- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നിയാത്രയിൽ കെ-സ്വിഫ്റ്റ് ബസിന് അപകടം; ലോറിയുമായി ഉരസി സൈഡ് മിറർ തകർന്നു; പിന്നിൽ സ്വകാര്യ ലോബിയെന്ന് കെഎസ്ആർടിസി; ഡിജിപിക്ക് പരാതി നൽകി സിഎംഡി ബിജു പ്രഭാകർ; പുതിയ ബസുകൾ ഇറങ്ങുമ്പോൾ അപകടങ്ങൾ തുടർക്കഥ
തിരുവനന്തപുരം: മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് ബസ് ആദ്യ യാത്രയിൽ അപകടത്തിൽപ്പെട്ടതിൽ ദുരൂഹത. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. കല്ലമ്പലത്തിന് സമീപത്തു വച്ച് എതിർദിശയിൽനിന്നു വന്ന ലോറിയിൽ തട്ടി ബസിന്റെ സൈഡ് മിറർ തകർന്നു.
ബസിന്റെ ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പകരം കെഎസ്ആർടിസിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ് ആർടിസി എംഡി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. സ്വകാര്യലോബിയാണ് അപകടത്തിന് പിന്നിലെന്നാണ് കെഎസ്ആർടിസിയുടെ ആരോപണം.
കെഎസ്ആർടിസിയുടെ പുതിയ ബസുകൾ ഇറങ്ങുമ്പോൾ അപകടം തുടർക്കഥയാകുന്നതായാണ് ആരോപണം. പിന്നിൽ സ്വകാര്യലോബിയുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് സിഎംഡി ആവശ്യപ്പെട്ടു. അപകടം വരുത്തിയ ലോറി പിടിച്ചെടുക്കണമെന്നും ഡ്രൈവറെ കസ്റ്റഡിയിലെടുക്കണമെന്നുമാണ് കെഎസ്ആർടിസി ആവശ്യപ്പെടുന്നത്.
ബസുകളെ കട്ടപ്പുറത്താക്കി സ്വിഫ്റ്റ് സർവീസിനെ പൊളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ അപകടം എന്നാണ് കെഎസ്ആർടിസി അധികൃതർ സംശയിക്കുന്നത്. ഇതിനുമുമ്പും കെഎസ്ആർടിസി പുതുതായി ഒരു സർവീസ് ആരംഭിച്ചാൽ ആ ബസുകൾ പലതും അപകടത്തിൽപ്പെടുന്ന ചരിത്രമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അപകടത്തിൽ
ദുരൂഹതയുണ്ടെന്ന് സംശയിച്ച് കെഎസ്ആർടിസി അന്വേഷണം ആവശ്യപ്പെടുന്നത്.
ബസിന്റെ മുൻഭാഗത്തിന് നേരിയ കേടുപാടുകൾ സംഭവിച്ചു. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും പരുക്കില്ല. സമീപത്തെ വർക്ക് ഷോപ്പിൽ കയറ്റി കെഎസ്ആർടിസിയുടെ പഴയ മിറർ ഘടിപ്പിച്ച ശേഷമാണ് ബസ് സർവ്വീസ് പൂർത്തിയാക്കിയത്. പിന്നീട് കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തിയ സമയത്ത് മറ്റൊരു വാഹനവുമായും ഉരസിയും ബസിന്റെ സൈഡ് ഇൻഡിക്കേറ്ററിന് സമീപം കേടുപാടുണ്ടായി.
കോടികൾ വലിയുള്ള ബസുകളാണ് കെ-സ്വിഫ്റ്റിന്റെ ഭാഗമായി കെഎസ്ആർടിസി റോഡിലിറക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ബസ് അപകടത്തിൽപ്പെടുമ്പോൾ വലിയ നഷ്ടം കെഎസ്ആർടിസിക്കുണ്ടാകും.
സംസ്ഥാനത്തെ പൊതുഗതാഗതമേഖലിയിൽ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആർടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീർഘദൂര സർവ്വീസുകൾക്കായി സർക്കാർ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്. സർക്കാർ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം, ഇതിൽ 8 എസി സ്‌ളീപ്പറും, 20 എസി സെമി സ്‌ളീപ്പറും ഉൾപ്പെടുന്നു.
കെഎസ്ആർടിസിയുടെ ദയാവധത്തിന് വഴിവക്കുന്നുവെന്നാരാപോപിച്ച് ഐഎൻടിയുസി, ബിഎംഎസ് ആഭിമുഖ്യത്തിലുള്ള പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ചടങ്ങ് ബഹിഷ്‌കരിച്ചു. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്നലെ പ്രതിഷേധ ദിനവും സംഘടിപ്പിച്ചു. ഭരണാനുകൂല സംഘടനയും ചടങ്ങിൽ നിന്ന് വിട്ടു നിന്നു. വിവാദങ്ങക്കുറിച്ച് ഒന്നും പറയാതെ, ആശംസകൾ രണ്ട് വാചകങ്ങളിലൊതുക്കി മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫിനു ശേഷം വേദി വിട്ടു.
ശമ്പളം വിതരണം വൈകുന്നതിലുള്ള കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് കനത്ത സുരക്ഷാ ക്രമീകരണത്തിലാണ് കെ സ്വിഫ്റ്റ് ഉദ്ഘാടന ചടങ്ങ് നടന്നത്. യാത്ര സുഖം, സുരക്ഷിതത്വം, ന്യായമായ നിരക്ക് എന്നിവ കെഎസ്ആര്ടിസി സ്വിഫ്റ്റിലൂടെ അധികൃതർ ഉറപ്പ് നൽകുന്നുണ്ട്. കരാർ ജീവനക്കാരാണ് കെ സ്വിഫ്റ്റിലുള്ളത്. അതേസമയം കെ സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നൽകിയ കേസിൽ കോടതിവിധിയുടെ അടിസഥാനത്തിലായിരിക്കും കമ്പനിയുടെ ഭാവി.
മറുനാടന് മലയാളി ബ്യൂറോ