കൊല്ലം: ശബരിമലയിലെ പ്രതിഷേധങ്ങളുടെ പേരിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയി. കൊട്ടാരക്കര സബ് ജയിലിൽ നിന്നുമാണ് അദ്ദേഹത്തെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. പ്രൊഡക്ഷൻ വാറണ്ട് നിലനിൽക്കുന്നതിനാൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുന്നതിനാണ് ഇദ്ദേഹത്തെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. എസ് പി ഓഫീസ് മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലാണ് സുരേന്ദ്രനെതിരെ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിരുന്നത്.

കണ്ണൂരിലേക്ക് പോകാൻ തനിക്ക് ഭയമില്ലെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിച്ചു. മരണത്തെ ഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകുന്നതിൽ എന്താണ് ഭയം വീരബലിദാനികളുടെ നാട്ടിലേക്കാണ് താൻ പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പങ്കെടുക്കാത്ത പരിപാടികളുടെ പേരിൽ പോലും കേസെടുത്തിരിക്കുകയാണ്. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് തനിക്കെതിരെ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. മനഃപൂർവം പൊലീസ് കള്ളക്കേസുകൾ ചുമത്തുകയാണ്. പല കേസുകളിലും സമൻസുകൾ ലഭിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

രാവിലെ ഒമ്പതരയോടെയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. ഇന്നു രാത്രി കോഴിക്കോട് ജയിലിൽ പാർപ്പിച്ച ശേഷം തിങ്കളാഴ്ച കണ്ണൂരിലെത്തിച്ച് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുമെന്നാണ് സൂചന. ശബരിമലയിൽ ആട്ടവിശേഷത്തിനെത്തിയ അമ്പത്തിരണ്ടുകാരിയെ ആക്രമിച്ച കേസിൽ റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സുരേന്ദ്രന് ശനിയാഴ്ച ജാമ്യം നിഷേധിച്ചിരുന്നു. നേരത്തെ സുരേന്ദ്രനെ കണ്ണൂർ ജയിലിലേക്ക് മാറ്റാൻ സർക്കാർ ഗൂഢാലോചന നടത്തുന്നായി ആരോപണമുയർന്നിരുന്നു.

സുരേന്ദ്രനെ കുടുക്കാൻ ആസൂത്രിതമായി ശ്രമങ്ങൾ നടന്നതായുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പൊലീസ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ ഗുരുതര പിഴവ്. സുരേന്ദ്രന് ബന്ധമില്ലാത്ത 5 കേസുകളിൽ അദ്ദേഹം പ്രതിയാണെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ട് പൊലീസ് പിന്നീട് തിരുത്തി. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിർക്കാനായിരുന്നു അസ്വാഭാവിക മരണം അടക്കമുള്ള 9 കേസുകളിൽ പ്രതിയാണെന്ന റിപ്പോർട്ട് പത്തനംതിട്ട കോടതിയിൽ നൽകിയത്. പമ്പ പൊലീസിനാണ് ഗുരുതര പിഴവുണ്ടായത്.

സുരേന്ദ്രനെതിരെ കന്റോൺമെന്റ് പൊലീസ് സ്‌റ്റേഷനിൽ അഞ്ചു കേസുണ്ടെന്നും നെടുമ്പാശേരിയിലും കണ്ണൂരുമായി രണ്ട് വീതം കേസുകളുമുണ്ടെന്നാണ് കോടതിയെ അറിയിച്ചത്. ഇതിൽ കന്റോൺമെന്റ് സ്‌റ്റേഷനിലെ കേസ് നമ്പരുകൾ രേഖപ്പെടുത്തിയതിലാണ് വലിയ പിഴവുണ്ടായത്. കേസ് നമ്പർ 1198/18 എന്നതു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ശശി എന്നയാളിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടുള്ളതാണ്. കേസ് നമ്പർ 705/15 എന്നത് ഇതേ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മാർഗതടസമുണ്ടാക്കിയതിന് ഓട്ടോഡ്രൈവർക്കെതിരെയെടുത്ത കേസാണ്. രണ്ട് കേസിലും സുരേന്ദ്രൻ പ്രതിയല്ല. കേസ് നമ്പർ 1284/18, 1524/17 എന്നിവയിൽ ബിജെപി നേതാക്കൾ പ്രതികളാണെങ്കിലും സുരേന്ദ്രന്റെ പേരില്ല. 1524/18 എന്ന കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുപോലുമില്ല. ശോഭാ സുരേന്ദ്രൻ പ്രതിയായ ഒരു കേസും കെ. സുരേന്ദ്രന്റെ തലയിൽ കെട്ടിവച്ചു.

കേസ് നമ്പരും വർഷവും ഫോണിലൂടെ കേട്ടെഴുതിയതിലെ പിഴവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകൾ മാത്രമേ സുരേന്ദ്രനെതിരായുള്ളൂ എന്ന് പൊലീസ് കോടതിയിൽ പുതിയ റിപ്പോർട്ട് നൽകിയിട്ടുണ്ട്. നെടുമ്പാശേരിയിലും കണ്ണൂരിലും ഓരോ കേസുകൾ വീതമാണുള്ളതെന്നാണ് പുതിയ വിശദീകരണം.

അതിനിടെ കൊട്ടാരക്കര ജയിലിൽ അടിസ്ഥാനസൗകര്യങ്ങൾ കുറവായതിനാൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സൂപ്രണ്ടിന്റെ റിപ്പോർട്ട് പരിഗണിച്ച ശേഷം കൈക്കൊള്ളാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. അതിനിടെ കെ.സുരേന്ദ്രന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപിയിൽ അസംതൃപ്തി പുകയുന്നുണ്ട്. ശ്രീധരൻ പിള്ളയും എം ടി.രമേശും അടക്കമുള്ള നേതാക്കൾ സുരേന്ദ്രന്റെ ജയിൽ വാസവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭ പരിപാടികളിൽ വിമുഖത കാട്ടുന്നു എന്നാണ് ഈ അസംതൃപ്തിക്ക് പിന്നിൽ. ശബരിമല പോലുള്ള ഒരു പ്രശ്നത്തിൽ അറസ്റ്റിലായ സുരേന്ദ്രനെ കാണാൻ ആറു ദിവസം കഴിഞ്ഞിട്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള എത്തുന്നത് എന്ന് മറുപക്ഷം ആയുധമാക്കിയിട്ടുണ്ട്. ശശികല ടീച്ചറെ അറസ്റ് ചെയ്തപ്പോൾ രാത്രിക്ക് രാത്രിയാണ് ഹർത്താൽ പ്രഖ്യാപിക്കപെട്ടത് എന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അസംതൃപ്തി നുരപൊട്ടിയതോടെ ശ്രീധരൻ പിള്ള, ശോഭാ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ് എന്നിവർ സുരേന്ദ്രനെ കാണാൻ പന്തളത്തേക്ക് തിരിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ അറസ്റ്റ് ബിജെപിയിലെ ഗ്രൂപ്പ് വഴക്കുകൾക്ക് കണക്കു തീർക്കാനുള്ള ആയുധമാകുന്നു എന്നും ബിജെപിയിൽ ആക്ഷേപമുണ്ട്. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രൻ അറസ്റ്റിലാകുന്നത്. ഇരുമുടിക്കെട്ടുമായി ദർശനവഴിയിൽ സഞ്ചരിക്കെയാണ് അറസ്റ്റ്. ശശികല ടീച്ചർ അറസ്റ്റിലായപ്പോൾ സജീവ പ്രക്ഷോഭവും ബന്തുമൊക്കെയായി ശബരിമല കർമ്മസമിതി രംഗത്തുണ്ടായിരുന്നു. പക്ഷെ സുരേന്ദ്രൻ അറസ്റ്റിലായപ്പോൾ സ്ഥിതി മാറി.

സുരേന്ദ്രൻ പ്രശ്നത്തിൽ ശബരിമല കർമ്മസമിതി രംഗത്തില്ല. ബിജെപി മാത്രമാണ് പ്രക്ഷോഭ പാതയിലുള്ളത്. സുരേന്ദ്രൻ പ്രശ്നത്തിൽ ശബരിമല കർമ്മ സമിതി രംഗത്തില്ലാത്തത് എന്തുകൊണ്ടാണ് എന്ന് ബിജെപിയിൽ നിന്നും ചോദ്യം ഉയരുന്നുണ്ട്. ഒപ്പം ശബരിമല വിഷയത്തിൽ ശ്രീധരൻ പിള്ള നടത്തുന്ന വാർത്താ സമ്മേളനങ്ങളും വിമർശനത്തിന് കാരണമാകുന്നുണ്ട്. ഇറങ്ങി പ്രവർത്തിക്കേണ്ട ഘട്ടത്തിൽ ആ പ്രക്ഷോഭത്തിനു നേതൃത്വം നൽകാതെ വാർത്താസമ്മേളനത്തിലും പത്രക്കുറിപ്പിലും ശ്രദ്ധ ചെലുത്തുന്നതിലാണ് പിള്ളയ്ക്ക് വിമർശനം നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന ലാപ്പ് വരെ പേരുള്ള നേതാവായിരുന്നു കെ,സുരേന്ദ്രൻ. ആർഎസ്എസ് എതിർപ്പ് കാരണമാണ് സുരേന്ദ്രന് അവസരം നഷ്ടമായത്.