- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സ്വിഫ്റ്റ് ഷൈൻ ചെയ്താൽ ദീർഘദൂര സർവ്വീസുകളിലെ ആധിപത്യം നഷ്ടപ്പെടും; തുടർച്ചയായ അപകടങ്ങൾക്ക് പിന്നിൽ സ്വകാര്യ ബസ് ലോബിയുടെ പങ്ക് സംശയിച്ച് കെഎസ്ആർടിസി എംഡിയും ഗതാഗത മന്ത്രിയും; ജീവനക്കാരുടെ പരിചയക്കുറവ് കൊണ്ടെന്നും വാദം; അപകടത്തിൽ ദുരൂഹത പുകയുന്നു
തിരുവനന്തപുരം: കന്നി യാത്രയിൽ തന്നെ അപകടങ്ങൾ. ഏറെ പ്രതീക്ഷയോടെ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് രണ്ടു തവണ അപകടത്തിൽ പെട്ടതാണ് ദുരൂഹത ആരോപിക്കാൻ കാരണം. സർവ്വീസ് ആരംഭിച്ച് 24 മണിക്കൂറാകുന്നതിനു മുമ്പ് രണ്ട ബസ്സുകൾ അപകടത്തിൽപെട്ടു. രണ്ട് സംഭവങ്ങളിലും യാത്രക്കാർക്ക് പരിക്കില്ലെങ്കിലും ബസ്സുകൾക്ക് കേടുപാടുണ്ട്. അപകടത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കെഎസ്ആർടിസി ഡിജിപിക്ക് പരാതി നൽകി.
കെ സ്വിഫ്റ്റ് ബസ് അപകടത്തിൽ ദുരൂഹതയുള്ളതായി സംശയമുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും പറഞ്ഞു. അപകടം മനഃപൂർവ്വമാണെന്നാണ് സംശയമുള്ളത്. സ്വകാര്യ ബസ് ലോബികളുടെ പങ്ക് അന്വേഷിക്കും. വിശദമായ അന്വേഷണം നടത്തുമെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത പദ്ധതിപ്രകാരം സർവീസ് ആരംഭിച്ച ആദ്യ ബസ് തിരുവനന്തപുരത്ത് അപകടത്തിൽ പെട്ടിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമായിരുന്നു സെമി സ്ലീപ്പർ ബസ് ആദ്യം അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് ലോറിയുമായി ഉരസിയായിരുന്നു അപകടം. അപകടത്തിൽ സൈഡ് മിറർ തകരുകയും ചെയ്തു. ഏകദേശം 35000 രൂപയുടെ നഷ്ടമാണുണ്ടായത്. തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ മറ്റൊരു മിറർ ഘടിപ്പിച്ചാണ് യാത്ര പുനഃരാരംഭിച്ചത്. പിന്നീട് കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തിയപ്പോൾ മറ്റൊരു വാഹനവുമായി ഉരസി സൈഡ് ഇൻഡിക്കേറ്ററിന് സമീപം കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു.
പദ്ധതിയുടെ ഭാഗമായി റോഡിലിറങ്ങിയ രണ്ടാമത്തെ ബസും അപകടത്തിൽപെട്ടു. മലപ്പുറം ചങ്കുവെട്ടിയിൽ വെച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. യാത്രക്കാർക്ക് പരിക്കില്ല.
അതേസമയം കെ-സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസ് അപകടത്തിൽപ്പെട്ടതിൽ ഗൂഢാലോചന സംശയിക്കുന്നതായി കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സി ഏത് പുതിയ ബസ് ഇറക്കിയാലും അത് അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് സി.എം.ഡി പറഞ്ഞു. ഇതിനു പിന്നിൽ സ്വകാര്യ ബസ് ലോബിക്ക് പങ്കുണ്ടോയെന്ന സംശയവും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനുണ്ട്. ബിജു പ്രഭാകർ ഇപ്പോൾ ബംഗളൂരുവിലാണുള്ളത്. അദ്ദേഹം തിരിച്ചെത്തിയ ശേഷം ഡി.ജി.പിക്ക് പരാതി നൽകാനാണ് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് ആലോചിക്കുന്നത്.
സംസ്ഥാനത്തെ പൊതുഗതാഗതമേഖലയിൽ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീർഘദൂര സർവീസുകൾക്കായി സർക്കാർ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്. സർക്കാർ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസുകളുമായാണ് തുടക്കം. ഇതിൽ എട്ട് എ.സി സ്ലീപ്പറുകളും 20 എ.സി സെമി സ്ലീപ്പറുകളും ഉൾപ്പെടുന്നു.
ദീർഘദൂര സർവ്വീസുകളിലെ ആധിപത്യം നഷ്ടപ്പെടുമെന്ന സ്വകാര്യ ലോബിയുടെ ആശങ്കയാണിതിന് പിന്നിലെന്നാണ് സംശയം. അപകടങ്ങളിൽ കെഎസ്ആർടിസി എംഡി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനിയിലെ ജീവനക്കാരെല്ലാം കരാർ വ്യവസ്ഥയിലുള്ളവരാണ്. വോൾവോ അടക്കമുള്ള ബസ്സുകൾ ഓടിച്ച് കാര്യമായ പരിചയം ഇല്ലാത്തവരാണ് ഭൂരിഭാഗം പേരുമെന്ന ആക്ഷേപവും ശക്തമാണ്. അപകടങ്ങൾക്ക് പിന്നിൽ ഈ പരിചയക്കുറവാണെന്നും വിമർശനമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ