തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രനെ നിലക്കൽ വെച്ച് പൊലീസ് അറസ്റ്റു ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ തോളിൽ മല കയറാനായി തയ്യാറാക്കിയ ഇരുമുടിക്കെട്ടുമുണ്ടായിരുന്നു. ഈ ഇരുമുടിക്കെട്ടുമായാണ് അദ്ദേഹം പൊലീസ് സ്‌റ്റേഷനിൽ പോയതും. പിന്നീട് ജയിലിൽ സൂക്ഷിച്ച ആ ഇരുമുടിക്കെട്ടും കൈയിലേന്തിയാണ് അദ്ദേഹം ഇപ്പോൾ ജയിലിന് പുറത്തിറങ്ങിയത്. ഇന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും സുരേന്ദ്രൻ പുറത്തിറങ്ങിയപ്പോൾ ഇടതു തോളിൽ ഇരുമുടിക്കെട്ടുമുണ്ടായിരുന്നു.

ബിജെപിയുടെ തലമുതിർന്ന നേതാക്കളും അണികളും അദ്ദേഹത്തെ സ്വീകരിക്കാൻ പൂജപ്പുര ജയിലിന് മുന്നിലെത്തി. മാധ്യമങ്ങളോടു സംസാരിച്ച സുരേന്ദ്രൻ ഇരുമുടിക്കെട്ടിന്റെ കാര്യത്തിൽ പാർട്ടി പറയുന്നതു പോലെ ചെയ്യുമെന്നും വ്യക്തമാക്കി. തനിക്ക് പ്രധാനം ആ ഇരുമുടിക്കെട്ട് സൂക്ഷിക്കുക എന്നതായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇരുമുടിക്കെട്ടിന് യാതൊരു കളങ്കവും ഉണ്ടായിട്ടില്ലെന്നും പാർട്ടി നിശ്ചയിക്കുന്നത് പ്രകാരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ സുരേന്ദ്രന്റെ ജയിൽവാസവുമായി ബന്ധപ്പെട്ട് ഇരുമുടിക്കെട്ടിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. നേരത്തെ ചിറ്റാർ പൊലീസ് സ്റ്റേഷനിൽ വെച്ച് കെ.സുരേന്ദ്രൻ തന്റെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് മനഃപൂർവ്വം താഴെയിടാൻ ശ്രമിച്ചെന്ന ആരോപണങ്ങളും പുറത്തുവരികയുണ്ടായി. ഈ ആരോപണം ഉന്നയിച്ചത് ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രനായിരുന്നു. അതുകൊണ്ട് തന്നെയാണ് സുരേന്ദ്രൻ ഇരുമുടിക്കെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോഴും സൂക്ഷിച്ചത്.

നേരത്തെ പൊലീസ് ഇരുമുടിക്കെട്ട് താഴെയിട്ടെന്നും തന്നെ നിലത്തിട്ട് വലിച്ചിഴച്ചെന്നുമായിരുന്നു സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ സുരേന്ദ്രൻ ഇരുമുടിക്കെട്ട് രണ്ട് തവണ താഴെയിടുന്നതും രണ്ടുതവണയും എസ്‌പി തിരിച്ച് ചുമലിൽ വെച്ചുകൊടുക്കുന്നതുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സ്റ്റേഷനിലെ സിസി ടിവി ക്യാമറ ഒപ്പിയെടുത്തതുൾപ്പെടെ മൂന്ന് വീഡിയോകളാണ് മന്ത്രി ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.

സന്നിധാനത്ത് വെച്ച് തീർത്ഥാടകയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കർശന ഉപാധികളോടെ ഇന്നലെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയിൽ പൂർത്തീകരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോൾ ഏഴു മണി കഴിഞ്ഞതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനായിരുന്നില്ല. ഇതോടെയാണ് ഒരു ദിവസം കൂടി ജയിൽവാസം നീണ്ടത്.

21 ദിവസത്തിനുശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. ഇക്കാലയളവിൽ സുരേന്ദ്രന്റെ അറസറ്റ് ബിജെപിയിൽ വലിയ ചേരിതിരിവിനും കാരണമായി. അറസ്റ്റിനെതിരെ പാർട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി.മുരളീധരൻ അടക്കമുള്ളവരുടെ വിമർശിച്ചിരുന്നു. എന്നാൽ, പുറത്തിറങ്ങിയപ്പോൾ പാർട്ടിക്ക് മൊത്തം ഊർജ്ജം പപകരുന്ന കാര്യമായി മാറുകയും ചെയ്തു.