കടയ്ക്കാവൂർ: കടയ്ക്കാവൂർ കൊച്ചുപാലത്തിനു സമീപത്തെ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കടയ്ക്കാവൂർ കോണത്തുവീട്ടിൽ മണികണ്ഠൻ (34) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഇടുക്കി രാജക്കാട് വട്ടപ്പാറയിൽ അജീഷാ(28)ണ് പിടിയിലായത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ 17-ന് രാവിലെയാണ് മണികണ്ഠന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയത്.

വ്യാഴാഴ്ചയാണ് മണികണ്ഠനെ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിക്കുന്നത്. കൊച്ചുപാലത്തിന് സമീപം മണികണ്ഠന്റെ ബൈക്ക് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കനാലിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് സി.സി.ടി.വി കാമറകളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കൈക്കും തലക്കും പരിക്കേറ്റ പ്രതി ഓട്ടോയിൽ കയറി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടിയിരുന്നു. പ്രതി സഞ്ചരിച്ച ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ 15-ന് വൈകീട്ട് ഏഴുമണിയോടെ കൊച്ചുപാലത്തിനു സമീപത്തുള്ള കുറ്റിക്കാട്ടിലെത്തി മണികണ്ഠനും അജീഷും മദ്യപിച്ചു. ഇതിനിടെ മണികണ്ഠനെ അജീഷ് കളിയാക്കിയപ്പോൾ ഇവർ തമ്മിൽ വാക്കുതർക്കവും അടിപിടിയുമുണ്ടായി.

സംഘർഷത്തിനിടെ അജീഷ് സമീപത്തെ റെയിൽവേ പാളത്തിൽനിന്ന് കല്ലെടുത്ത് മണികണ്ഠനെ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ സമീപത്തുള്ള കനാലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

സംഘർഷത്തിൽ തലയ്ക്കും കൈക്കും സാരമായി പരിക്കേറ്റ അജീഷ് ഓട്ടോറിക്ഷയിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി. 17-ന് മണികണ്ഠനെ കാൺമാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ കൊച്ചുപാലത്തിനു സമീപത്തുനിന്ന് ഇയാളുടെ സ്‌കൂട്ടർ പൊലീസ് കണ്ടെത്തി. തുടർന്ന് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയപ്പോഴാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്. ഫൊറൻസിക് വിദഗ്ദ്ധർ എത്തി പരിശോധന നടത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയതറിഞ്ഞ് സ്വദേശമായ ഇടുക്കിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

ശാസ്ത്രീയമായ തെളിവുശേഖരണത്തിലൂടെയും സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്. രാജാക്കാട് സ്വദേശിയായ അജീഷ് കടയ്ക്കാവൂർ സ്വദേശിനിയെ വിവാഹം കഴിച്ചാണ് ഇവിടെ താമസമാക്കിയത്. കരാറെടുത്ത് മേസ്തിരിപ്പണി നടത്തുന്ന മണികണ്ഠനൊപ്പം അജീഷ് ജോലിക്ക് പോയിരുന്നു. അങ്ങനെയാണ് ഇരുവരും സൗഹൃദത്തിലായത്.

തിരുവനന്തപുരം റൂറൽ എസ്‌പി. ദിവ്യ ഗോപിനാഥിന്റെ നിർദേശപ്രകാരം അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

വർക്കല ഡിവൈ.എസ്‌പി. പി.നിയാസിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ ഇൻസ്പെക്ടർ വി.അജേഷ്, എസ്‌ഐ.മാരായ എസ്.എസ്.ദീപു, നസീറുദീൻ, മനോഹർ, മാഹിൻ. എഎസ്ഐ.മാരായ ശ്രീകുമാർ, രാജീവ്, ഷാഫി, എസ്.സി.പി.ഒ. ജ്യോതിഷ് കുമാർ, ബാലു, സി.പി.ഒ.മാരായ ബിനു, ജിജു, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.