തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം തുടരുന്നതിനിടെ, വിവാദനിയമനം നടത്തി റവന്യുവകുപ്പിന്റെ ഇരുട്ടടി. സിപിഐ ഭരിക്കുന്ന റവന്യുവകുപ്പ് കൊട്ടക്കമ്പൂരിലടക്കം ഭൂമിതട്ടിപ്പുകൾക്കെതിരെ സധീരം പോരാടുന്നുവെന്ന് അവകാശപ്പെടുന്നതിനിടെയാണ് കടകംപള്ളി സംഭവം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. തട്ടിപ്പിൽ ആരോപണവിധേയനായ കടകംപള്ളിയിലെ മുൻ വില്ലേജ് ഓഫീസ് ജീവനക്കാരന്റെ സഹോദരനെ വില്ലേജ് ഓഫീസറായി നിയമിച്ചാണ് റവന്യുവകുപ്പിന്റെ ഒത്താശ.

സിബിഐ അന്വേഷണത്തിൽ കടകംപള്ളി വില്ലേജിലെ വില്ലേജ് ഓഫീസർമാരെയും, ജീവനക്കാരെയും, ഉൾപ്പെടുത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതാണ്.കടകംപള്ളി വില്ലേജിലെ രേഖകൾ തിരുത്തി ഭൂമാഫിയയ്ക്ക് അനുകൂലമായി റിപ്പോർട്ട് നൽകി എന്ന പരാതിയിലാണ് സുജൻ എന്ന കടകംപള്ളിയിലെ മുൻ വില്ലേജ് ജീവനക്കാരനെ സിബിഐ ചോദ്യം ചെയ്തത്. ഇയാൾക്കെതിരെ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, അന്വേഷണസംഘം ഇയാളുടെ നുണപരിശോധന നടത്തിയിരുന്നു.സുജൻ സിബിഐയുടെ അന്വേഷണത്തിലും, നിരീക്ഷണത്തിലും ഇരിക്കെയാണ് ഇയാളുടെ സഹോദരൻ ശൈലജനെ കടകംപള്ളി വില്ലേജ് ഓഫീസറായി നിയമിച്ചത്. ഇതോടെ കടകംപള്ളിയിലെ ഭൂമി തട്ടിപ്പിനിരയാവർ ആശങ്കയിലായിരിക്കുകയാണ്.

ആരോപണവിധേയനായ ജീവനക്കാരന്റെ സഹോദരനെ തന്നെ വില്ലേജ് ഓഫീസറായി നിയമിച്ചതോടെ, കേസിലെ പല തെളിവുകളും വില്ലേജിൽ നിന്ന് നഷ്ടമാകാൻ സാധ്യതയുണ്ടെന്നും, സിബിഐ അന്വേഷണത്തെ ബാധിക്കുമെന്നുമാണ് മുഖ്യ ആശങ്ക. ഈ സാഹചര്യത്തിലാണ് കടകംപള്ളി ലാൻഡ് ഓണേഴ്‌സ് ആക്ഷൻ കൗൺസിലിന് വേണ്ടി കിഷോർ കടകംപള്ളി നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന ഭൂമി തട്ടിപ്പ് ആവർത്തിക്കാൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തും ശ്രമം നടന്നുവെന്നത് കൂടി കണക്കിലെടുക്കുമ്പോഴാണ് നിയമനം വിവാദമാകുന്നത്.സിബിഐ അന്വേഷിക്കുന്ന കേസിലെ വിവാദഭൂമി തന്നെ വ്യാജതണ്ടപ്പേരിൽ വീണ്ടും പോക്കുവരവ് ചെയ്യാൻ ശ്രമിച്ചത് തട്ടിപ്പിന്റെ വ്യാപ്തി വെളിപ്പെടുത്തിയ സംഭവമായിരുന്നു. ഇക്കാര്യം മറുനാടൻ മലയാളിയാണ് നേരത്തെ റിപ്പോർട്ട് ചെയ്തത്.

കടകംപള്ളി ഭൂമി വിവാദത്തെ തുടർന്ന് 19 സർവേ നമ്പറിൽ ഉൾപെട്ട ഭൂമിയിലെ നികുതി സ്വീകരിക്കുന്നത് നിർത്തി വച്ചിരുന്നു. വർഷങ്ങളായി നികുതി അടച്ചുവരുന്നവരും, ഭൂമി കൈവശം വച്ചുവരുന്നവരുമായവർക്ക് ഭൂനികുതി സ്വീകരിക്കാതിരുന്നത് വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത്. വർഷങ്ങളോളം നീണ്ട പോരാട്ടത്തെ തുടർന്നാണ് 150 ഓളം കുടുംബങ്ങൾക്ക് കരമടയ്ക്കാൻ കഴിഞ്ഞത്.

കടകംപള്ളി വില്ലേജിലെ 44.5 ഏക്കർ ഭൂമി വ്യാജ തണ്ടപ്പേരുണ്ടാക്കി തട്ടിയെടുത്ത സംഭവത്തെ തുടർന്നാണ് യഥാർത്ഥ ഭൂ ഉടമകളിൽ നിന്ന് കരം സ്വീകരിക്കുന്നത് ആദ്യം നിർത്തിവെച്ചത്. 2013ൽ കരമടയ്ക്കാൻ വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ് ഭൂമിതട്ടിപ്പിനെ കുറിച്ച് എല്ലാവരും അറിയുന്നത്. 2012-2013 കാലഘട്ടത്തിൽ നടന്ന തട്ടിപ്പിനെ തുടർന്ന് ഇക്കാലമത്രയും ഇവിടെയുള്ള 150 ഓളം കുടുംബങ്ങളുടെ കരം വില്ലേജ് ഓഫീസിൽ സ്വീകരിച്ചിരുന്നില്ല.

പരാതിക്കാർ നടത്തിയ നിയമപോരാട്ടവും സർക്കാരിന്റെയും ജില്ല ഭരണകൂടത്തിന്റെയും ഇടപെടലുമാണ് കരം സ്വീകരിക്കുന്നതിന് വഴിയൊരുക്കിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജുൾപ്പെട്ട തട്ടിപ്പിൽ സിബിഐ അന്വേഷണം നടക്കുന്ന പശ്ചാത്തലിത്തിൽ, കോടതിയിൽ തീർപ്പുണ്ടാകുന്നത് വരെ കരം സ്വീകരിക്കേണ്ടെന്ന് അന്നത്തെ എ.ജി കെ.പി ദണ്ഡപാണി ജില്ലാ കളക്ടർക്ക് നിയമോപദേശം നൽകിയതാണ് പരാതിക്കാർക്ക് തിരിച്ചടിയായത്.

പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം കടകംപള്ളി ലാൻഡ് ആക്ഷൻ കൗൺസിൽ അംഗം കിഷോർ നൽകിയ പരാതിയെ തുടർന്നാണ് വ്യാജ പട്ടയം റദ്ദാക്കി യഥാർത്ഥ ഉടമകൾക്ക് കരം സ്വീകരിക്കാൻ ജില്ലാ കളക്ടർ തഹസിൽദാരോട് ഉത്തരവിട്ടത്.നിരന്തരം പോരാട്ടങ്ങൾ നടത്തി കാര്യങ്ങൾ നടത്തിയെടുക്കേണ്ട ഗതികേടിലാണ് കടകംപള്ളി ലാൻഡ് ഓണേഴ്‌സ് ആക്ഷൻ കൗൺസിൽ. റവന്യുവകുപ്പിന്റെ പുതിയ വിവാദ നിയമനം റദ്ദാക്കിയില്ലെങ്കിൽ തങ്ങളുടെ ജീവിതത്തെ തന്നെ താറുമാറാക്കിയ തട്ടിപ്പ്‌കേസ് അട്ടിമറിക്കപ്പെടുമെന്നാണ് കൗൺസിലിന്റെ ആശങ്ക.