തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും പൊലീസിന്റെ ഒത്താശയോടെ നടന്ന ഗൂഢനീക്കങ്ങളും വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പുതിയ വിവരങ്ങൾ. അടിമുടി വൈരുധ്യങ്ങൾ നിറഞ്ഞ കേസിന് ആധാരമായ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ റിപ്പോർട്ടിലെ പരാമർശം തന്നെ ഇതിന് തെളിവാണ്. മാതാവിനെതിരെ മൊഴി നൽകിയ കുട്ടി കൗൺസിലിങ്ങിനിടെ മുഖത്ത് നോക്കി സംസാരിക്കാൻ കൂട്ടാക്കിയില്ല. മറ്റൊരിടത്ത് നോക്കിയാണ് ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത് എന്ന് റിപ്പോർട്ടിൽ പറയുന്നു. പലതവണ മുഖത്ത് നോക്കി സംസാരിക്കാൻ പറഞ്ഞിട്ടും അതിന് തയ്യാറായില്ല. അതിനർത്ഥം പഠിപ്പിച്ചുവിട്ട കാര്യങ്ങൾ അതേ പടി പറഞ്ഞു എന്നതാണ്്.

2019 ഡിസംബറിൽ പിതാവിനൊപ്പം വിദേശത്ത് എത്തിയ രണ്ടാമത്തെ മകനാണ് ഒരുവർഷത്തിനുശേഷം ചൈൽഡ് ലൈൻ മുന്നിൽ മാതാവിനെതിരെ മൊഴി നൽകിയത്. നിലവിൽ 13 വയസ്സുള്ള കുട്ടിയോട് അഞ്ചാംക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ മോശമായ രീതിയിൽ മാതാവ് പെരുമാറുന്നതായി മൊഴിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസും അറസ്റ്റും ഉണ്ടായത്.

കേസെടുത്ത സംഭവത്തിൽ ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ നടപടിയെ തള്ളിയിട്ടുണ്ടെങ്കിലും കൗൺസിലിങ്ങ് നടത്തിയ ആളുടെ നിലപാടും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കൗൺസിലർ കൂടി അറിഞ്ഞുകൊണ്ടാകാം ഈ നീക്കങ്ങൾ നടന്നത് എന്നും സംശയിക്കപ്പെടേണ്ട സാഹചര്യമാണുള്ളത്. കൗൺസിലിങ് എന്നത് വെറും മൊഴിയെടുക്കലല്ല. പക്ഷേ ഇവിടെ നടന്നിരിക്കുന്നത് വെറും മൊഴിയെടുക്കലാണ്. കൗൺസിലിങ്ങല്ല എന്നതും വ്യക്തമാണ്.

മൊഴി നൽകുന്ന കുട്ടിയോട് കൂടുതൽ ചോദ്യങ്ങളിലൂടെ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും അവ്യക്തത ഉണ്ടോ, ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമം നടന്നിട്ടില്ല എന്നത് വ്യക്തമാണ്. കൂടാതെ മുഖത്ത് നോക്കിയല്ല കുട്ടി സംസാരി്ച്ചത് എന്ന് എഴുതി ചേർത്തിരിക്കുന്നു. ഇതിനർത്ഥം പിതാവും അഭിഭാഷകനും പറഞ്ഞുവിട്ട കാര്യങ്ങൾ കുട്ടി ആവർത്തിച്ചു എന്നതാണ്. അത് കൂടുതൽ ചോദ്യങ്ങളിലൂടെ തിരിച്ചറിയുകയും ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് കൗൺസിലറായിരുന്നു. എന്നാൽ ആ കർത്തവ്യം കൗൺസിലർ നിർവഹിച്ചില്ല എന്നാണ് വ്യക്തമാകുന്നത്. അതേസമയം കുട്ടി മുഖത്തുനോക്കിയില്ല എന്നത് ബുദ്ധിപൂർവം റിപ്പോർട്ടിൽ എഴുതി ചേർക്കുകയും ചെയ്തു.

എഫ്‌ഐആറിൽ പരാതി ചൈൽഡ് വെൽഫെയർ കമ്മറ്റിയുടേതെന്ന് എന്തുകൊണ്ട് പറഞ്ഞു എന്നതും സംശയം ജനിപ്പിക്കുന്നതാണ്. കൗൺസിലിങ് നടത്തിയിട്ട് കേസെടുക്കാൻ ആവശ്യപ്പെട്ടു എന്നത് പച്ചക്കള്ളമാണെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൗൺസിലിങ് നൽകാൻ പൊലീസാണ് ആവശ്യപ്പെട്ടതെന്നും പറഞ്ഞിരുന്നു. കുട്ടിയുടെ മൊഴിയടക്കം കേസിൽ നടന്നതൊക്കെയും ഭർത്താവും അഭിഭാഷകനും കേസിന്റെ വിജയത്തിന് വേണ്ടി നടത്തിയ നീക്കങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ് ഇക്കാര്യങ്ങൾ.

ചടങ്ങിന് വേണ്ടി പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഒരു കൗൺസിലിങ് നടത്തി റിപ്പോർട്ടു കൊടുത്തു എന്നതാണ് വ്യക്തമാകുന്നത്. വിവാഹ മോചന കേസിൽ പിതാവിന് അനുകൂലമായി മാറ്റിത്തീർക്കാനുള്ള ശ്രമമാകാം ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

യഥാർത്ഥ പരാതിക്കാരൻ യുവതിയുടെ ഭർത്താവായിട്ടും ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ പേര് ചേർത്തതടക്കം ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ റിപ്പോർട്ടിൽ ഒരിടത്തും കേസെടുക്കാൻ ശുപാർശ ചെയ്തിട്ടില്ല. എന്നിട്ടും എഫ്‌ഐആറിൽ പിതാവിന്റെ പേരിൽ കേസെടുത്തു എന്നതിന് പകരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പേര് ചേർത്തത് ബോധപൂർവമാണ്. കേസിന്റെ വിജയത്തിനായാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. ഡിവൈഎസ്‌പിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കേസെടുത്തത് എന്നും ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

പൊലീസിന്റെ വീഴ്ച വനിതാ കമ്മിഷനും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അറസ്റ്റിലായ യുവതിയുടെ ഇളയമകന്റെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന തരത്തിലാണ് യുവതിയും ഭർത്താവും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ. മൂന്നു വർഷമായി കുടുംബം വേർപ്പെട്ട് കഴിയുകയാണ്. ഇതിനിടെ വിവാഹമോചനം നേടാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചു. അതിനെ എതിർത്തതോടെ ഭീഷണി തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

രണ്ടാം വിവാഹത്തിനു ശേഷം മൂന്നു മക്കളുമായി ഭർത്താവ് വിദേശത്ത് പോയിരുന്നു. അവിടെവച്ച് മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട് ചോദ്യം ചെയ്തപ്പോഴാണ് വർഷങ്ങളായി നടക്കുന്ന പീഡനവിവരം പറഞ്ഞതെന്നാണ് മൊഴി. രഹസ്യമൊഴിയുൾപ്പെടെ രേഖപ്പെടുത്തിയാണ് അറസ്റ്റെന്ന് പൊലീസും വിശദീകരിക്കുന്നു. എന്നാൽ കുടുംബപ്രശ്നമോ മൊഴിയിലെ പൊരുത്തക്കേടുകളോ അന്വേഷിക്കാൻ പൊലീസ് തയാറായില്ല. പരാതിയുമായി ചെന്നപ്പോൾ പൊലീസുദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിപ്പെടുന്നുണ്ട്.

ആറ്റിങ്ങൽ ഡി.വൈ.എസ്‌പി എസ്.വൈ സുരേഷ് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് യുവതിയെ അറസ്റ്റ് ചെയ്യിപ്പിച്ചതെന്ന് ആരോപണമുന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുമ്പാകെ ലഭിച്ചിട്ടുണ്ട്. തട്ടത്തുമലയിലുള്ള ഒരു അഭിഭാഷകൻ ഇടനിലക്കാരനായാണ് പണം ഡി.വൈ.എസ് പി കൈമാറിയതെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ സിഐക്ക് മേൽ ഡി.വൈ.എസ്‌പി യുവതിയെ അറസ്റ്റ് ചെയ്യാൻ സമ്മർദ്ദം ചെലുത്തി. എന്നാൽ സിഐ ഇത് വിസമ്മതിക്കുകയും അവധിയിൽ പോകുകയും ചെയ്തു. തുടർന്ന് കടയ്ക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യൻ ഡി.വൈ.എസ്‌പിയുടെ നിർദ്ദേശം അനുസരിച്ച് ഡിസംബർ 28 ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നായിരുന്നു ആരോപണം.

യുവതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇക്കാര്യങ്ങൾ മാധ്യമങ്ങൾ വഴി പുറം ലോകത്തെ അറിയിച്ചതിന് 1 ലക്ഷം രൂപ കൂടി ഡി.വൈ.എസ്‌പിക്ക് യുവതിയുടെ മുൻ ഭർത്താവ് കൈമാറി എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് ഡി.ജി.പി സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അസി.കമ്മീഷ്ണർ പദവിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായാണ് വിവരം. ഇതോടെ യുവതിയെ മനഃപൂർവ്വം കുടുക്കി ജയിലിലടക്കാൻ പൊലീസ് ഒത്താശ ചെയ്തു എന്ന വിവരമാണ് പുറത്ത് വരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണം നടത്തുന്നത്.

ബി.എസ്.സി വിദ്യാർത്ഥിനി ആയിരിക്കവെയാണ് ടെമ്പോ ക്ലീനർ ആയ വ്യക്തി യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിൽ നാല് മക്കളുണ്ട്. യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെ വിദേശത്ത് പോവുകയും ബിസിനസ് ആരംഭിക്കുകയും ചെയ്ത ഭർത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ടു മക്കളുടെ മാതാവായ സ്ത്രീയുമായി വേറെ താമസമാക്കി. ഇതോടെയാണ് യുവതിയും ഭർത്താവും തമ്മിൽ നിയമപ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇതിനു മുമ്പ് തന്നെ ഭർത്താവ് സാമ്പത്തികം ആവശ്യപ്പെട്ടു യുവതിയെയും മക്കളെയും മർദ്ദിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. നിലവിൽ മൂന്ന് മക്കളും പിതാവിനൊപ്പം വിദേശത്താണ്.

നേരത്തെ അതേസമയം എഫ്‌ഐആറിൽ പരാതിക്കാരന്റെ സ്ഥാനത്ത് പേരു ചേർത്ത സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് ബാലക്ഷേമ സമിതിയും. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകാനാണ് നീക്കം. കൗൺസിലിങ് നൽകാൻ ആവശ്യപ്പെട്ട് പൊലീസ് നൽകിയ കത്തും പരാതിക്കൊപ്പം നൽകും. പൊലീസിനോടും വിശദീകരണം ആവശ്യപ്പെടും. എഫ്‌ഐആറിൽ പരാതിക്കാരന്റെ സ്ഥാനത്ത് ശിശുക്ഷേമ സമിതി ചെയർ പേഴ്സന്റെ പേരു ചേർത്തത് നേരത്തെ വിവാദമായിരുന്നു.