തിരുവനന്തപുരം: മോഹൻലാലിനെ ബ്രാൻഡ് അംബാസിഡറാക്കി കച്ചവടം കൊഴിപ്പിച്ചിരുന്ന കൈരളി ടിഎംടി സ്റ്റീൽ ബാർസിന്റെ വമ്പൻ തട്ടിപ്പിന്റെ വിവരങ്ങളാണ് ഇന്നലെ മറുനാടൻ പുറത്തുവിട്ടത്. ഡയറക്ടർ ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജിൻസ് നടത്തിയ പരിശോധനയിൽ നൂറ് കോടിയുടെ അധികം നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. കോടികളുടെ തട്ടിപ്പു നടത്തിയ കമ്പനി മാധ്യമങ്ങളുടെ പരസ്യദാതാവ് കൂടി ആയതോടെ മിക്കവരും തട്ടിപ്പ് കണ്ടില്ലെന്ന് നടിച്ച് വാർത്ത നൽകിയിട്ടില്ല.

കൈരളി ടി.എം ടി സ്റ്റീൽ ബാർസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്തിനെയാണ് ഡയറക്ടറെറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ ഹുമയൂൺ കള്ളിയത്തിനെ കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഒന്നര വർഷത്തോളം നീണ്ട നിരീക്ഷണത്തിന്നൊടുവിലാണ് ഹുമയൂൺ കള്ളിയത്തിനെ ഇന്നു അറസ്റ്റ് ചെയ്തത്. കൈരളി ടിഎംടി ജിഎസ്.ടി വെട്ടിപ്പു നടത്തുന്നുണ്ടെന്ന വിവരമാണ് അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടിള്ളത്. നാനൂറ് കോടിയുടെ കള്ളബിൽ ഉണ്ടാക്കിയെന്നാണ് ജിഎസ്ടി ഇന്റജിലിൻസ് കണ്ടെത്തിയിരിക്കുന്നത്. ഇത് വഴി 43 കോടിയോളം രൂപ ജിഎസ്ടി ഇനത്തിൽ മാത്രം സർക്കാറിന് നഷ്ടമായെന്നുമാണ് വിവരം. ഇത് സംബന്ധിച്ച പരിശോധനകൾ വിലുപപ്പെടുത്തിയാൽ തട്ടിപ്പിന്റെ വ്യാപ്തി ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.

കള്ള ബിൽ അടച്ച് ടാക്സ് ക്രെഡിറ്റ് ഉണ്ടാക്കും. സാധനങ്ങൾ ഷോപ്പിൽ നിന്ന് പോകാതെ തന്നെയാണ് ഇവർ ബിൽ അടിച്ചു കൊണ്ടിരുന്നത്. ഇത് നിരന്തരം ഇവർ ചെയ്തു കൊണ്ടിരുന്നു. ഇതോടെ വളരെ ചെറിയ ജിഎസ്ടി വിഹിതമാണ് സർക്കാരിലേക്ക് പോയത്. ഇത് മനസിലാക്കി രണ്ടു തവണ കേന്ദ്ര ജിഎസ്ടി അധികൃതർ കൈരളി ടി.എം ടി സ്റ്റീൽ ബാർസിൽ റെയ്ഡ് നടത്തിയിരുന്നു. എന്നിട്ടും തട്ടിപ്പു തുടരുകയാണ് ഈ ഗ്രൂപ്പു ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.

ഹുമയൂൺ കള്ളിയത്താണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കി. ജിഎസ്ടി ഇന്റലിജൻസ് ഓഫീസർ ജിജോ ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹുമയൂണിനെ അറസ്റ്റു ചെയ്തത്. സീനിയർ ഇന്റലിജലൻസ് ഓഫീസർമാരായ ഹരീന്ദ്രൻ കെ, ഷാഹുൽ ഹമീദ് എ, ബാലഗോപാൽ ജി കുര്യൻ എന്നിവരും ഇന്റലിജൻസ് ഉദ്യോഗസ്ഥരായ വൈശാഖ് പി വൈശാഖൻ, അശോക് കുമാർ ദാട്ടി, മഞ്ജു കൃഷ്ണദാസ്, ജിതു തുടങ്ങിയവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്. ജിഎസ്ടി ഇന്റലിജന്റ്‌സ് ഡെപ്യൂട്ടി ഡയറക്ടർ കൃഷ്‌ണേന്തു മിന്റുരാജ, അഡീഷണൽ ഡയറക്ടർ നസീർ ഖാൻ എന്നിവരും അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു.

മോഹൻലാൽ ബ്രാൻഡ് അംബാസഡർ ആയ സ്റ്റീൽ കമ്പനിയാണ് കൈരളി ടിഎംടി സ്റ്റീൽ കമ്പനി. ഇവരുടെ പരസ്യ ചിത്രങ്ങളിൽ തുടരെ പ്രത്യക്ഷപ്പെടുന്നതും ലാൽ തന്നെയാണ്. സ്റ്റീൽ വ്യവസായത്തിൽ അടുത്തിടെയാണ് കൈരളി ടി.എം ടി സ്റ്റീൽ ബാറിനുള്ളത്. ദക്ഷിണേന്ത്യയിലെ ഗുണനിലവാരമുള്ള ടിഎംടി സ്റ്റീൽ ബാറുകളുടെ മുൻനിര നിർമ്മാതാക്കളും ഒന്നാം സ്ഥാനക്കാരുമാണ് ഈ കമ്പനി.