തിരുവനന്തപുരം: തനിക്ക് മന്ത്രിസ്ഥാനം നഷ്ടമാവാൻ കാരണമായ ലോകായുക്ത കേസിലെ വിധി പറഞ്ഞ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കെ ടി ജലീൽ എംഎൽഎ നിരന്തരം വിമർശനം ഉന്നയിക്കാറുണ്ട്. മന്ത്രിസ്ഥാനം രാജി വയ്ക്കാൻ കാരണമെന്ത് എന്ന് ഫേസ്‌ബുക്കിൽ ചോദിച്ച ഒരാൾക്ക് നൽകിയ മറുപടിയിൽ അഭയ കേസ് പ്രതി ഫാ.തോമസ് കോട്ടൂരിന് എതിരായ ജലീലിന്റെ പരാമർശം വിവാദമായി. വിടി ബൽറാം അടക്കമുള്ളവർ എംഎൽഎക്കെതിരെ രംഗത്തെത്തി.

മന്ത്രിസ്ഥാനം രാജിവെക്കാൻ കാരണമെന്താണെന്ന് ചോദിച്ചയാൾക്കാണ് മുൻ മന്ത്രി ഫാദർ കോട്ടൂരിനെതിരായ വിവാദ പരാമർശം നടത്തിയിരിക്കുന്നത്. തനിക്കെതിരായ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയാ കേസിലെ ഒന്നാം പ്രതിയായ ഫാദർ കോട്ടൂരിന്റെ ലിംഗത്തിൽ ക്യാൻസറാണ് അറിഞ്ഞില്ലേ എന്നായിരുന്നു കെ ടി ജലീലിന്റെ മറുപടി. സ്വകാര്യ ചാനലിൽ തന്റെ അഭിമുഖത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിന് കീഴിലായിരുന്നു വിവാദ മറുപടി.

കമന്റ് ചൂണ്ടിക്കാട്ടി വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം രംഗത്തെത്തി. ഫാദർ കോട്ടൂരിന് ക്യാൻസർ വന്നത് അയാൾ കേസിൽ പ്രതിയായതുകൊണ്ടാണോ അതോ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു ആയതിനാലാണോ എന്ന് ബൽറാം ചോദിച്ചു.സിറിയക് ജോസഫ് ജലീലിനെതിരെ ലോകായുക്തയിൽ വിധി പറഞ്ഞതുകൊണ്ടോ, ക്യാൻസർ ബാധിക്കുന്ന ശരീരഭാഗം വച്ച് അതിന്റെ പിന്നിലെ മെഡിക്കൽ- ഇതര കാരണങ്ങൾ കണ്ടെത്താനുള്ള ഏതെങ്കിലും പ്രത്യേക സിദ്ധി ജലീലിനുണ്ടോ, അസുഖത്തിന്റെ പേരിൽ പരിഹസിക്കുന്നത് ഒരു പൊതുപ്രവർത്തകനും ദൈവവിശ്വാസിക്കും ചേർന്ന പണിയാണോ, അതോ ജലീലിന് മൊത്തത്തിൽ കിളി പോയതാണോ എന്നീ ചോദ്യങ്ങളും ബൽറാം ഉന്നയിച്ചു.

ബൽറാമിന്റെ പോസ്റ്റ് ഇങ്ങനെ:

ഒരു പ്രമുഖ എൽഡിഎഫ് ജനപ്രതിനിധിയുടെ സോഷ്യൽ മീഡിയ പ്രതികരണമാണിത്!
ചില സംശയങ്ങൾ:പ്രസ്തുത വ്യക്തിക്ക് കാൻസർ വന്നത് അയാൾ കേസിൽ ഒന്നാം പ്രതി ആയതുകൊണ്ടാണോ?അതോ അയാൾ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു ആയതിനാലാണോ?
അതോ സിറിയക് ജോസഫ് ജലീലിനെതിരെ ലോകായുക്തയിൽ വിധി പറഞ്ഞതുകൊണ്ടാണോ?
ഇങ്ങനെ ഓരോരുത്തർക്കും കാൻസർ ബാധിക്കുന്ന ശരീരഭാഗം വച്ച് അതിന്റെ പിന്നിലെ മെഡിക്കൽ-ഇതര കാരണങ്ങൾ കണ്ടെത്താനുള്ള ഏതെങ്കിലും പ്രത്യേക സിദ്ധി ജലീലിനുണ്ടോ?
ഉണ്ടെങ്കിൽ ആ സിദ്ധി ഉപയോഗിച്ച് മറ്റ് ഏതെങ്കിലും പ്രമുഖരുടെ അസുഖ കാരണങ്ങൾ ജലീൽ കണ്ടെത്തിയിട്ടുണ്ടോ?

ആരോ ആവട്ടെ, ഒരാളെ അയാൾക്ക് വന്ന ഗുരുതരമായ അസുഖത്തിന്റെ പേരിൽ പരിഹസിക്കുന്നത് ഒരു പൊതുപ്രവർത്തകനും ദൈവവിശ്വാസിക്കും ചേർന്ന പണിയാണോ?
അതോ ജലീലിന് മൊത്തത്തിൽ കിളി പോയതാണോ?