- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്നിട്ടും പരാതി നൽകിയത് നവംബർ 10ന്; അമ്മയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും ബ്രെയ്ൻ വാഷ് ചെയ്തോ? കടയ്ക്കാവൂർ കേസിൽ ഹൈക്കോടതി പൊളിച്ചത് അന്വേഷണത്തിലെ പൊരുത്തക്കേടുകൾ
തിരുവനന്തപുരം: കടയ്ക്കാവൂരിൽ 13 വയസുള്ള മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഹൈക്കോടതി സിംഗിൽ ബഞ്ച് പൊളിച്ചത് അന്വേഷണ ഏജൻസിയുടെ നിഗമനങ്ങളിലെ പൊരുത്തക്കേടുകൾ. ഹർജിക്കാരിയായ അമ്മയ്ക്ക് ജാമ്യം അനുവദിച്ച് കൊണ്ട് ജസ്റ്റിസ് ഷേർസി അന്വേഷണ ഏജൻസിക്ക് നൽകിയ നിർദ്ദേശങ്ങൾ കേസിലെ സത്യം പുറത്തുകൊണ്ടുവരാൻ സഹായിക്കുന്നതാണ്. വിധിയുടെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു.
ഹൈക്കോടതി ഉത്തരം തേടിയ ചോദ്യങ്ങൾ ഇങ്ങനെ:
1. ഷാർജയിലായിരുന്ന കുട്ടിയുടെ അച്ഛൻ ഒപ്പമുള്ള വനിതയ്ക്കും കുട്ടിക്കും ഒപ്പം നാട്ടിൽ മടങ്ങിയെത്തിയത് 2020 സെപ്റ്റംബറിലാണ്. പ്രോസിക്യൂഷൻ വാദപ്രകാരം ഷാർജയിൽ താമസിക്കുമ്പോഴാണ് കുട്ടി അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. കുട്ടി മൂകനും വിഷാദവാനും ആയിരിക്കുന്നത് നിരീക്ഷിച്ച് ചോദിച്ചപ്പോഴായിരുന്നു വെളിപ്പെടുത്തൽ എന്ന് പറയുന്നു. ഷാർജയിൽ കൗൺസലിങ് സൗകര്യങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് അവിടെ ഒരുഡോക്ടറെ കാണിച്ചു. 2020 സെപ്റ്റംബറിൽ നാട്ടിൽ മടങ്ങി എത്തിയെങ്കിലും, കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് നവംബർ 10 ന് മാത്രം. ഈ കാലതാമസം അന്വേഷിക്കുന്നതിൽ അന്വേഷണ ഏജൻസി വീഴ്ച വരുത്തി. ഈ കാലതാമസം എന്തുകൊണ്ട് സംഭവിച്ചുവെന്ന് ഏജൻസി അന്വേഷിക്കണം.
2. ഇരയായ കുട്ടിക്ക് കേരളത്തിൽ എത്തിയ ശേഷം പിതാവ് അവകാശപ്പെടുന്നത് പോലെ എന്തെങ്കിലും കൗൺസലിങ് നൽകിയിട്ടുണ്ടോ? പൊലീസിൽ പരാതിപ്പെടും മുമ്പ് ഇത്തരത്തിൽ കൗൺസലിങ് നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരങ്ങൾ
3.ഭർതൃപീഡനത്തിനെതിരെ 2019 ഒക്ടോബർ 8 ന് പരാതിക്കാരി നൽകിയ പരാതിയിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പി എന്തെങ്കിലും നടപടി സ്വീകരിച്ചോ?
4. പരാതിക്കാരിയുടെ ഭർത്താവ് തനിക്കെതിരെയുള്ള കേസിനെ നേരിടാൻ കുടുംബ കോടതിയിൽ ഹാജരായിട്ടുണ്ടോ? ഇരുവരും തമ്മിലുള്ള ഭാര്യ-ഭർതൃബന്ധം വഷളായിരുന്നിരിക്കെ, മൈനറായ കുട്ടികളുടെ അവകാശത്തിനും ചെലവിനും വേണ്ടിയുള്ള പരാതിക്കാരിയുടെ നിയമപരമായ അവകാശം ഇല്ലാതാക്കുന്നതിനാണോ ഈ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്?
5. പരാതിക്കാരിയിൽ നിന്ന് വേർപെടുത്തി ഷാർജയിലേക്ക് മാറ്റിയ കുട്ടികൾക്ക് റഗുലർ സ്‌കൂളുകളിൽ ഔപചാരിക വിദ്യാഭ്യാസം നൽകുന്നുണ്ടോ? പരാതിക്കാരിയുടെ ഭർത്താവിനൊപ്പം ഷാർജയിൽ പോയ വനിതയുടെ കുട്ടികൾക്ക് റഗുലർ സ്‌കൂളിൽ ഔപചാരിക വിദ്യാഭ്യാസം നൽകുന്നുണ്ടോ? കേരളത്തിൽ നിന്ന് ഷാർജയിലേക്ക് പോകുമ്പോൾ കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു. എന്നാൽ, ഷാർജയിൽ എത്തിയ ശേഷം റഗുലർ ക്ലാസിൽ ചേർക്കാതെ ഖുറാൻ പഠിക്കാൻ മദ്രസയിലാക്കുകയായിരുന്നു എന്ന് കേസ് ഡയറിയിൽ പറയുന്നുണ്ട്.
6. ഇരയായ കുട്ടിക്ക് ക്രിമിനൽ ഉദ്ദേശ്യത്തോടെ അമ്മ മരുന്ന് നൽകിയെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. കേസ് ഡയറി പ്രകാരം കുട്ടിയുടെ ഇളയ സഹോദരന്റെ വസ്ത്രത്തിൽ നിന്ന് മരുന്നിന്റെ ഒഴിഞ്ഞ സ്ടിപ്പ് വീടുസന്ദർശനത്തിനിടെ സാമുഹിക പ്രവർത്തകൻ കണ്ടെടുത്തിരുന്നു. methylprednisolone എന്ന 10 ടാബ്ലറ്റുകൾ അടങ്ങിയ മരുന്നിന്റെ സ്ടിപ്പാണ് 10 വയസുള്ള കുട്ടിയുടെ പോക്കറ്റിൽ നിന്ന് കണ്ടെടുത്തത്. ഇത് സ്‌കിൻ അലർജിക്ക് ഡോക്ടർ കുറിച്ച മരുന്നാണെന്നാണ് പരാതിക്കാരിയുടെ മൊഴി. സ്റ്റിറോയിഡ് ടാബ്ലറ്റ് കിട്ടാൻ ഡോക്ടറുടെ കുറിപ്പടി ആവശ്യമാണ്. ഇതിന്റെ വിശദാംശങ്ങളിലേക്ക് അന്വേഷണ ഏജൻസി പോയിട്ടില്ല. ഇത് അലർജിക്ക് അമ്മ തരുന്ന മരുന്നെന്ന് ഇളയ കുട്ടിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പരാതിക്കാരി എന്തെങ്കിലും നിയമവിരുദ്ധമോ, മനുഷ്യവിരുദ്ധമോ ആയ കാര്യം ചെയ്യാൻ വേണ്ടിയാണ് മരുന്ന് നൽകിയതെന്ന് പറയാനാവില്ല. മാത്രമല്ല കഴിഞ്ഞ ഒരുവർഷമായി കുട്ടി പിതാവിനൊപ്പമായിരുന്നു. ഈ പശ്ചാത്തലത്തിൽ പരാതിക്കാരിയായ അമ്മ തനിക്ക് വേണ്ടിയോ കുട്ടികൾക്ക് വേണ്ടിയോ അലർജിക്കായി ഇത്തരം മരുന്ന് വാങ്ങാൻ ഡോക്ടറെ സമീപിച്ചിരുന്നോ എന്നും, അത്തരം മരുന്ന് ഡോക്ടർ കുറിച്ച് കൊടുത്തോ എന്നും അന്വേഷിക്കണം.
7. ശിശുസംരക്ഷണ സമിതിയുടെ ഷോട്ട് സ്‌റ്റേ ഹോമിൽ കുട്ടിയെ പാർപ്പിച്ച ദിവസങ്ങളിൽ കുട്ടിക്ക് കൗൺസലിങ് നൽകിയിരുന്നോ എന്ന് സമിതിയുടെ രേഖകൾ ഒത്തുനോക്കി സ്ഥിരീകരിക്കണം. എഫ്‌ഐആറിൽ കൗൺസലിങ് നൽകിയതായി പറയുന്ന രണ്ടുദിവസങ്ങൾ ഒഴിച്ചുള്ള ദിവസങ്ങളിലേതാണ് പരിശോധിക്കേണ്ടത്.
8 .ഇതുവരെ കേട്ടിട്ടില്ലാത്തതും ഗൗരവമേറിയതുമായ ആരോപണങ്ങളാണ് കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത് എന്നത് കണക്കിലെടുത്ത് പൊലീസ് മേധാവി ഒരുവനിത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണം.
9. കുട്ടിയുടെ ഇക്യുവും, ഐക്യുവും അടക്കം പരിശോധിക്കാൻ അന്വേഷണ ഏജൻസി മെഡിക്കൽ ടെസ്റ്റ് നടത്തണം. ഒരു വനിതാ ഡോക്ടർ അടക്കം മെഡിക്കൽ വിദഗ്ദ്ധർ അടങ്ങുന്നതാവണം മെഡിക്കൽ ബോർഡ്. ശിശുരോഗ വിദഗ്ധൻ, ചൈൽഡ് സൈക്കോളജിസ്റ്റ്, സൈക്യാട്രിസറ്റ്, ന്യൂറോളജിസ്റ്റ്, എന്നിവർ അടങ്ങുന്നതാവണം മെഡിക്കൽ ബോർഡ്.
10. അന്വേഷണ ഏജൻസി ആവശ്യമെന്ന് കരുതുന്നുവെങ്കിൽ, അന്വേഷണം പൂർത്തിയാകുന്നത് വരെ ഇരയായ കുട്ടിയുടെ സുരക്ഷിത താമസത്തിനായി അച്ഛനിൽ നിന്ന് മാറ്റി ശിശുസംരക്ഷണ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റാവുന്നതാണ്.
11. ഇത്തരത്തിലുള്ള അപൂർവവും, അവിശ്വനീയവും, മനുഷ്യത്വ രഹിതവും, മൃഗീയവുമായ ആരോപണങ്ങൾ ഉന്നയിക്കുന്ന കേസുകളിൽ, വിശേഷിച്ചും ഒരമ്മയ്‌ക്കെതിരെ ആകുമ്പോൾ പ്രാഥമികാന്വേഷണം നടത്തിയ ശേഷം മാത്രമേ കേസ് രജിസ്റ്റർ ചെയ്യാവൂ എന്ന് എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഡിജിപി നിർദ്ദേശം നൽകണം.
12 മാതൃത്വത്തിന്റെ പരിപാവനത എന്നത് പൂർണമായും അവഗണിക്കപ്പെട്ട കേസാണിതെന്നും കോടതി നിരീക്ഷിച്ചു. ' മാതൃസ്നേഹത്തോളം വലിയ ഒരു സ്നേഹവും ഭൂമിയിൽ ഇല്ല. കുഞ്ഞ് പിറക്കുന്നതിനു മുൻപേ ഉരുവം കൊള്ളുന്നതാണ് മാതൃത്വം. ഇത്തരത്തിൽ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാൻ യോഗ്യയല്ല'', കോടതി ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.
13. അമ്മയ്‌ക്കെതിരെ ഇത്തരം മൃഗീയമായ ആരോപണങ്ങൾ ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും ബ്രെയിൻ വാഷ് ചെയ്യുകയോ പഠിപ്പിച്ച് വിടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം.
14. തന്നെ അമ്മ ലൈംഗികമായി പീഡിപ്പിച്ചതായ കുട്ടിയുടെ മൊഴിയിൽ ഭേദം വന്നിട്ടില്ലെന്ന സീനിയർ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം പൂർണമായി ശരിയല്ല. പൊലീസിനും സിബ്ല്യുസിക്കും, ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിനും മുമ്പാകെ കുട്ടി നൽകിയ മൊഴികളിൽ ഭേദമുണ്ടെന്നും കോടതി നിരീക്ഷിച്ചു. തന്നെ വിവസ്ത്രനാക്കിയെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നും നഗ്ന ശരീരത്തിൽ ചു:ബിക്കാൻ പ്രേരിപ്പിച്ചുവെന്നുമാണ് സിഡബ്ല്യുസിക്ക് മുമ്പാകെ നൽകിയ മൊഴി. എന്നാൽ മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിയിൽ അമ്മ രാത്രിയിൽ വീഡിയോ കോളുകൾ ചെയ്യുമെന്നും അതിന് ശേഷം തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുമെന്നും ദേഹത്ത് കയറി കിടക്കുമെന്നുമാണ്. മെഡിക്കൽ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ കേസിലെ മെറിറ്റിലേക്ക് കടക്കാൻ നിലവിൽ കോടതി തയ്യാറായിട്ടില്ല. എല്ലാം പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ വിചാരണക്കോടതിയടക്കം തീരുമാനമെടുക്കൂവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
കടയ്ക്കാവൂർ പോക്‌സോ കേസിൽ കുട്ടിയുടെ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം നൽകുമ്പോൾ പൊളിയുന്നത് പൊലീസിന്റെ വാദങ്ങളാണ്. അന്വേഷണത്തിൽ വീഴ്ചകളുണ്ടെന്ന പരോക്ഷ പരാമർശമാണ് ഹൈക്കോടതി നടത്തുന്നത്. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപവത്കരിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയതും ഈ സാഹചര്യത്തിലാണ്. ഇതോടെ കേസിൽ പുതിയ അന്വേഷണം നടക്കും.
നിലവിൽ നടക്കുന്ന അന്വേഷണം പുരോഗമിച്ച സാഹചര്യത്തിൽ ഇനി കുട്ടിയുടെ അമ്മയെ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യം ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ പുരോഗതി അറിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപാധികളോടെയാണ് അമ്മയ്ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതി നിരീക്ഷിച്ചത് ശ്രദ്ധേയമാണ്. അന്വേഷണപുരോഗതി എങ്ങനെയെന്ന് കോടതിയെ കൃത്യമായ ഇടവേളകളിൽ അറിയിക്കണം - കോടതി നിരീക്ഷിച്ചു.
അമ്മയക്ക് നേരത്തെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതിചേർക്കപ്പെട്ട അമ്മയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാർ കോടതിയിൽ എതിർത്തിരുന്നു. കുട്ടിയുടെ മൊഴി ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഇതൊരു കുടുംബ പ്രശ്‌നം മാത്രമല്ല, അതിനും അപ്പുമറമുള്ള ചില തലങ്ങൾ ഈ കേസിനുണ്ടെന്നും പറഞ്ഞിരുന്നു. ഇതെല്ലാം പരിഗണിച്ചിട്ടും അമ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചത് പൊലീസിന്റെ വാദങ്ങളെ തള്ളിക്കളയലാണ്.
അമ്മ കുട്ടിക്ക് ചില മരുന്നുകൾ നൽകിയിരുന്നെന്നും അത് ഇവരിൽനിന്ന് കണ്ടെടുത്തിരുന്നെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടർന്ന് കേസ് വിധിപറയാൻ മാറ്റിയിരിക്കുകയായിരുന്നു. അമ്മ രാത്രിയിൽ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നാണ് മകൻ പറയുന്നത്. മകനെ ഉപയോഗിച്ച് കള്ളക്കേസ് നൽകിയിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അച്ഛൻ പറഞ്ഞു. ഡിസംബർ 18നാണ് പൊലീസ് അമ്മക്കെതിരെ കേസെടുത്തത്.
വിവാഹ ബന്ധം വേർപെടുത്താതെ ഭർത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. അമ്മയെ കേസിൽ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്ന് ഇളയ മകൻ വെളിപ്പെടുത്തിയിരുന്നു. ചേട്ടനെ മർദിച്ച് പരാതി നൽകുകയായിരുന്നുവെന്നും ഇളയ മകൻ പറയുകയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ