കൊച്ചി: അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിന് ഉണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടൻ കൈലാഷ്. ജോളി ജോസഫ് ഫേസ്‌ബുക്കിൽ എഴുതിയ കാര്യങ്ങളെ കുറിച്ചാണ് കൈലാഷും ശരിവെച്ചിരിക്കുന്നത്. മൂന്നുമാസം മുൻപ് കട്ടിലിൽ നിന്ന് നിലത്ത് വീണ ജോൺ പോൾ മൂന്ന് മണിക്കൂറോളം തറയിൽ കിടന്നിരുന്നതായി കൈലാഷ് പറഞ്ഞു.

ഈ വിവരം ആംബുലൻസ്, ഫയർഫോഴ്സ് അധികൃതരെ അറിയിച്ചെങ്കിലും സഹായത്തിന് എത്തിയില്ല. ആശുപത്രിക്ക് മാറ്റാൻ ആണെങ്കിൽ വരാമെന്നായിരുന്നു അവരുടെ മറുപടി. തണുത്ത നിലത്ത് മണിക്കൂറോളം കിടന്നത് അദ്ദേഹത്തെ ബുദ്ധിമുട്ടുണ്ടാക്കി. മണിക്കൂറുകൾക്ക് ശേഷം പാലാരിവട്ടം പൊലീസാണ് സഹായത്തിന് എത്തിയതെന്നും കൈലാഷ് പറഞ്ഞു.

ജനുവരി 21നാണ് സംഭവമുണ്ടായത്. സംഭവത്തിൽ അധികാരികൾ ഇടപെടുമെന്ന് പ്രതീക്ഷയെന്നും കൈലാഷ് പറഞ്ഞു. കൈലാഷിന്റെ വാക്കുകൾ ഇങ്ങനെ: താനന്ന് കൊച്ചിയിലേക്ക് എത്തിയിരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്ന് കൈലാഷ് പറഞ്ഞു. ജോൺപോൾ സാറിന്റെ വളരെ വേണ്ടപ്പെട്ടയാളും തന്റെ സുഹൃത്തുമായ നിർമ്മാതാവ് ജോളി ജോസഫിനെ ജോൺപോൾ സർ വിളിച്ച് പെട്ടന്നെത്താൻ പറഞ്ഞു. എന്നെ വിളിക്കുന്നത് ജോളി ജോസഫാണ്. 20 മിനിറ്റുകൊണ്ട് പാലാരിവട്ടത്തെ സാറിന്റെ വീട്ടിലെത്തി. അവിടെയത്തിയപ്പോൾ ജോൺ പോൾ സാർ വീണുകിടക്കുന്നതാണ് കണ്ടത്.

'കട്ടിലിൽ എഴുന്നേറ്റിരിക്കാൻ ശ്രമിക്കുമ്പോൾ ബെഡ് പുറകോട്ടുപോയതായിരുന്നു. പക്ഷേ സാർ സംസാരിക്കുന്നുണ്ടായിരുന്നു. നടുവിന് പ്രശ്‌നമുള്ളതുകൊണ്ട് തന്നെ പൊക്കാൻ ശ്രമിക്കരുതെന്ന് സാർ പറഞ്ഞു. ഒരു സ്‌ട്രെച്ചർ കിട്ടിയാൽ നന്നാവുമെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. അങ്ങനെ ആംബുലൻസിനായി വിളിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് അവർക്ക് എത്താൻ സാധിക്കുകയെന്നാണ് മറുപടി കിട്ടിയത്. പിന്നെ ഫയർ ഫോഴ്‌സിനെ വിളിച്ച് കാര്യം പറഞ്ഞു. അവർ പറഞ്ഞത് ആംബുലൻസ് വിളിക്കാനും വൈദ്യസഹായമാണ് അവിടെ ആവശ്യമെന്നുമാണ്.

സാറിന്റെ ഭാര്യ മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. അവർ ആകെ ഭയന്നിരുന്നു. ഇതിനിടെ സുഹൃത്തും നടനുമായ ദിനേഷ് പ്രഭാകർ വിളിക്കുകയും വരികയും ചെയ്തു. എന്താണ് ചെയ്യാൻ പറ്റുക എന്ന് എല്ലാവരും ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടു. പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ വന്നു. സാറിനെ പൊക്കിയെടുക്കാൻ സാധിക്കില്ലെന്ന് കണ്ടപ്പോൾത്തന്നെ അവർക്ക് മനസിലായി. രാവിലെ പത്ത് പത്തരയായപ്പോഴാണ് സാർ വീഴുന്നത്. പൊലീസ് എത്തുമ്പോൾ ഉച്ചയ്ക്ക് 12 മണി കഴിഞ്ഞിരുന്നു. അത്രയും സമയം അദ്ദേഹം വെറും നിലത്ത് ഇരിക്കുകയായിരുന്നു. പൊലീസും ആംബുലൻസിനായി വിളിച്ചപ്പോഴും നേരത്തേ ലഭിച്ച മറുപടി തന്നെയായിരുന്നു. ഒടുവിൽ കുറേ നേരം കാത്തിരുന്നശേഷം മെഡിക്കൽ സെന്ററിൽ നിന്ന് ഒരു ആംബുലൻസ് വന്നിട്ടാണ് സ്‌ട്രെച്ചർ കിട്ടിയത്.

ശേഷം സാറിനെ ബെഡ്ഡിലേക്ക് ചരിച്ച് കിടത്തുകയായിരുന്നു. അത്രയും സമയം നമുക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നതാണ് വിഷമം. സഹായിക്കാൻ വിളിക്കാമായിരുന്നില്ലേ എന്ന് ചോദിച്ച് ഒരുപാടുപേർ വിളിച്ചിരുന്നു. പക്ഷേ ആളുകൂടിയിട്ട് കാര്യമില്ലല്ലോ. പരിശീലനം ലഭിച്ച ഒരാളെയായിരുന്നു അവിടെ ആവശ്യമെന്നും കൈലാഷ് പറഞ്ഞു.

ഈ ദുരനുഭവം തുറന്നു പറഞ്ഞ് നടൻ ജോളി ജോസഫ് നേരത്തെ രംഗത്തെത്തിയിരുന്നു. ജോൺ പോളിന്റെ മരണം ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതാക്കുറവ് കൊണ്ട് സംഭവിച്ചതാണെന്നാണ് ജോളി ജോസഫ് പറഞ്ഞത്. സംഭവ സമയത്ത് നടൻ കൈലാഷ്, ഭാര്യ, നടൻ ദിനേഷ് പ്രഭാകർ എന്നിവർ ഒപ്പമുണ്ടായിരുന്നതായി ജോളി ജോസഫ് പറഞ്ഞിരുന്നു. ജോളി ജോസഫിന്റെ ഫേസ് ബുക്ക് കുറിപ്പ് കൈലാഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.