കോട്ടയം: ഭർത്താവിന്റെ കൺമുൻപിൽ ഭാര്യയെ വെട്ടിക്കൊന്നശേഷം അയൽവാസി ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്താനാവാതെ കോട്ടയം കടപ്ളാമറ്റം കൂവള്ളൂർകുന്ന് കോളനിക്കാർ. സാമ്പത്തിക പരാധീനതയും പ്രണയവുമാകാം മരണകാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

എന്നാൽ യഥാർത്ഥ കാരണം ആർക്കും അറിയില്ല. കൊലപാതകത്തിലേക്ക് എത്തിച്ച വൈരാഗ്യത്തിന്റെ രഹസ്യം തേടുകയാണ് നാട്ടുകാരും പൊലീസ്. മുഞ്ഞനാട്ട് സിബി (42)യാണ് ജീവനൊടുക്കിയത്. അയൽക്കാരി, ചിറയ്ക്കൽ മാത്യുവിന്റെ ഭാര്യ കുഞ്ഞുമോൾ എന്ന ശർമിളയെ (40)യാണ് ഇയാൾ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ശർമിളയും സിബിയും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്ന് ചിലർ അടക്കം പറയുന്നു. എന്നാൽ സിബിയുടെ ഭാര്യയ്ക്ക് അത്തരത്തിലൊരു പരാതിയുമില്ല. ഇരുപതോളം വീടുകൾ ഉൾപ്പെട്ടതാണു കോളനി.

കടപ്ളാമറ്റം സഹകരണബാങ്കിലെ ജീവനക്കാരിയാണ് മരിച്ച കുഞ്ഞുമോൾ. ഇവർ ഉച്ചയ്ക്ക് വീട്ടിലെത്തി ഊണുകഴിഞ്ഞ് മുറ്റത്ത് തുണിവിരിച്ചുകൊണ്ടിരുന്നപ്പോൾ സിബി അവിടെയെത്തി വെട്ടിക്കൊല്ലുകയായിരുന്നു. വീടിനടുത്തുള്ള ചെറിയ വഴിയിലൂടെ സിബി പോകുന്നത് തൊട്ടടുത്ത വീട്ടിലെ ജോയിസിയാണ് ആദ്യം കണ്ടത്. സിബിയുടെ വീട്ടിലേക്കുകൂടി പോകുന്ന വഴിയായതുകൊണ്ട് അതിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല.

എന്നാൽ തൊട്ടുപിന്നാലെ കുഞ്ഞുമോളുടെ കരച്ചിൽ കേട്ടാണ് ജോയിസി വീടിനു പുറത്തേക്ക് ഇറങ്ങിച്ചെന്നത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന കുഞ്ഞുമോളെയാണ് ജോയിസി കണ്ടത്. കരച്ചിൽകേട്ട് പുറത്തേക്കിറങ്ങിവന്ന ഭർത്താവ് മാത്യു തടസം പിടിക്കാൻ ശ്രമിച്ചെങ്കിലും മാത്യുവിനെ തള്ളിമാറ്റി കഴുത്തിനും മുഖത്തും ആഞ്ഞുവെട്ടുകയായിരുന്നു. ഹൃദ്രോഗിയായ മാത്യു തളർന്നുവീണപ്പോൾ ജോയിസിയാണ് അലറിക്കരഞ്ഞ് ചുറ്റുമുള്ളവരെ വിളിച്ചുവരുത്തിയത്.

അപ്പോഴേക്കും സിബി തൊട്ടടുത്ത റബ്ബർത്തോട്ടത്തിലേക്ക് ഓടിപ്പോയി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ് കുഞ്ഞുമോൾ മരിച്ചത്. സിബിയെ റബ്ബർത്തോട്ടത്തിൽ തളർന്നുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അതേ വെട്ടുകത്തി ഉപയോഗിച്ച് ൈകയിലെ ഞരന്പു മുറിച്ചശേഷം ആസിഡ് കുടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

സമീപത്തു പുതിയ വെട്ടുകത്തിയും കണ്ടെത്തി. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു സിബി. ഭാര്യയും രണ്ട് മക്കളുമുണ്ട്. കുഞ്ഞുമോൾക്ക് രണ്ട് മക്കളുണ്ട്. ഇളയമകൻ ഇവർക്കൊപ്പം കുടുംബവീട്ടിലാണ് താമസം. സംഭവം നടക്കുമ്പോൾ മകൻ ജോലിക്കു പോയിരിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കൃത്യം നടന്ന സ്ഥലം ചോരക്കളമായിരുന്നു. കുഞ്ഞുമോളെ പലതവണ വാക്കത്തി ഉപയോഗിച്ച് വെട്ടിയതിനുശേഷം ഇതേ ആയുധംകൊണ്ടു സ്വയം മുറിവേൽപ്പിച്ച് സിബി പറമ്പിലേക്ക് മരണവെപ്രാളത്തിൽ ഓടുകയായിരുന്നു. സജി തോമസ് എന്നാണ് സിബിയുടെ യഥാർഥ പേര്. ഭാര്യ മഞ്ജുവും സിബിയും ഉച്ചയ്ക്കു വിറകു ശേഖരിച്ച് ഓട്ടോ റിക്ഷയിൽ വീട്ടിൽ വന്നശേഷം ഇരുവരും ഭക്ഷണം കഴിക്കുകയും ചെയ്തു.

ഉച്ചകഴിഞ്ഞ് 2.30ന് ഞൊടിയിടയ്ക്കുള്ളിലാണ് സിബി പ്രകോപിതനായി വാക്കത്തിയുമായി ഓടിയിറങ്ങിയത്. സിബിയുടെ വീടിനു തൊട്ടുസമീപമാണു കുഞ്ഞുമോളുടെ വീട്. അയയിൽ തുണി വിരിച്ചുകൊണ്ടിരുന്ന കുഞ്ഞുമോളുടെ പിൻകഴുത്തിലാണു തുടരെ വെട്ടിയത്. സിബിയും അയൽവാസി കുഞ്ഞുമോളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

എന്നാൽ സിബിയുടെ ഭാര്യയ്ക്ക് ഇത്തരത്തിൽ പരാതിയൊന്നുമില്ല. എനിക്കും പിള്ളേർക്കും ഇനിയാരുമില്ല, ആരെല്ലാം എന്തെല്ലാം പറഞ്ഞാലും സിബി ഞങ്ങളെ പോന്നുപോലെ നോക്കിയിരുന്നു. തിങ്കളാഴ്ച വീട്ടിൽ കറിയില്ലാതെ വന്നതോടെ തട്ടുകടയിൽ പോയി സിബി ഞങ്ങൾക്കു കറി വാങ്ങിക്കൊണ്ടു വന്നിരുന്നു. കടപ്ലാമറ്റത്തെ പാറമടയിൽ ജോലിയില്ലാതായതോടെ പഴയ ഓട്ടോറിക്ഷ വാങ്ങി ടൗണിൽ ഓടിച്ചു സിബി കുടുംബ പുലർത്തുകയായിരുന്നുവെന്നു മഞ്ജു പറയുന്നു.

എന്നാൽ സിബിക്കു ലൈസൻസില്ലാതിരുന്നതിനാൽ സ്റ്റാൻഡിൽ ഓട്ടം നടത്താൻ ചിലർ അനുവദിച്ചില്ല. ഇതിനിടയിൽ ലൈസൻസില്ലാത്തതിന്റെ പേരിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയായി ഇതോടെ ഓട്ടോറിക്ഷയുമായി പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു സിബി. ഇതു സിബിയെ മാനസികമായി തകർത്തിരുന്നതായി ഭാര്യ മഞ്ജു പറഞ്ഞു.

സ്വർണം വിറ്റും കടം വാങ്ങിയും സ്വന്തമാക്കിയ ഓട്ടോറിക്ഷ ഓട്ടം നടത്താൻ സാധിക്കാതെ വന്നതോടെ ജീവിതംതന്നെ വലിയ ചോദ്യചിഹ്നമായെന്നു സിബി പറഞ്ഞിരുന്നതായി മഞ്ജു പറയുന്നു. ഓട്ടം പോകാനാകാതെ വന്നതോടെ ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാതിരുന്ന സിബി തിങ്കളാഴ്ച ഒന്നും കഴിച്ചില്ലെന്നും മഞ്ജു പറയുന്നു. ഇന്നലെ വലിയമരുതു ഭാഗത്ത് ഇരുവരും ഒരുമിച്ചെത്തി ഓട്ടോറിക്ഷയിൽ വിറകുമായി വീട്ടിലേക്കു പോന്നിരുന്നു.