കൊല്ലം: മാറി മാറി വരുന്ന ഭരണക്കാരുടെ കറവപ്പശുവാണ കെ.എസ്.ആർ.ടി.സി എന്ന പ്രസ്ഥാനം. ഇതിനോടകം തന്നെ സർക്കാറിന് ഈ കോർപ്പറേഷൻ വരുത്തിവെച്ച ബാധ്യതകളുടെ കണക്കു പരിശോധിച്ചാൽ എല്ലാവരും ഞെട്ടും. യൂണിയനുകളുടി പിടിവാശി കൂടി ആയതോടെ കോർപ്പറേഷന്റെ നഷ്ടക്കണക്കുകൾ വർധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കെ സ്വിഫ്റ്റ് സംവിധാനം ഏർപ്പെടുത്തി സർക്കാർ രംഗത്തുവരുന്നത്. കെ സ്വിഫ്റ്റ് സംവിധാനം ലാഭകരമായി വളരുന്നതോടെ കെഎസ്ആർടിസിക്ക് അകാല ചരമം ഒരുങ്ങുമെന്നാണ് വിലയിരുത്തൽ.

സർക്കാർ പുതുതായി രൂപവത്കരിച്ച കെ-സ്വിഫ്റ്റ് കൈയടക്കുന്നത് കെ.എസ്.ആർ.ടി.സി.യുടെ വരുമാനമുള്ള ദീർഘദൂര ഷെഡ്യൂളുകളാണെന്നതിൽ നിന്നും ഇക്കാര്യം വ്യക്തമാകും. 27 ദീർഘദൂര ഷെഡ്യൂളുകൾ ഇതുവരെ കെ-സ്വിഫ്റ്റിന് കൈമാറിക്കഴിഞ്ഞു. ഇവ ഓപ്പറേറ്റ് ചെയ്യുന്നതിനായി 57 ബസുകളാണ് സർവീസ് നടത്തുന്നത്. 1969 മുതൽ കെ.എസ്.ആർ.ടി.സി. സർവീസ് നടത്തിവരുന്ന കണ്ണൂർ-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ ഡീലക്‌സ് സൂപ്പർ സർവീസ് കൈമാറിയിട്ടുണ്ട്.

സുൽത്താൻബത്തേരി-തിരുവനന്തപുരം റൂട്ടിലെ രണ്ട് ഡീലക്‌സുകളും കെ-സ്വിഫ്റ്റ് ബസുകളാണ് ഓടിക്കുന്നത്. കൊട്ടാരക്കര, എറണാകുളം, പത്തനംതിട്ട, കണ്ണൂർ, നിലമ്പൂർ, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിൽനിന്ന് കൊല്ലൂർ മൂകാംബിക, മൈസൂരൂ, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്ക് നടത്തിയിരുന്ന സർവീസുകളും കെ.എസ്.ആർ.ടി.സി.ക്ക് നഷ്ടമായി. തിരുവനന്തപുരം സെൻട്രൻ ഡിപ്പോയിൽനിന്ന് സർവീസ് നടത്തിയിരുന്ന തിരുവനന്തപുരം-കോഴിക്കോട് (രാത്രി 7.30), തിരുവനന്തപുരം-നിലമ്പൂർ (രാത്രി 7.45), തിരുവനന്തപുരം-കോഴിക്കോട് (രാത്രി 10.20) എന്നീ ഡീലക്‌സ് സർവീസുകൾക്കുപകരം കെ-സ്വിഫ്റ്റ് ബസുകളാണ് ഓടിക്കുന്നത്. 35,000 രൂപയ്ക്കുമുകളിൽ പ്രതിദിനവരുമാനം ലഭിച്ചിരുന്ന സർവീസുകളാണ് മിക്കവയും.

ഓർഡിനറി സർവീസ് വഴി ഉണ്ടാകുന്ന നഷ്ടം നികത്താൻ വലിയ വരുമാനമുള്ള ദീർഘദൂര ഷെഡ്യൂളുകൾ കെ.എസ്.ആർ.ടി.സി.ക്ക് ഗുണകരമായിരുന്നു. ഇവയെല്ലാം ഘട്ടംഘട്ടമായി കെ-സ്വിഫ്റ്റിന് കൈമാറുകയാണ്. ഈ റൂട്ടുകളിൽ ഓടിക്കൊണ്ടിരുന്ന ഡീലക്‌സ് ബസുകൾ ഇപ്പോൾ കെ.എസ്.ആർ.ടി.സി. കയറ്റിയിട്ടിരിക്കുകയാണ്. കെ-സ്വിഫ്റ്റ് സർവീസുകൾ പൂർണതോതിലാകുമ്പോൾ ഡീലക്‌സ് ബസുകളെ ബൈപ്പാസ് റൈഡറുകളായി മാറ്റുമെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നത്. എന്നാൽ കോവിഡ് കാലത്ത് കയറ്റിയിട്ട ബസുകളെപ്പോലെ ഇവയും നശിച്ചുപോകുമെന്ന് ആശങ്കയുണ്ട്.

കെ-സ്വിഫ്റ്റ് കെ.എസ്.ആർ.ടി.സി.യുടെ റൂട്ടോ ഷെഡ്യൂളോ കൈയേറില്ലെന്നും സ്വകാര്യ, സമാന്തര വാഹനങ്ങൾ ജനങ്ങളെ ചൂഷണംചെയ്യുന്ന റൂട്ടുകളിലേക്ക് കടന്നുചെല്ലുമെന്നുമാണ് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നതെന്നും ഇതിന് കടകവിരുദ്ധമായാണ് പ്രവർത്തനമെന്നും ഐ.എൻ.ടി.യു.സി., ബി.എം.എസ്., എ.ഐ.ടി.യു.സി. യൂണിയനുകൾ പറയുന്നു.

അതേസമയം നിലവിലുള്ള കെഎസ്ആർടിസി ഷെഡ്യൂളുകൾക്ക് പകരമായി കെ സ്വിഫ്റ്റ് ബസുകൾ അനുവദിച്ചുള്ള ഉത്തരവിൽ പ്രതിഷേധവുമായി കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും രംഗത്തുവന്നിരുന്നു. കെഎസ്ആർടിസിക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന സർവീസുകൾ സ്വിഫ്റ്റിലേക്ക് മാറ്റി തൊഴിലാളികളെയടക്കം വഞ്ചിക്കുന്നുവെന്നാണ് ആക്ഷേപം.

കെഎസ്ആർടിസിയെ സ്വിഫ്റ്റ് പദ്ധതി ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു ഗതാഗത മന്ത്രി ഉൾപ്പടെ പറഞ്ഞിരുന്നത്. കെ സ്വിഫ്റ്റ് ബസുകൾ ദീർഘദൂര സർവീസുകളെ കവർന്നെടുക്കുമെന്നും കെഎസ്ആർടിസിയെ തകർക്കുമെന്നും പ്രതിപക്ഷ സംഘടനകളും വാദിച്ചു. കൊട്ടാരക്കര കൊല്ലൂർ, നിലമ്പൂർ ബാംഗ്ലൂർ ഉൾപ്പടെയുള്ള വരുമാനം അധികമായി ലഭിക്കുന്ന സർവീസുകൾ കെ- സ്വിഫ്റ്റിലേക്ക് മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം ഉടലെടുത്തത്.

കോർപ്പറേഷന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യൂണിയനുകളുടെ തീരുമാനം. ഒരു വർഷത്തിനുള്ളിൽ കെഎസ്ആർടിസിയുടെ 700 സൂപ്പർ ഫാസ്റ്റ് സർവീസുകൾ സ്വിഫ്റ്റിലേക്ക് മാറ്റാനാണ് മാനേജ്‌മെന്റ് തീരുമാനം. സ്വിഫ്റ്റ് ബസ്സുകളുടെ വരുമാനമടക്കം മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നുമുണ്ട്.