കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് കെ.വിജയകുമാറിന്റെ പരാമർശം വിവാദമായി. നടി ആക്രമിക്കപ്പെട്ടത് അപൂർവ്വ സംഭവമായി തോന്നുന്നത് പുറത്തു നിന്നുള്ളവർക്കാണെന്ന് തിയേറ്റർ ഉടമകളുടെ സംഘടനാ നേതാവ് പറഞ്ഞു. അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് കോടതിയും ജഡ്ജിയും പറഞ്ഞാലും അത് എല്ലാവർക്കും തോന്നണമെന്നില്ല. അത് അനുഭവിക്കുന്ന ഓരോരുത്തരുമാണ് തീരുമാനിക്കുക. അന്വേഷണ സംഘം പല കേസുകളും അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് പറയാറുണ്ട്. എന്നാൽ പുറത്തുള്ളവർക്ക് അങ്ങനെ തോന്നണമെന്നില്ല.

ഫിയോക് ചെയർമാനായ ദിലീപിനോട് സംഘടനയിൽ നിന്ന് മാറി നിൽക്കാൻ അംഗങ്ങളിൽ ഒരാൾ പോലും ആവശ്യപ്പെട്ടിട്ടില്ല. ദിലീപിനെ മാറ്റി നിർത്തേണ്ട സാഹചര്യമില്ലെന്നാണ് ഫിയോക്കിന്റെ വിലയിരുത്തലെന്നും കെ വിജയകുമാർ നിലപാട് വ്യക്തമാക്കി. കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിന് ശേഷം വിളിച്ച വാർത്താസമ്മേളനത്തിലാണ് ഫിയോക്ക് പ്രസിഡന്റിന്റെ പ്രതികരണം.

നടിക്കെതിരെയുള്ള ലൈംഗിക അതിക്രമം നിസ്സാരവത്കരിച്ച് സംസാരിച്ചെന്ന് ആരോപിച്ച് കെ വിജയകുമാറിനെതിരെ വിമർശനം ഉയരുന്നുണ്ട്.

കെ വിജയകുമാറിന്റെ വാക്കുകൾ:

'അപൂർവ്വമെന്ന് പുറത്തുനിൽക്കുന്നവർക്കോ കാണുന്നവർക്കോ തോന്നുന്നതായിരിക്കാം. ഓരോരുത്തരും ഭാവനയനുസരിച്ച് ഉണ്ടാക്കുന്നതല്ലേ അപൂർവ്വതയൊക്കെ. അന്വേഷണസംഘത്തിന് എന്തും പറയാം. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരുപാട് കേസുകൾ കേരളത്തിൽ സംഭവിക്കുന്നുണ്ട്. അന്വേഷണ സംഘത്തിന് പലതും പറയാം. അതിൽ ബന്ധപ്പെട്ട വ്യക്തികൾക്കോ അത് കണ്ടുനിൽക്കുന്നവർക്കോ......ഒരു വക്കീലോ ജഡ്ജിയോ അപൂർവ്വതയിൽ അപൂർവ്വമെന്ന് പറഞ്ഞതുകൊണ്ട് നമുക്ക് അങ്ങനെ തോന്നണമെന്നുണ്ടോ? നമ്മൾ ഒരു കേസുമായി ബന്ധപ്പെടുമ്പോഴേ നമുക്ക് അതിന്റെ ആഴം മനസിലാകൂ. അതൊരു സാധാരണ കേസായി നമുക്ക് തോന്നാം. പക്ഷെ, അത് വാദിക്കുന്ന വക്കീലിനോ വിധി എഴുതുന്നോ ജഡ്ജിനോ അപൂർവ്വമെന്ന് വാദിക്കാൻ പറ്റും. നമുക്കത് ഫീൽ ചെയ്യണമെന്നില്ല.

നമ്മുടെ സംഘടനയുമായി ബന്ധപ്പെട്ട ഒരു കേസല്ല ദിലീപിന്റേത്. കേസ് കേസിന്റെ വഴിക്ക് പോകും. വിധി എന്താണെങ്കിലും അത് അനുസരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. അദ്ദേഹം അതിന് തയ്യാറാണ്. വിചാരണ നടക്കുന്നതിന് മുൻപ് 85 ദിവസം ജയിലിൽ കിടന്നയാളാണ് അദ്ദേഹം. അദ്ദേഹം അനുസരിക്കുന്നുണ്ട്. കോടതി പറയുന്ന അതേ രീതിയിൽ പോകുന്നുണ്ട്. കോടതിക്ക് അകത്തുള്ള ഒരു കാര്യത്തേക്കുറിച്ച് കൂടുതൽ വ്യാഖ്യാനിച്ച് നമുക്ക് മുന്നോട്ട് പോകേണ്ട കാര്യമില്ല.

അത് (ദിലീപിനെ മാറ്റി നിർത്തിയത്) അവരുടെ (അമ്മ) മര്യാദ. തിരിച്ചും ആകാം. അവരുടെ വീക്ഷണം അനുസരിച്ചാണ് അത്. ഞങ്ങൾ ഞങ്ങളുടെ രീതിയാണ് പറഞ്ഞത്. ഓരോരുത്തർക്കും ഓരോ സങ്കൽപങ്ങളില്ലേ? 'അമ്മ സംഘടന ദിലീപിനെ മാറ്റി നിർത്തിയത് മര്യാദയാണോ അപമര്യാദയാണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്.

താരസംഘടന ചെയ്യുന്നതെല്ലാം ഫിയോക്ക് ചെയ്യണമെന്നില്ല. ഫിയോക്കിന് ഫിയോക്കിന്റേതായ ലക്ഷ്യങ്ങളും ലക്ഷ്യബോധവുമുണ്ട്. ഫിയോക്ക് ഫിയോക്കിന്റേതായ രീതിയിൽ പോകും. ഞങ്ങളുടെ സംഘടനയുമായി ബന്ധപ്പെട്ട ഒരു കേസല്ല അത്. അതുകൊണ്ട് തന്നെ ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് ഞങ്ങളാരും ആവശ്യപ്പെടുകയില്ല. ദിലീപ് മാറി നിൽക്കണമെന്ന് പറയേണ്ട കാര്യമെന്താണ്? എനിക്ക് തന്നെ വ്യക്തിപരമായി എത്രയോ കേസുകളുണ്ട്. ഇവിടെയുള്ള ഓഫീസ് ബെയറേഴ്സിന് എന്തെല്ലാം കേസുകൾ നടക്കുന്നു. അവരെയെല്ലാം പിടിച്ച് സംഘടനയിൽ നിന്ന് രാജിവെയ്ക്കണമെന്ന് പറയാൻ പറ്റുമോ? മാറി നിൽക്കണമെന്ന് പറയാൻ പറ്റുമോ? പറ്റത്തില്ല.'