൂർ വഴി 30 ന് ഗൂഡല്ലൂരിലേക്കു കടക്കും.

ദേശീയതലത്തിൽ തീരുമാനിക്കുന്ന 100 സ്ഥിരം പദയാത്രികർക്കു പുറമേ, സംസ്ഥാനത്തു നിന്നും 100 പേരുണ്ടാകും. ഇവരുടെ പട്ടിക കെപിസിസി തയാറാക്കും. ഇവർക്കു പരിശീലനവും നൽകും.യാത്രയുടെ വിജയത്തിനായി 16 മുതൽ 4 ദിവസത്തിനകം ജില്ലാ പ്രവർത്തക കൺവൻഷനുകൾ ചേരാനും സ്വാഗത സംഘം രൂപീകരിക്കാനും ഡിസിസി പ്രസിഡന്റുമാരോടു നിർദ്ദേശിച്ചു.തുടർന്ന് ബൂത്ത് തലം വരെ കൺവൻഷനുകൾ ചേരണം. യാത്രയുടെ കേരളത്തിലെ ഏകോപനം കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനാണ്.