തിരുവനന്തപുരം: മാദ്ധ്യമം ദിനപത്രത്തിലെ മാദ്ധ്യമപ്രവർത്തക ജിഷ എലിസബത്തിനും ഭർത്താവ് ജോൺ ആളൂരിനുമെതിരെ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ സദാചാര ഗുണ്ടാ ആക്രമണത്തിൽ പാർട്ടിക്ക് വേണ്ടി മാപ്പു ചോദിച്ച് സിപിഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ. സംഭവത്തെ അപലപിച്ച കടകംപള്ളി ഇക്കാര്യത്തിൽ തന്റെ പാർട്ടിക്ക് വേണ്ടി മാപ്പു ചോദിക്കുന്നതായി ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

പാർട്ടിയുടെ ജനപ്രീതി ഇടിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടു പോലും മാപ്പു പറയാൻ തുനിയാതെ ബലംപിടിച്ചു നടക്കുന്ന നേതാക്കൾക്കിടയിലാണ് കേവലം ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ തെറ്റിന് പാർട്ടിക്ക് വേണ്ടി ജില്ലാസെക്രട്ടറി മാപ്പു ചോദിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. സിപിഐഎം ശാസ്തമംഗലം ജവഹർനഗർ ബ്രാഞ്ച് സെക്രട്ടറി ബിഎൻആർഎൽ 69ൽ പി വിനോദ് കുമാർ (34), ഭഗവതിനഗർ ബിഎൻആർഎൽ71ൽ രാജേന്ദ്രൻ(48) എന്നിവരാണ് ജിഷ എലിസബത്തിനെ ആക്രമിച്ചത്. ഇവരുടെ തെറ്റിനാണ് ജില്ലാ സെക്രട്ടറി മാപ്പു ചോദിച്ചത്.

സംഭവത്തെ അപലപിച്ചുകൊണ്ടുള്ള കടകംപള്ളിസുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

''മാദ്ധ്യമ പ്രവർത്തക ശ്രീമതി ജിഷ എലിസബത്തിനേയും ഭർത്താവ് ശ്രീ. ജോൺ ആളൂരിനേയും ജവഹർ നഗറിലെ ഓഫീസിൽ അപമാനിച്ച സംഭവം പ്രതിഷേധാർഹമാണ്. വ്യക്തിസ്വാതന്ത്രത്തിന് അമൂല്യമായ പ്രാധാന്യം നൽകുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ (മാർക്‌സിസ്റ്റ്). തൊട്ടയൽവാസിയുടെ ദുർബുദ്ധിയിൽ ഉദിച്ച കപട സദാചാര പ്രവർത്തനത്തിൽ സിപിഐ (എം) ന്റെ രണ്ടു പ്രവർത്തകർ പെട്ടുപോയി എന്നത് ഏറെ ദുഃഖിപ്പിക്കുന്നു. സ്വന്തം ബുദ്ധി ഉപയോഗിച്ച് കാര്യങ്ങളുടെ ശരിതെറ്റുകൾ മനസ്സിലാക്കാതെ ആരെങ്കിലും പറയുന്നതു കേട്ട് എടുത്തു ചാടി നടത്തിയ അപക്വമായ പ്രവർത്തനമായിരുന്നു അവരുടേത്. സിപിഐ(എം) ജില്ലാ സെക്രട്ടറി എന്ന നിലയിൽ എന്റെ പാർട്ടിയുടെ രണ്ടു പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായ ഈ അന്യായത്തിന് അവർക്കുവേണ്ടിയും എന്റെ പ്രസ്ഥാനത്തിനു വേണ്ടിയും ഖേദം പ്രകടിപ്പിക്കുകയും മാപ്പു ചോദിക്കുകയും ചെയ്യുന്നു. മാദ്ധ്യമ പ്രവർത്തകയായ എന്റെ പ്രിയ സഹോദരി ജിഷക്കും ഭർത്താവ് ജോൺ ആളൂരിനും ഉണ്ടായ മനോവിഷമം വളരെ വലുതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇത്തരം തെറ്റുകൾക്കുനേരെ കണ്ണടക്കുന്ന പാർട്ടിയല്ല ഞങ്ങളുടേത്. കർശന ശിക്ഷയും, തിരുത്തി നേർവഴിക്കു നയിക്കുന്നതിനുള്ള നടപടികളും സിപിഐ(എം) ന്റെ ഭാഗത്തു നിന്നുണ്ടാകും''.

അതിനിടെ ജിഷക്കും ഭർത്താവിനും എതിരെ സദാചാര പൊലീസ് ചമഞ്ഞെത്തിയവർ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഭാര്യയാണെങ്കിൽ താലി എവിടെയെന്നും സംഘം ചേർന്നെത്തിയവർ ചോദിക്കുന്നത് വീഡിയോയിൽ കാണാം. ചോദ്യം ചെയ്യുന്നവർക്ക് ജിഷ മറുപടി നൽകുന്നുമുണ്ട്. ജോണിന്റെ ഓഫീസിലെത്തി സദാചാരപൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യൽ വീഡിയോ കാണാം.

മാദ്ധ്യമപ്രവർത്തയ്ക്കും ഭർത്താവിനും എതിരേയുള്ള സദാചാര പൊലീസ് ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്‌ !

Posted by Malayalam Varthakal on Wednesday, July 15, 2015

അതിനിടെ പൊലീസ് സദാചാര സംഘത്തിലെ രണ്ട് പേരെ അറസ്റ്റു ചെയ്ത് സഹാചര്യത്തിൽ സംഭവത്തിൽ കേസ് ഒഴിവാക്കി ഒത്തുതീർപ്പുണ്ടാക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന് ശക്തമായ സമ്മർദം തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറി സംഭവത്തെ അപലപിച്ച് രംഗത്തെത്തിയതോടെ ഈ ശ്രമങ്ങൾ താൽക്കാലികമായി അവസാനിച്ചിട്ടുണ്ട്. ജിഷയ്ക്കും ഭർത്താവിനും നേരെ ഉണ്ടായ അതിക്രമത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ കൂട്ടായ്മ നടത്തുന്നുണ്ട്. നേരത്തെ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാകമ്മിറ്റിയുടെ നേത്വത്തിൽ 'കേസരി' കേന്ദ്രീകരിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ ജില്ലാക്കമ്മറ്റി ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു.