തിരുവനന്തപുരം: ആദ്യം അവർ ജാമ്യം നിഷേധിക്കാൻ ആവുന്നത് ചെയ്തു. അതെല്ലാം മറികടന്ന് ജാമ്യം കിട്ടിയപ്പോൾ രായ്ക്കു രാമാനം ആരുമറിയാതെ ജയിലിൽ നിന്ന് പുറത്തിറക്കാൻ ശ്രമിച്ചു. പക്ഷേ, അഗ്‌നിപരീക്ഷകൾ താണ്ടി കെ സുരേന്ദ്രൻ പകൽ വെളിച്ചത്തിൽ പുറത്തു വന്നപ്പോൾ പൊളിഞ്ഞത് ബിജെപിയിൽ ഒരു വിഭാഗത്തിന്റെയും സർക്കാരിന്റെയും കണക്കു കൂട്ടലുകളായിരുന്നു. ഹൈക്കോടതി സുരേന്ദ്രന് നൽകിയ ജാമ്യം എക്സിക്യൂട്ട് ചെയ്യേണ്ട ചുമതല റാന്നി കോടതിക്കായിരുന്നു. ഇതു സംബന്ധിച്ച രേഖകൾ ജാമ്യം ലഭിച്ച വെള്ളിയാഴ്ച രാത്രി തന്നെ ജയിലിൽ എത്തിച്ച് പാതിരാക്ക് സുരേന്ദ്രനെ ആരുമറിയാതെ ഇറക്കി വിടാനായിരുന്നു നീക്കം.

സംഗതി പിടികിട്ടിയ സുരേന്ദ്രൻ പക്ഷം നടത്തിയ നീക്കങ്ങളാണ് എതിർപക്ഷത്തിന് തിരിച്ചടിയായത്. വെള്ളിയാഴ്ച രാവിലെയാണ് ്സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ഉച്ച കഴിഞ്ഞ് 2.40 ന് വിധിപ്പകർപ്പ് കൈയിൽ കിട്ടി. ഇതുമായി സുരേന്ദ്രൻ പക്ഷക്കാർ റാന്നി കോടതിയിൽ എത്തി. അവിടെ നിന്ന് എക്സിക്യൂട്ട് ചെയ്യാനുള്ള പേപ്പർ തയാറാക്കിയപ്പോഴേക്കും വൈകിട്ട് അഞ്ചു മണി കഴിഞ്ഞിരുന്നു. ഈ സമയം റാന്നിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചാൽ രാത്രി 8.30 ന് അവിടെ എത്താമായിരുന്നു. ജയിലിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി 9 മണിക്കകം സുരേന്ദ്രന് പുറത്തിറങ്ങാമായിരുന്നു. ഇതിനുള്ള കരുക്കൾ നീക്കി ബിജെപിയിൽ ഒരു വിഭാഗം രംഗത്തുണ്ടായിരുന്നു. സർക്കാരിനും ഇതേ നിലപാടായിരുന്നു.

9.30 വരെ സമയപരിധി ജയിൽ സൂപ്രണ്ടും അനുവദിച്ചിരുന്നു. ഇതിന് പിന്നിലെ കളികൾ മനസിലാക്കിയ സുരേന്ദ്രന്റെ അഭിഭാഷകനും ഒപ്പമുണ്ടായിരുന്നവരും കോടതി പരിസരത്ത് തങ്ങി. ഈ സമയത്തിനിടയ്ക്ക് സെൻട്രൽ ജയിലിൽ നിന്ന് കോടതിയിലേക്ക് നിരന്തരം വിളി എത്തുകയായിരുന്നു. ഉത്തരവ് വേഗം നൽകണമെന്നായിരുന്നു നിർദ്ദേശം. ഉത്തരവുമായി അഭിഭാഷകൻ പോയി എന്ന് ബഞ്ച് ക്ലാർക്ക് പറഞ്ഞതോടെ അദ്ദേഹത്തെ തേടിയുള്ള നെട്ടോട്ടമായി. ഒരു വിധത്തിൽ അദ്ദേഹത്തിന്റെ നമ്പർ സംഘടിപ്പിച്ച് വിളിച്ചപ്പോൾ തങ്ങൾ എത്തുകയാണെന്ന് മറുപടി. എന്തായാലും അധികം തിരക്ക് കൂട്ടാതെ വാഹനം അവിടെയും ഇവിടെയുമൊക്കെ നിർത്തി അഭിഭാഷകനും സംഘവും തിരുവനന്തപുരത്ത് ചെന്നപ്പോൾ മണി പത്തര.

ഇന്നിനി ഇറക്കാൻ കഴിയില്ലെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചതോടെ എതിർപക്ഷത്തിന് നിരാശ. സുരേന്ദ്രൻ പിറ്റേന്ന് രാവിലെ 10.30 ന് രാഹുകാലം കഴിഞ്ഞതിന് ശേഷമായിരുന്നു പുറത്തു വന്നത്. തലേന്ന് രാത്രിയിൽ ആരുമറിയാതെ പുറത്തിറങ്ങിയിരുന്നെങ്കിൽ സുരേന്ദ്രന് യാതൊരു മൈലേജും കിട്ടുമായിരുന്നില്ല. പിറ്റേന്ന് വൻ ജനക്കൂട്ടത്തിന് നടുവിലേക്കാണ് സുരേന്ദ്രൻ ഇറങ്ങിയത്. ചാനലുകൾ ഇത് ലൈവ് ചെയ്യുകയും ചെയ്തു. ഇത് ഏറ്റവും വലിയ തിരിച്ചടിയായത് ബിജെപിയിലെ എതിർപക്ഷത്തിനാണ്. സിപിഎമ്മിലേയും ബിജെപിയിലേയും സുഹൃത്തുക്കൾ ഒരുമിച്ചാണ് സുരേന്ദ്രനെ രാത്രിയിൽ പുറത്തിറക്കാൻ ശ്രമം നടത്തിയത്. സുരേന്ദ്രന് ജാമ്യം കിട്ടിയപ്പോൾ തന്നെ അടുത്ത ദിവസം പുറത്തു കൊണ്ടു വന്നാൽ മതിയെന്ന് ബിജെപിയിലെ ഒരു വിഭാഗവും ആർ എസ് എസും തീരുമാനിച്ചിരുന്നു.

സുരേന്ദ്രന് വീരോചിത സ്വീകരണം ഒരുക്കാനും തീരുമാനിച്ചു. എല്ലാ പദ്ധതികളും തയ്യാറാക്കി. ഇത് മനസ്സിലാക്കിയാണ് അർദ്ധരാത്രിയിൽ ജയിൽ മോചനം ഉറപ്പാക്കാൻ തീരുമാനിച്ചത്. ഇത് ബിജെപിയിലെ മുരളീധര വിഭാഗം തിരിച്ചറിയുകയും ചെയ്തു. ഇതോടെയാണ് ആർ എസ് എസിന്റെ ശ്രദ്ധയിൽ ഈ വിഷയം എത്തിയതും. രാത്രിയിൽ മോചനം വേണ്ടെന്ന നിലപാട് എടുത്തും. ഇത് ശരിവയ്ക്കും വിധമുള്ള മാധ്യമ ശ്രദ്ധയാണ് സുരേന്ദ്രന് ലഭിച്ചതും. പഴവങ്ങാടി ക്ഷേത്രത്തിൽ ഉൾപ്പെടെ സ്വീകരണവും നൽകി. പുറത്തിറങ്ങിയ സുരേന്ദ്രന്റെ വരവ് അതിശക്തനായിട്ടാണ്. കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധ സുരേന്ദ്രന് മേൽ പതിഞ്ഞും കഴിഞ്ഞു.

ഇതോടെ ശ്രീധരൻപിള്ളയും എംടി രമേശും അടക്കമുള്ള നേതാക്കൾ അങ്കലാപ്പിലുമായിട്ടുണ്ട്. എംടി രമേശും കെ സുരേന്ദ്രനും തമ്മിലെ പ്രശ്‌നങ്ങളാണ് യാഥാർത്ഥത്തിൽ ബിജെപിയിലെ പ്രശ്‌നങ്ങൾക്ക് കാരണം. രമേശിന് മുമ്പ് യുവമോർച്ചയുടെ അധ്യക്ഷനായിരുന്ന നേതാവാണ് രമേശ്. എന്നാൽ സീനിയോറിട്ടി മറികടക്കം വിധമുള്ള ഇടപെടൽ സുരേന്ദ്രൻ നടത്തുകയും സംസ്ഥാന നേതൃത്വത്തിലെ പ്രധാനിയായി മാറുകയുമായിരുന്നു. സുരേന്ദ്രൻ പ്രസിഡന്റായാൽ ഭാരവാഹിയായി താൻ ഉണ്ടാകില്ലെന്ന് പോലും രമേശ് ഒരു ഘട്ടത്തിൽ നിലപാട് എടുത്തിരുന്നു. എന്നാൽ ശബരിമല പ്രക്ഷോഭത്തിലൂടെ സുരേന്ദ്രൻ പാർട്ടിയിലെ സംസ്ഥാനത്തെ പ്രധാന നേതാവായി മാറുകയായിരുന്നു.