- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലനിൽപ്പിന് വേണ്ടിയുള്ള രണ്ട് സമരങ്ങൾ ആരും കാണുന്നില്ല; വാർത്ത ഒരു കോർപ്പറേറ്റ് ഉത്പന്നം ആകാതിരിക്കാൻ മാദ്ധ്യമ പ്രവർത്തകരുടെ നിലനിൽപ്പ് സമരത്തിൽ; മലബാർ ഗോൾഡിനെതിരായ ജനകീയ പ്രതിഷേധം 200 ാം ദിവസത്തിലേക്ക്; ഇരു വാർത്തകളും മുക്കി പ്രമുഖ മാദ്ധ്യമങ്ങൾ!
കോഴിക്കോട്: വാർത്ത ഒരു കോർപ്പറേറ്റ് ഉൽപ്പനം ആകാതിരിക്കാൻ എന്ന മുദ്രാവാക്യം ഉയർത്തി കേരള പത്രപ്രവർത്ത യൂണിയൻ ആഭിമുഖ്യത്തിലുള്ള മാദ്ധ്യമ പ്രവർത്തകരുടെ നിലനിൽപ്പ് സമരം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ, കാക്കഞ്ചേരി കിൻഫ്ര പാർക്കിലെ നിർദ്ദിഷ്ട മലബാർ ഗോൾഡ് സ്വർണാഭരണ നിർമ്മാണശാലക്കെതിരെയുള്ള പ്രദേശവാസികളുടെ സമരം ഇരുന്നൂറാം ദിവസത
കോഴിക്കോട്: വാർത്ത ഒരു കോർപ്പറേറ്റ് ഉൽപ്പനം ആകാതിരിക്കാൻ എന്ന മുദ്രാവാക്യം ഉയർത്തി കേരള പത്രപ്രവർത്ത യൂണിയൻ ആഭിമുഖ്യത്തിലുള്ള മാദ്ധ്യമ പ്രവർത്തകരുടെ നിലനിൽപ്പ് സമരം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ, കാക്കഞ്ചേരി കിൻഫ്ര പാർക്കിലെ നിർദ്ദിഷ്ട മലബാർ ഗോൾഡ് സ്വർണാഭരണ നിർമ്മാണശാലക്കെതിരെയുള്ള പ്രദേശവാസികളുടെ സമരം ഇരുന്നൂറാം ദിവസത്തിലേക്ക് കടക്കുന്നു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകർ പത്രപ്രവർത്തക യൂണിയന്റെ സമരത്തിൽ അണിനിരക്കുന്ന ജൂലൈ ഏഴിനാണ് കാക്കഞ്ചേരിയിലെ സമരം ഇരുന്നൂറ് ദിവസം തികയ്ക്കുന്നത്. പക്ഷേ എല്ലാം റിപ്പോർട്ട് ചെയ്യുന്ന മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ രണ്ടു ചെറുത്തുനിൽപ്പുകൾക്ക് നേരെയും കണ്ണടക്കുകയാണ്. നമ്മുടെ മാദ്ധ്യമരംഗം ഏത് രീതിയിൽ അധ:പ്പതിച്ചുവെന്നതിന്റെ വ്യക്തമായ സൂചനയുമാണ് ഈ രണ്ട് അനുഭവങ്ങളും.
മാതൃഭൂമിയിൽ നിന്നും പിരിച്ചുവിട്ട സി നാരായണനെ തിരിച്ചെടുക്കുക, മാതൃഭൂമി മാനേജ്‌മെന്റിന്റെ തൊഴിലാളി പീഡനം അവസാനിപ്പിക്കുക, ഇന്ത്യാവിഷൻ ജീവനക്കാർക്ക് തൊഴിലും കൂലിയും നൽകുക, കേരള കൗമുദിയിൽ വേജ് ബോർഡ് നടപ്പിലാക്കുക, ജീവൻ ടി വിയിൽ നിന്നും പിരിച്ച് വിട്ടവരെ തിരിച്ചെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാദ്ധ്യമ പ്രവർത്തകർ സമരം ചെയ്യുന്നത്. ജനങ്ങളുടെ പിന്തുണയിൽ വളർന്ന് അവരെ തന്നെ വിഴുങ്ങുന്ന കോർപ്പറേറ്റുകളായി മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തെ മാദ്ധ്യമ സ്ഥാപനങ്ങൾ പ്രകടിപ്പിക്കുന്ന ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നിലപാടുകൾക്കെതിരായ പ്രക്ഷോഭത്തിന്റെ തുടക്കമാണ് മാദ്ധ്യമ പ്രവർത്തകരുടെ സമരമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കുന്നു. നിരവധി രാഷ്ട്രീയട്രേഡ് യൂണിയൻ നേതാക്കൾ സമരപ്പന്തലിലത്തെി ആവേശ പ്രസംഗം നടത്തുന്നുണ്ടെങ്കിലും മാതൃഭൂമിയും മനോരമയും ഉൾപ്പെടെയുള്ള പ്രമുഖ മാദ്ധ്യമങ്ങളൊന്നും ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നില്ല.
സമരം 200 ദിവസം പിന്നിട്ടെങ്കിലും കാക്കഞ്ചേരിയിലെ സമരത്തെക്കുറിച്ചും മാദ്ധ്യമങ്ങളിൽ വാർത്തകൾ വരാറില്ല. പരസ്യദാതാക്കളായ മലബാർ ഗോൾഡിനെ പിണക്കാൻ തയ്യാറല്ലാത്തതിനാൽ എല്ലാ മാദ്ധ്യമങ്ങളും ശ്രദ്ധേയമായ ഈ പോരാട്ടത്തെ കാണാതിരിക്കുന്നു. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കേണ്ട ഭരണാധികാരികളുടെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും ഒത്താശയോടെയാണ് മാരക രാസമാലിന്യങ്ങൾ പുറത്തുവിടുന്ന ഫാക്ടറി പ്രവർത്തനം തുടങ്ങാനൊരുങ്ങുന്നത്. എന്നാൽ വസ്തുതകൾ ലോകത്തെ അറിയിക്കേണ്ട മാദ്ധ്യമങ്ങൾ വാർത്തകൾ തമസ്‌ക്കരിക്കുന്നു.
ഈ സാഹചര്യത്തിൽ ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. നവമാദ്ധ്യമങ്ങളുടെയും പരിസ്ഥിതി സ്‌നേഹികളുടെയും പിന്തുണയോടെ സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുന്നൂറാം സമരദിനമായ ജൂലൈ ഏഴിന് കാക്കഞ്ചേരി സമരപ്പന്തലിൽ സമരദിന സംഗമവും സംഘടിപ്പിക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികൾ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവരുടെ മുഖപത്രത്തിൽ പോലും സമരത്തെക്കുറിച്ചുള്ള വാർത്തകൾ വരാറില്ലെന്ന് സമരസമിതി നേതാക്കൾ കുറ്റപ്പെടുത്തുന്നു. മലബാർ ഗോൾഡിന്റെ പരസ്യത്തിന്റെ ശക്തി ഇത്രയധികമാണെന്ന് സമര സമിതി നേതാക്കൾ പോലും തിരിച്ചറിഞ്ഞു കഴിഞ്ഞു.
2003 ആഗസ്റ്റിലാണ് മലപ്പുറം കാക്കഞ്ചേരിയിലെ കിൻഫ്ര പാർക്ക് രാജ്യത്തിന് സമർപ്പിക്കപ്പെട്ടത്. ഇവിടെ സ്ഥലം അനുവദിക്കപ്പെട്ട മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണ ശാല പ്രവർത്തനം ആരംഭിച്ചാൽ പ്രതിദിനം കിലോക്കണക്കിന് സ്വർണ്ണാഭരണം ഇവിടെ നിർമ്മിക്കും.കേന്ദ്ര സർക്കാറിന്റെ ഫുഡ് സേഫ്റ്റി നിയമ പ്രകാരം രാസമാലിന്യങ്ങൾ പുറന്തള്ളുന്ന കമ്പനികൾ ഫുഡ് പാർക്കിൽ ആരംഭിക്കാൻ പാടില്ല. ഇതെല്ലാം മറികടന്നാണ് മലബാർ ഗോൾഡ് പാർക്കിൽ കയറിപ്പറ്റിയത്. ഇതോടെയാണ് ജനങ്ങൾ സമരവുമായി രംഗത്തത്തെിയത്. പാർക്കിന്റെ സമീപത്തായി നിരവധി വീടുകളും കടകളുമെല്ലാം പ്രവർത്തിക്കുന്നുണ്ട്. ജനവാസ മേഖലയിൽ ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കാൻ പാടില്ലൊണ് നിയമമെങ്കിലും ഇവിടെ അതൊന്നും പരിഗണിക്കപ്പെട്ടില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ താത്ക്കാലികമായി നിർമ്മാണ പ്രവർത്തനങ്ങൾ കമ്പനി നിർത്തിവച്ചെങ്കിലും പിന്നീട് അത് തുടർന്നു. പദ്ധതി തുക ഉൾപ്പെടെ വെട്ടിക്കുറച്ച് പദ്ധതിയെ റെഡ് കാറ്റഗറിയിൽ നിന്ന് ഒഴിവാക്കിയെടുത്താണ് നിർമ്മാണ പ്രവർത്തി തുടർന്നത്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് കാക്കഞ്ചേരി. ഇവിടെ ഇത്തരമൊരു സ്ഥാപനം പ്രവർത്തനമാരംഭിച്ചാൽ നിരവധി ജനങ്ങളുടെ ജീവിതത്തെ അത് ബാധിക്കും. കാഡ്മിയം, മെർക്കുറി, സെലിനിയം, ടെലൂറിയം, റുഥീനിയം തുടങ്ങിയ നിരവധി രാസപദാർത്ഥങ്ങൾ മനുഷ്യ ജീവനെ പ്രതികൂലമായി ബാധിക്കും. നിർമ്മാണ ആവശ്യങ്ങൾക്കായി വെള്ളം ഊറ്റിയെടുക്കുമ്പോൾ അത് പ്രദേശത്തെ ജല ക്ഷാമത്തിലേക്കും നയിക്കുമെന്ന് ഉറപ്പാണ്. ഇത്തരം നിരവധി വിഷയങ്ങൾ ഉന്നയിച്ചായിരുന്നു ജനങ്ങൾ സമരം ആരംഭിച്ചത്. എന്നാൽ ഒരു മുഖ്യധാരാ മാദ്ധ്യമ പ്രവർത്തകരും ഈ വഴിക്ക് ചെന്നുനോക്കിയില്ല. സമരത്തിന്റെ വാർത്തകൾ നൽകാതിരുന്ന മാദ്ധ്യമങ്ങൾ മലബാർ ഗ്രൂപ്പ് ചെയർമാന്റെ വിശദീകരണങ്ങൾ വ്യക്തമായി നൽകുകയും ചെയ്തു. കേരള കൗമുദി ഉൾപ്പെടെയുള്ള പത്രങ്ങളുടെ റിപ്പോർട്ടർമാർ മലബാർ ഗ്രൂപ്പിന് അനുകൂലമായ പ്രത്യേകം വാർത്തകൾ കെട്ടിച്ചമയ്ക്കുകയും ചെയ്തു.
മലബാർ ഗോൾഡിന് ചുമത്തിയ 15 കോടി രൂപയുടെ പിഴ റദ്ദാക്കിയ വാണിജ്യ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ കെ എം ഇസ്സുദ്ദീനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നടന്ന പ്രക്ഷോഭങ്ങളും മാദ്ധ്യമങ്ങൾ അവഗണിക്കുകയായിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് നിയമവിരുദ്ധമായി സ്വർണം വാങ്ങുകയും വിൽപ്പന നടത്തുകയും ചെയ്ത കുറ്റത്തിനായിരുന്നു പിഴ ചുമത്തിയത്. പിഴ ഒഴിവാക്കിയതോടെ ഈ വകയിൽ മൂന്നിരട്ടി നികുതി കൊടുക്കേണ്ടതിൽ നിന്നാണ് മലബാർ ഗോൾഡ് അന്ന് രക്ഷപ്പെട്ടത്.
ലക്ഷക്കണക്കിന് രൂപയുടെ പരസ്യങ്ങളാണ് മലബാർ ഗോൾഡും ചെമ്മണൂരുമെല്ലാം മാദ്ധ്യമങ്ങൾ നൽകുന്നത്. തങ്ങൾ ചെയ്യുന്ന നിയമ വിരുദ്ധ കാര്യങ്ങൾക്ക് ഈ പരസ്യങ്ങളെ ഈ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം വാർത്തകൾ തന്റെ സ്ഥാപനം തമസ്‌ക്കരിക്കുമ്പോൾ മാദ്ധ്യമ പ്രവർത്തകർ തീർത്തും നിസ്സഹായരാവുകയാണ് ചെയ്യുന്നത്. തങ്ങൾ വാർത്തകൾ നൽകാറുണ്ടെങ്കിലും സ്ഥാപനം അത് പിൻവലിക്കുന്നതിൽ തങ്ങൾക്കെന്ത് ചെയ്യാൻ കഴിയുമെന്നാണ് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യം. ഇത്തരം ചോദ്യങ്ങൾ തന്നെയാണ് നിലനിൽപ്പ് സമരത്തിലൂടെ കേരള പത്രപ്രവർത്തക യൂണിയനും ഉന്നയിക്കുന്നത്. പുത്തൻ കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിരവധി വാർത്തകർ തമസ്‌ക്കരിക്കാൻ മാദ്ധ്യമ ലോകം നിർബന്ധിതരാവുന്നു.
കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു ഉൽപന്നമായി വാർത്തയെ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിനെ ചെറുത്തേ തീരു. ആ ചെറുത്ത് നിൽപ്പ് യൂണിയൻ ശക്തിപ്പെടുത്തുകയാണെന്ന് പത്രപ്രവർത്തക യൂണിയൻ നേതാക്കൾ വ്യക്തമാക്കുന്നു. മലബാർ ഗോൾഡിന്റെ വാർത്തയെ മുക്കുന്നതിനൊപ്പമാണ് പത്രപ്രവർത്തക യൂണിയന്റെ വാർത്തകളെയും പ്രമുഖ മാദ്ധ്യമങ്ങൾ തമസ്‌ക്കരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സമരവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ വാർത്ത ഏതെങ്കിലും പത്രത്തിൽ വരുമോ എന്നറിയില്ല. വന്നാലും ഇല്ലെങ്കിലും ഫേസ് ബുക്ക് വഴിയെങ്കിലും ഇത് പ്രചരിപ്പിക്കാൻ ശ്രമിക്കണേ എന്ന് യൂണിയൻ നേതാക്കൾക്ക് പത്രപ്രവർത്തകരോട് പറയേണ്ടിവന്നത്.
അതേസമയം പത്രപ്രവർത്തക യൂണിയൻ ജേർണലിസ്റ്റ് ഫുട്‌ബോൾ ലീഗ് സംഘടിപ്പിച്ചതും, ഹാൾ നവീകരിച്ചതും, മലബാർ ഗോൾഡിന്റെയും ചെമ്മണൂരിന്റെയും സഹായം കൊണ്ടാണ്. കേരളത്തിലെ കോർപ്പറേറ്റുകളുടെ സഹായം പത്രപ്രവർത്തകരുടെയും സംഘടനയ്ക്കും പലവട്ടം തേടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്കെതിരെയുള്ള വാർത്തകൾ മുങ്ങിപ്പോകുമ്പോൾ യൂണിയൻ നേതാക്കൾക്ക് വലിയ സങ്കടമൊന്നും തോന്നിയിട്ടുണ്ടാവില്ല. എന്നാൽ കാക്കഞ്ചേരിയിലെ ജനങ്ങളും, സാധാരണ പത്രപ്രവർത്തകരും ഒരേ പോലെ നിലനിൽപ്പിനായി പോരാടുകയാണ്.