തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ ആരോപണങ്ങളെ പ്രതിരോധിച്ച് മുൻ മന്ത്രി കെ ടി ജലീൽ. സ്വപ്‌നയുടെ ആരോപണങ്ങൾ നിഷേധിച്ച ജലീൽ അവർ പച്ചക്കള്ളമാണ് പറയുന്നതെന്നും ആവർത്തിച്ചു. അന്വേഷണ ഏജൻസികൾക്ക് ഏത് സമയവും തന്റെ വീട്ടിലേക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സ്വത്ത് ആർക്ക് വേണമെങ്കിലും പരിശോധിക്കാം. മാന്യമായി പൊതുപ്രവർത്തനം നടത്തുന്നവരെ ചളിവാരിയെറിയാനുള്ള നീക്കമാണ് യുഡിഎഫ് ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നെതന്നും കെടി ജലീൽ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ബിരിയാണി ഇഷ്ടമല്ല, കള്ളം പറയുമ്പോൾ എന്റെ പേര് പറയൂ, ഞാൻ ബിരിയാണി കഴിക്കും- ജലീൽ പറഞ്ഞു. മതാനുഷ്ടാനങ്ങൾ നിർവഹിച്ച് ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലീമാണ് താൻ. അങ്ങനെയായി എന്നുള്ളതാണ് ചിലർക്കെങ്കിലും താൻ കണ്ണിലെ കരടാകാൻ കാരണം. സ്വപ്നയുടെ ആരോപണങ്ങളിൽ ഭയമില്ല. സ്വപ്നയുടെയും തന്റെയും അക്കൗണ്ടുകൾ പരിശോധിച്ചാൽ ആരാണ് കള്ളനെന്ന് ആർക്കും മനസിലാകുമെന്നും ജലീൽ പറഞ്ഞു.

സ്വർണക്കള്ളക്കടത്തിലെ പ്രധാനപ്രതിയായ സ്വപ്ന സുരേഷ് ചില വെളിപ്പെടുത്തൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒന്നരവർഷക്കാലമായി അവർ ജയിലിലായിരുന്നു. എൻഐഎ, കസ്റ്റംസ്, ഇഡി ഇവരെല്ലാം അതുമായി ബന്ധപ്പെട്ട് ആരോപിതരായിട്ടുള്ള എല്ലാ ആളുകളെയും വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ സ്വർണക്കള്ളക്കടത്ത് കേസിൽ വന്നു എന്നുപറയപ്പെടുന്ന സ്വർണം എങ്ങോട്ടാണ് പോയത്, ആർക്കാണ് കിട്ടിയത്, ആരെല്ലാമായിരുന്നു അതിന്റെ വാഹകർ, ഉത്തരവാദിത്വം ആർക്കൊക്കെയാണ്. ഇതെല്ലാം കണ്ടെത്തി ജനങ്ങളോട് പറയേണ്ടത് കേന്ദ്ര അന്വേഷണ ഏജൻസികളാണെന്ന് ജലീൽ പറഞ്ഞു. അവർ ഇതുവരെ അത് സംബന്ധമായ അന്വേഷണം എവിടെയും എത്തിച്ചില്ല. ഈ പ്രശ്നം പരിഹൃതമാകാതെ പ്രതികൾ ആരെന്ന് തെളിവ് സഹിതം വ്യക്തമാക്കപ്പെടാതെ അന്തരീക്ഷത്തിൽ നിലനിർത്തി ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരുടെ പേരിൽ ചളിവാരിയെറിഞ്ഞ് മുന്നോട്ടുപോകുന്ന സ്ഥിതിയുണ്ടാവണെന്ന് അവർ ആഗ്രഹിക്കുന്നു എന്ന് ന്യായമായി സംശയിക്കുന്നതായും ജലീൽ പറഞ്ഞു.

വളരെ പ്രശസ്തമായ ഏജൻസികൾക്ക് ഒന്നോ രണ്ടോ ആഴ്ചകൾകൊണ്ട് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും അറുതിവരുത്താൻ സാധിക്കും. അന്വേഷണങ്ങൾ അവസാനിപ്പിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കും. അത് ചെയ്യാതെ കേരളത്തിന്റെ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ കുടുംബത്തെ, സർക്കാരിനെ മുന്മന്ത്രിയായ എന്നെ സംശയത്തിന്റെ നിഴലിൽ നിർത്തി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത് ജലീൽ പറഞ്ഞു

ഇത് സംബന്ധിച്ച് ഒരു ഭയവുമില്ല. നിരവധി തവണ പറഞ്ഞതാണ്. ഞങ്ങളുടെയൊക്കെ അക്കൗണ്ടുകൾ, സ്വത്തുക്കൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായതാണ്. കഴിഞ്ഞ പതിനാറുവർഷക്കാലത്തെ എന്റെ ധനവിനിയോഗം, ജീവിതം, വീട് മറ്റ് സൗകര്യങ്ങൾ ഇവയെല്ലാം മാധ്യമപ്രവർത്തകർക്കും പരിശോധിക്കാം. ഇഡിയെ ഞാൻ എന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ജലീൽ പറഞ്ഞു.

പൊതുപ്രവർത്തനം നടത്തുന്നവരെ പൊതുസമൂഹത്തിന് മുന്നിൽ മോശമാക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്.ഗൂഢാലോചന യുഡിഎഫും ബിജെപിയും ഒരുമിച്ചാണ് നടത്തുന്നത്. പിസി ജോർജും സ്വപ്ന സുരേഷും ഓരോദിവസവും നട്ടാൽ നുണയ്ക്കാത്ത നുണകളാണ് പറയുന്നത്. ഇത് കേരള ജനത വിശ്വസിക്കില്ല. പിസി ജോർജ് പറയുന്നത് താൻ എസ്ഡിപിഐ ആളാണെന്നാണ്. മുസ്ലിം തീവ്രവാദത്തെ എല്ലാ പൊതുവേദിയിൽ വിമർശിച്ച ആളാണ് താൻ. എന്നാൽ പിസി ജോർജിനെ എസ്ഡിപിഐ വേദിയിൽ നമ്മൾ എത്ര തവണ കണ്ടതാണ്. പറയാൻ പറ്റുന്നതേ പറയാവൂ. പറയാൻ അറിയില്ലെങ്കിൽ പറയാതിരിക്കുക ജലീൽ പറഞ്ഞു.