പത്തനംതിട്ട: ഞാൻ നെഞ്ചുവേദന അഭിനയിക്കുകയില്ല, കേസുകളെ സധൈര്യം നേരിടുമെന്ന് കെ സുരേന്ദ്രൻ. തന്നെ ജയിലിൽ അടച്ചതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഗൂഢാലോചനയാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. എന്തൊക്കെ പ്രശ്‌നം വന്നാലും ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നില കൊള്ളും. തന്നെ ജയിലിൽ അടക്കുക എന്ന ഉദ്ദേശത്തോട് കൂടി മുഖ്യമന്ത്രിയും ഈ സർക്കാരും മനപ്പൂർവ്വം കെട്ടി ചമച്ച കള്ളക്കേസുകളാണ് എല്ലാമെന്നാണ് കെ സുരേന്ദ്രൻ ആരോപിക്കുന്നത്. തനിക്കെതിരെ എടുക്കുന്നതെല്ലാം കള്ളക്കേസുകളാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കാൻ ഇരിക്കയാണ്.

അതേസമയം ഇത്തവണത്തെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ നിന്നും തന്നെ മാറ്റി നിർത്താനുള്ള സിപിഎമ്മിന്റെ അടവാണ് തനിക്കെതിരെയുള്ള ഈ കള്ളക്കെസുകൾ. എന്നാൽ താൻ ഇതെല്ലാം സധൈര്യം നേരിടുമെന്നുമാണ് കോടതിയിലേക്ക് കൊണ്ടു പോകവെ കെ സുരേന്ദ്രൻ പറഞ്ഞത്. വി.വി രാജേഷ് അടക്കം നിരവധി ബിജെപിക്കാരാണ് ജയിലിന് മുന്നിൽ സുരേന്ദ്രനെ കാത്തുനിന്നത്. അതേസമയം സുരേന്ദ്രനെതിരെയുള്ള കേസുകൾ ബിജെപിക്ക് ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ് പരിവാറുകാർ. സുരേന്ദ്രനെ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുന്നു എന്നും കള്ളക്കേസിൽ കുടുക്കിയിരിക്കുന്നു എന്നും പ്രചരണം നടത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി വട്ടം കൂട്ടുന്നത്.

ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. ശബരിമല ദർശനത്തിനെത്തിയ 52 കാരിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റമാണ് പൊലീസ് കെ. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ നേരത്തേ അറസ്റ്റിലായ ഇലന്തൂർ സ്വദേശി സൂരജിന്റെ ഫേസ്‌ബുക്ക് പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘർഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് സുരേന്ദ്രനെ കേസിൽ പ്രതി ചേർത്തത്.

കെ.സുരേന്ദ്രന് പുറമേ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കരി, വി.വി.രാജേഷ്, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആർ.രാജേഷ്, യുവമോർച്ച അധ്യക്ഷൻ പ്രകാശ് ബാബു എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ജാമ്യം കിട്ടിയാലും കണ്ണൂർ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിൽ ജാമ്യം ലഭിക്കാതെ കെ.സുരേന്ദ്രന് ജയിൽ മോചിതനാകാൻ കഴിയില്ല.