കൊച്ചി: കുടുംബത്തിന്റെ ഏക അത്താണിയായ ഭർത്താവ് മരിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഒരു കുടുംബം. ഭർത്താവ് മരിച്ചതു മാത്രമല്ല അദ്ദേഹം കള്ളക്കേസിൽ കുടുങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നതാണ് ഈ കുടുംബത്തെ കൂടുതൽ ദുഃഖത്തിലാക്കിയിരിക്കുന്നത്.

ഇനി എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് വിദ്യാർത്ഥികളായ രണ്ട് മക്കളുമായി ഭാര്യ മർഫി. കടവന്ത്ര പൊലീസ് സ്‌റ്റേഷനിൽ തൂങ്ങി മരിച്ച എഎസ്‌ഐ തോമസിന്റെ കുടുംബമാണ് കണ്ണീരുമായി കഴിയുന്നത്. തന്റെ ഭർത്താവ് കൈക്കൂലി വാങ്ങിയിട്ടില്ല അദ്ദേഹം മേൽ ഉദ്യോഗസ്ഥന് വേണ്ടി ബലിയാടാവുകയായിരുന്നു എന്നാണ് തോമസിന്റെ ഭാര്യ മെർഫി പറയുന്നത്.

കേസിൽ നിന്നും രക്ഷിക്കാമെന്ന് അന്നത്തെ എസ്.ഐ. വാക്ക് നൽകിയിരുന്നു. ഈ വാക്ക് വിശ്വസിച്ചാണ് അദ്ദേഹം മുന്നോട്ടു പോയിരുന്നത്. എന്നാൽ വിരമിച്ച എസ്.ഐ. മരണപ്പെടുക കൂടി ചെയ്തതോടെ തന്റെ സത്യാവസ്ഥ പുറത്തറിയിക്കാൻ ഇനി ആരും ഇല്ല എന്നു പറഞ്ഞ് തോമസ് വിലപിക്കുമായിരുന്നുവെന്നും മെർഫി പറയുന്നു.

തന്റെ ഭർത്താവ് കൈക്കൂലി കേസിൽ കുടുങ്ങിയ കേസിനെ കുറിച്ച് എല്ലാം തന്നോട് പറഞ്ഞിരുന്നു. മേലുദ്യോഗസ്ഥന് വേണ്ടി ബലിയാടാകേണ്ടി വരികയായിരുന്നു തോമസിന് എന്നാണ് ഭാര്യയുടെ വാക്കുകൾ. ഒമ്പതു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എറണാകുളത്തെ ഒരു പ്രമുഖ പൊലീസ് സ്റ്റേഷനിൽ റൈറ്ററായി ജോലി ചെയ്യുകയായിരുന്നു തോമസ്. ഇതിനിടയിൽ സാമ്പത്തിക കേസിൽ അകപ്പെട്ട മുളന്തുരുത്തിക്കാരനായ ഒരു പ്രതി കേസിൽനിന്ന് ഊരിപ്പോകാൻ കൈക്കൂലി നൽകുകയും തോമസ് കൈപ്പറ്റിയതിനു ശേഷം വിജിലൻസ് പിടികൂടുകയുമായിരുന്നു.

എന്നാൽ അത് മുൻകൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയായിരുന്നു എന്നാണ് മെർഫിയുടെ വാക്കുകൾ. സംസാരിക്കുന്നതിനിടയിൽ തോമസിന്റെ പാന്റ്സിന്റെ പോക്കറ്റിലേക്ക് പണം ഇടുകയായിരുന്നു. ഇതിനെപ്പറ്റി അദ്ദേഹത്തിന് അറിവില്ലായിരുന്നുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു. ഒരു റൈറ്റർ മാത്രം വിചാരിച്ചാൽ കേസ് അട്ടിമറിക്കാൻ ആകില്ല.

ഒരു പക്ഷേ എസ്‌ഐ അറിയിച്ചതനുസരിച്ച് പണം റൈറ്ററുടെ പോക്കറ്റിൽ ഇട്ടതാകാം എന്നും ഇവർ സംശയിക്കുന്നു. സംഭവം നടക്കുന്നതിന് തൊട്ടു മുമ്പാണ് എസ്.ഐ. സ്റ്റേഷൻ വിട്ടത്. വിജിലൻസ് സംഘം എത്തുമെന്ന് എസ്.ഐ.യുടെ ബന്ധു കൂടിയായ വിജിലൻസിലെ ഉയർന്ന ഉദ്യോഗസ്ഥൻ നിർദ്ദേശം നൽകിയതാണ് ഇതിനു കാരണം എന്നും തോമസ് പറഞ്ഞിരുന്നു. എന്നാൽ ഈ വിവരം പുറത്തുള്ളവരോട് പറയാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഇതിന്റെയെല്ലാം സൂചന അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പിലുണ്ടെന്നും മർഫി പറഞ്ഞു.

കേസിന്റെ കാര്യത്തിൽ സഹായിക്കാമെന്നും വിരമിച്ചതിനു ശേഷം സത്യാവസ്ഥ കോടതിയിൽ അറിയിക്കാമെന്നും എസ്.ഐ. വാക്ക് നൽകിയിരുന്നു. ഈ വാക്ക് വിശ്വസിച്ചാണ് അദ്ദേഹം മുന്നോട്ടു പോയിരുന്നത്. എന്നാൽ വിരമിച്ച എസ്.ഐ. മരണപ്പെടുക കൂടി ചെയ്തതോടെ തന്റെ സത്യാവസ്ഥ പുറത്തറിയിക്കാൻ ഇനി ആരും ഇല്ല എന്നു പറഞ്ഞ് തോമസ് വിലപിക്കുമായിരുന്നുവെന്നും മർഫി പറഞ്ഞു.

സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അതിനാൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും മർഫി ആവശ്യപ്പെട്ടു. കുടുംബത്തിന്റെ അത്താണിയായിരുന്ന തോമസിന്റെ മരണം ഈ കുടുംബത്തെ മാനസികമായി തകർത്തിരിക്കുന്നു. വിദ്യാർത്ഥികളായ രണ്ട് മക്കളും വീട്ടമ്മയായ മർഫിയും ഇനി എങ്ങനെ ജീവിക്കും എന്നറിയാതെ പകച്ചുനിൽക്കുകയാണ്.