തിരുവനന്തപുരം: മുൻ മന്ത്രി കെ ടി ജലീലുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നത് അന്വേഷണ ഏജൻസികളെയും കുഴക്കുന്നു. സ്വപ്‌നയുടെ ആരോപണങ്ങൾ ഇപ്പോൾ അതേ നാണയത്തിൽ രാഷ്ട്രീയ നേതാക്കൾ ഖണ്ഡിക്കുക്കയാണ്. ഇതോടെ ഈ ആരോപണങ്ങളിലെ അന്വേഷണം തെളിവില്ലാതെ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്.

മാധവ വാര്യർ മുന്മന്ത്രി കെ.ടി.ജലീലിന്റെ ബെനാമിയാണെന്ന നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മുംബൈയിലെ ഫ്‌ളൈ ജാക്ക് ലൊജിസ്റ്റിക്‌സ് കമ്പനിയും വ്യക്തമാക്കി. കെ.ടി ജലീലുമായോ സംസ്ഥാന സർക്കാരുമായോ യാതൊരു ഇടപാടുകളും നടത്തിയിട്ടില്ലെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സ്വപ്നയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്. സ്ഥാപകരിൽ ഒരാളായ മാധവ വാര്യർ 2014ൽ ചുമതലകൾ ഒഴിഞ്ഞുവെന്നും ഫ്‌ളൈ ജാക്കിന്റെ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനി ഡയറക്ടർ ജെ. ശ്യാം സുന്ദറാണ് വിശദീകരണ കുറിപ്പ് ഇറക്കിയത്.

അതേമയം സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിൽ തനിക്കെതിരെ പറയുന്ന കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്ന് മുംബൈയിലെ മലയാളി വ്യവസായി മാധവ വാരിയർ വ്യക്തമാക്കി. ''30 വർഷം മുൻപ് ഞാൻ മുംബൈയിൽ സ്ഥാപിച്ച കമ്പനിയാണ് ഫ്‌ളൈജാക്. 2010 ൽ 300 കോടി വിറ്റുവരവ് ഉണ്ടായിരുന്നപ്പോൾ ജപ്പാൻ കമ്പനിയായ ഹിറ്റാച്ചി ട്രാൻസ്‌പോർട്ട് സിസ്റ്റത്തിനു വിറ്റു. 2014 ൽ ഫ്‌ളൈജാക്കുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. ഫ്‌ളൈജാക് എന്ന സ്ഥാപനം ഒരിക്കലും കേരള സർക്കാരിനോ കെ.ടി. ജലീലിനോ കോൺസുലേറ്റിനോ വേണ്ടി ഒരു ലോജിസ്റ്റിക്‌സ് പ്രവർത്തനങ്ങളും ചെയ്തിട്ടില്ല'' 72 വയസ്സുകാരനായ മാധവ വാരിയർ പറഞ്ഞു.

മലപ്പുറം തിരുനാവായ സ്വദേശിയാണ് ഇദ്ദേഹം. എച്ച്ആർഡിഎസ് അട്ടപ്പാടിയിൽ നടപ്പാക്കിയ ഭവനപദ്ധതിക്കായി വീടുകൾ നിർമ്മിച്ചുനൽകാനുള്ള കരാർ തന്റെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള കൈവല്യ എന്ന കമ്പനിക്കായിരുന്നു. എച്ച്ആർഡിഎസ് നൽകിയ ചെക്ക് മടങ്ങിയപ്പോൾ അവർക്കെതിരെ കൈവല്യ മുംബൈയിൽ പരാതി നൽകിയിട്ടുണ്ട്. അതിന്റെ പ്രതികാരമായിരിക്കാം തന്നെ ഇപ്പോഴത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് മാധവ വാരിയർ പറഞ്ഞു.

ഔദ്യോഗിക ജോലികളിൽനിന്നു വിരമിച്ച താൻ അച്ഛന്റെ പേരിൽ സ്ഥാപിച്ച വാരിയർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. മുംബൈയിൽ കുട്ടികൾക്കായി വേദവിദ്യാ ഗുരുകുലവും വൃദ്ധസദനവും തിരുനാവയിൽ ബാലമന്ദിരവും നടത്തുന്നുണ്ട്. ഫൗണ്ടേഷന്റെ പരിപാടികളിൽ മുഖ്യാതിഥിയായും പ്രഭാഷകനായും കെ.ടി.ജലീൽ പങ്കെടുത്തിട്ടുണ്ട്. അങ്ങനെ സൗഹൃദമുണ്ട്. എന്നാൽ, നാലഞ്ചു തവണയേ കണ്ടിട്ടുള്ളൂ. ഇപ്പോഴത്തെ ആരോപണങ്ങളിലെ സത്യാവസ്ഥ മാധ്യമങ്ങളും പൊലീസും കോടതിയും അന്വേഷിക്കട്ടെ. ആളുകളെ തേജോവധം ചെയ്യുന്നവർക്ക് അർഹിക്കുന്ന ശിക്ഷ നൽകണം. അദ്ദേഹം പറഞ്ഞു.

അതേസമയം ഫ്‌ളൈ ജാക്ക് ലൊജിസ്റ്റിക്‌സ് കമ്പനി ഉടമയായ മാധവ വാര്യർ ജലീലിന്റെ ഇടപാടുകൾക്ക് മുന്നിൽ നിന്നിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. മുംബൈയിലെ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി കെ.ടി.ജലീൽ 17 ടൺ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തെന്നും കമ്പനിയുടെ ഉടമ മാധവ വാര്യർ കെ.ടി.ജലീലിന്റെ ബെനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്.

അതേസമയം, മാധവ് വാര്യരുമായി തർക്കമില്ലെന്ന് എച്ച്ആർഡിഎസ് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റർ ജോയ് മാത്യു അറിയിച്ചു. മാധവ് വാര്യരുടെ കമ്പനിക്കാണ് അട്ടപ്പാടിയിലെ വീട് നിർമ്മാണ കരാർ നൽകിയത്. 192 വീടുകൾ നിർമ്മിച്ചതിൽ ചിലത് പൂർത്തിയായിട്ടില്ല. ഇതാണ് പണം നൽകാത്തതിന് കാരണം. ഇനി രണ്ടര കോടി രൂപയാണ് നൽകാനുള്ളത്. പണി പൂർത്തിയായാലുടൻ പണം നൽകും. വീട് പണി പൂർത്തിയാക്കാത്തതിന് മാധവ് വാര്യരുടെ കമ്പനിക്ക് നോട്ടിസ് നൽകിയിരുന്നു. മാധവ് വാര്യർക്ക് നൽകിയ ചെക്ക് മടങ്ങിയത് സാങ്കേതികത്വം മാത്രമെന്നും ജോയ് മാത്യു പറഞ്ഞു.

അതേസമയം സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തുടരന്വേഷണത്തിന് ഒരുങ്ങുമ്പോഴാണ ്‌സത്യവാങ്മൂലത്തിൽ അടക്കം പിഴവുകളഞ് ഉണ്ടായിരിക്കുന്നത്. സ്വപ്നയുടെ തൊണ്ണൂറു ശതമാനം ആരോപണങ്ങൾക്കും ശക്തമായ തെളിവുകളില്ലെന്നതാണ് കസ്റ്റംസിനെ വലച്ചത്. ഇതാണ് തെളിവില്ലാത്ത കാര്യങ്ങൾ ഒഴിവാക്കി കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചത്. അതേ ആരോപണങ്ങളാണ് സ്വപ്ന മാധ്യമങ്ങൾക്കു മുന്നിൽ വീണ്ടും പറയുന്നതും ഇപ്പോൾ സത്യവാങ്മൂലത്തിലുണ്ടെന്ന രീതിയിൽ പുറത്തുവന്നിരിക്കുന്നതും.

ആരോപണമുയർന്നവരെ ചോദ്യംചെയ്ത് അവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് അസ്വാഭാവികമായി എന്തെങ്കിലുമുണ്ടെങ്കിൽ കണ്ടെത്തിയാൽ മാത്രമേ കേസ് മുന്നോട്ടുപോകൂ. കേസിന്റെ നിർണായക വിവരങ്ങൾ പുറത്താവുന്നതാണ് ഇ.ഡി.യെ അലോസരപ്പെടുത്തുന്നത്. ആരോപിതർക്ക് തയ്യാറെടുക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള സമയം ലഭിക്കുമെന്നത് അന്വേഷണത്തെ ബാധിക്കും. സത്യവാങ്മൂലം കോടതിയിൽ നൽകിയാൽ അത് പൊതുരേഖയാണെങ്കിലും അതിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾതന്നെയാണ് രഹസ്യമൊഴിയിലും വരിക. അതിനാൽ പൊതുരേഖയായി പരിഗണിക്കാമോ എന്നത് നിയമവ്യാഖ്യാനം വേണ്ട വിഷയമാണ്.