കൊച്ചി: കാക്കനാട് ലഹരി മരുന്ന് കേസിൽ എക്‌സൈസ് ജില്ലാ യൂണിറ്റ് വിട്ടയച്ച യുവതി അറസ്റ്റിൽ. തിരുവല്ല സ്വദേശിനി ത്വയ്ബയാണ് അറസ്റ്റിലായത്. രാവിലെ പത്തു മണി മുതൽ എക്‌സൈസ് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ചെന്നൈയിൽനിന്ന് എംഡിഎംഎ കേരളത്തിൽ എത്തിച്ച സംഘത്തിലുണ്ടായിരുന്നെന്ന് ഇവർ ചോദ്യംചെയ്യലിൽ സമ്മതിച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ നേരത്തെ ഒഴിവാക്കിയത് കാമുകനായ പ്രതി കേണപേക്ഷിച്ചതോടെ എന്ന വാർത്ത പുറത്തുവന്നിരുന്നു. കാമുകിക്ക് രണ്ട് കുട്ടികൾ ഉള്ള കാര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യപ്രതി എക്സൈസിന്റെ കാലുപിടിച്ചത്. കേസിൽ ഏഴു പേരെ കസ്റ്റഡിയിലെടുത്തതു മുതൽ മുഖ്യപ്രതി തന്റെ കാമുകിയെ ഒഴിവാക്കണമെന്ന് എക്സൈസിനോട് അപേക്ഷിച്ചുകൊണ്ടിരുന്നു. മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ച് കാമുകിക്ക് ഒന്നും അറിയില്ലെന്നും താൻ ആവശ്യപ്പെട്ട പ്രകാരം അപ്പാർട്ട്‌മെന്റിൽ വന്നതാണെന്നുമാണ് ഇയാൾ പറഞ്ഞത്.

കാമുകിക്ക് രണ്ട് കുട്ടികളുള്ളതാണെന്നും കേസിൽ കുടുക്കിയാൽ ഇവരുടെ കാര്യം കഷ്ടമാകുമെന്നെല്ലാം പറഞ്ഞതോടെ എക്സൈസ് ഉദ്യോഗസ്ഥരുടെ മനസ്സലിയുകയായിരുന്നു. ഇതോടെ ഇവരെ ഒഴിവാക്കാൻ ഉദ്യോഗസ്ഥൻ തീരുമാനിക്കുകയായിരുന്നു. ഇവരെ കേസിൽ പ്രതിചേർക്കാതെ മാറ്റിനിർത്തിയതിനെ പ്രതി ശബ്ന തന്നെ എക്സൈസ് ഓഫീസിൽവെച്ച് ചോദ്യം ചെയ്തിരുന്നു. കേസിൽ ഇവർക്കും പങ്കുണ്ടെന്നായിരുന്നു ശബ്ന പറഞ്ഞത്. എന്നാൽ, ഇതിനെ കേസിലെ മുഖ്യപ്രതി എതിർക്കുകയും ശബ്‌നയെ തടയാൻ ശ്രമിക്കുകയും ചെയ്തു.

വാഹനത്തിൽ മറ്റു പ്രതികൾക്കൊപ്പം ത്വയ്ബ യാത്ര ചെയ്തതിന്റെ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. നേരത്തേ പിടിയിലായ മറ്റു പ്രതികൾ ലഹരിക്കടത്തിൽ ഇവരുടെ പങ്ക് വ്യക്തമാക്കി. ഇതോടെ ത്വയ്ബയെയും മറ്റു പ്രതികളെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. തുടർന്നാണ് ഇവർ ലഹരിക്കടത്തിലെ മുഖ്യകണ്ണിയാണെന്നു സമ്മതിച്ചതും അറസ്റ്റു രേഖപ്പെടുത്തിയതും.

മറ്റു പ്രതികൾക്കൊപ്പം ഇവരെ പ്രതിചേർക്കാതെ വിട്ടയച്ചത് വിവാദമായതോടെ രാവിലെ കസ്റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും, ലഹരി കടത്തലിന് അകമ്പടിയായി ഉപയോഗിച്ചിരുന്ന നായ്ക്കളെ കൊണ്ടുപോയ സ്ത്രീയെയും ചോദ്യം ചെയ്യുന്നുണ്ട്. ഇവർക്ക് ലഹരി കടത്തുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുമ്പോഴേ അറസ്റ്റു കാര്യത്തിൽ തീരുമാനമുണ്ടാകൂ.

ഹൈക്കോടതിയിലെ അഭിഭാഷകയ്‌ക്കൊപ്പമാണ് ഇവർ ചോദ്യം ചെയ്യലിനു ഹാജരായത്. കഴിഞ്ഞ 19നാണ് കാക്കനാട് വാഴക്കാലയിലെ ഫ്‌ളാറ്റിൽനിന്ന് 84 ഗ്രാം ലഹരിയുമായി സംഘം അറസ്റ്റിലായത്. പിന്നീട് ഇവർ താമസിച്ച ഫ്‌ളാറ്റിലെ അലക്കാനുള്ള തുണികൾ ഇടുന്ന സ്ഥലത്തുനിന്ന് ഒരുകിലോയിലേറെ ലഹരി കണ്ടെടുത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് വിട്ടയച്ച പ്രതിക്കെതിരെ ആരോപണം ഉയർന്നത്..

പ്രതിയായ ശബ്‌ന മയക്കുമരുന്നടങ്ങിയ കവർ എടുത്തുകൊണ്ടുപോകുമ്പോഴും യുവതി അരികിൽ നിൽക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. ഇതിനാൽത്തന്നെ മയക്കുമരുന്ന് ഒളിപ്പിച്ച കാര്യം യുവതിക്ക് അറിയാമെന്ന് സംശയം ഉയർന്നിരുന്നു. അതേസമയം, കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ എന്തുകൊണ്ട് കേസിൽ നിന്ന് ഒഴിവാക്കിയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകാമെന്ന ഉറപ്പിൽ കേസിൽ പിടിയിലാകുന്ന ചിലരെ ഒഴിവാക്കുന്ന രീതി എക്സൈസിനും പൊലീസിനുമുണ്ട്. കേസിൽ വലിയ ബന്ധമില്ലാത്തവരെയാണ് ഇങ്ങനെ ഒഴിവാക്കാറ്്. ഇങ്ങനെയാണോ യുവാവിനെ കേസിൽ പ്രതിയാക്കാതെ മാറ്റിനിർത്തിയതെന്നാണ് സംശയിക്കുന്നത്.

അതേസമയം, ഏത് സാഹചര്യത്തിൽ പ്രതികളെ ഒഴിവാക്കിയാലും പരിശോധനയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരോട് ഈ വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്. കാരണം, പ്രതികൾക്ക് കേസിൽ എത്രത്തോളം പങ്കുണ്ടെന്ന് പറയാൻ സാധിക്കുക പരിശോധനയ്ക്ക് പോകുന്ന ഉദ്യോഗസ്ഥരാകും. എന്നാൽ, ഇതിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥർ മുതിർന്നില്ല.