ചാലക്കുടി: ചലച്ചിത്ര താരം കലാഭവൻ മണിയുടെ മരണം അസ്വാഭാവികമെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. മണിയുടെ ആന്തരികാവയവ പരിശോധനഫലമാണ് ഇതിന് കാരണം. മണിയുടെ ആന്തരികാവയവത്തിൽ കിടാനാശിനി കണ്ടെത്തി. ചെടികളിൽ അടിക്കുന്ന കിടനാശിനിയാണ് കണ്ടെത്തിത്. മെഥനോളിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മണിയെ ആരെങ്കിലും മനപ്പൂർവ്വം അപായപ്പെടുത്തിയാണെന്ന സംശയം ബലപ്പെടുകയാമ്. അതിനിടെ മണിയുടെ സഹായികളുടെ ഇടപെടൽ സംശയമുളവാക്കുന്നതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരുടെ ഇടപെടൽ മൂലം അന്വേഷണം വഴിമുട്ടി. മദ്യസാംപിളുകൾ ശേഖരിക്കാനായില്ല. വാറ്റുചാരായം ഉപയോഗിച്ചിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ചെടികൾക്കടിക്കുന്ന ഓർഗാനോ ഫോസ്‌ഫേറ്റ് വിഭാഗത്തിൽപ്പെട്ട ക്ലോറോ ഫിറിഫോസ് എന്ന കീടനാശിനിയാണ് പരിശോധനാ ഫലത്തിൽ കണ്ടെത്തിയത്്. മരണകാരണമാകാവുന്ന അളവിൽ മെഥനോൾ മണിയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മെഥനോളും ഉണ്ടായിരുന്നു. ഒരു പക്ഷേ അമൃതയിലെ ചികിൽസയുടെ ഫലമായി മെഥനോൾ ശരീരത്തിൽ കുറഞ്ഞതാകാമെന്നും നിഗമനമുണ്ട്. ഇതോടെ മണിയുടെ ശരീരത്തിൽ വിഷാംശം എത്തിയിരുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെടുന്നത്. മാർച്ച് 6ന് വൈകിട്ട് കൊച്ചിയിലെ അമൃതാ ആശുപത്രിയിലാണ് മണി മരിച്ചത്. ശരീരത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം ഉണ്ടെന്ന് ഡോക്ടർമാർ സംശയം പറഞ്ഞതിനെത്തുടർന്ന് മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നു. 

സിനിമാ മേഖലയിൽ നിന്നുള്ള പ്രത്യേക അതിഥികളെത്തുമ്പോഴാണ് മണിയുടെ ഔട്ട് ഹൗസിൽ
ചാരായം കൊണ്ടുവരാറ്. മണിയുടെ സുഹൃത്തുക്കളും നാട്ടുകാരുമാണ് ഇത്തരത്തിൽ മൊഴി നൽകിയത്. പൊലീസ് നടത്തിയ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മണി മരിച്ചതിന്റെ തലേ ദിവസം ചാരായം കൊണ്ടുവന്നതിന് സ്ഥിരീകരണമില്ല. എന്നാൽ മണി ബിയറ് മാത്രമെ കുടുക്കാറുള്ളുവെന്നും ചാരായം കുടിക്കാറില്ലെന്നുമാണ് സുഹൃത്തുക്കളും നാട്ടുകാരും പറയുന്നത്. അതുകൊണ്ട് തന്നെയാണ് രാസപരിശോധനാ റിപ്പോർട്ട് നിർണ്ണായകമാകുന്നത്. ഇതോടെ കേസ് അന്വേഷണത്തിന്റെ തലം തന്നെ മാറും. മണിക്കൊപ്പം മദ്യപിച്ച എല്ലാവരും സംശയത്തിന്റെ നിഴലിലാകും.

സിനിമയിലെ തിരക്കിനിടയിൽ കിട്ടുന്ന ഒഴിവ് സമയം മണി ചെലവഴിച്ചിരുന്നത് ചാലക്കുടി പുഴയോരത്തെ സ്വന്തം തോട്ടത്തിലായിരുന്നു. പാഡിയെന്നു വിളിക്കുന്ന അവിടെ ആഘോഷം പലപ്പോഴും രാത്രി വൈകിയും നീളുക പതിവാണ്. ഭക്ഷണം പാകം ചെയ്യാനും മറ്റുമായി ഇവിടെ ചെറിയ പുരയുമുണ്ട്. ചാലക്കുടി താലൂക്കാസ്പത്രിയുടെ സമീപത്തായുള്ള ചേനത്തുനാട്ടിലാണ് പാഡി. പുഴയുടെ സൗന്ദര്യത്തോടൊപ്പം നിറയെ ജാതി മരങ്ങളും മറ്റും ഉൾപ്പെടുന്ന കൃഷി സ്ഥലമാണിത്. ഇവിടെ ആഹാരം പാചകം ചെയ്യുന്നതിനും തോട്ടം നനയ്ക്കുന്നതിനും പ്രത്യേകം ആളുകൾ ഉണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതിനകം നൂറിലധികം പേരെ പൊലീസ് ചോദ്യം ചെയ്തു.

മണിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി കാക്കനാട്ടെ ലാബിൽ അയച്ചതിന്റെ പരിശോധനാ ഫലം കാത്തിരിക്കുകയാണു പൊലീസ്. ഇന്ന് റിപ്പോർട്ട് കിട്ടുമെന്നാണ് സൂചന. ഇതിന് ശേഷം കേസ് അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥന് കൈമാറും. ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിക്കാനും നീക്കമുണ്ട്. മരണവുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച മൊഴികളിലെല്ലാം വൈരുദ്ധ്യമുണ്ട്. മണിയ്‌ക്കൊപ്പം മദ്യപിച്ചില്ലെന്നാണ് സാബു നൽകിയ മൊഴി. എന്നാൽ സാബു ഫിറ്റായിരുന്നുവെന്ന മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കലാഭവൻ മണിയുടെ മരണം സംബന്ധിച്ച കേസിൽ സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നിവര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിനുശേഷം മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയത് ഇവരാണ്. തെളിവ് നശിപ്പിച്ചതായി മണിയുടെ സഹോദരൻ രാമകൃഷ്ണൻ ആരോപിച്ചിരുന്നു. ഇതും എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സംശയം കൂട്ടിയിട്ടുണ്ട്.

കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ സഹായികളായിരുന്ന ജീവനക്കാരെയും സംഭവത്തിനു തലേന്ന് അദ്ദേഹത്തോടൊപ്പം മദ്യപിച്ചവരെയും സംശയമുണ്ടെന്നും മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി. രാമകൃഷ്ണൻ പറഞ്ഞിരുന്നു. മണിയുടെ സഹായികളായിരുന്ന അരുൺ, വിപിൻ, മുരുകൻ എന്നിവരെക്കുറിച്ചും സംശയമുണ്ടെന്ന സൂചനയാണു രാമകൃഷ്ണൻ നൽകിയത്. മണിയുടെ ഔട്ട് ഹൗസിൽ വാറ്റു ചാരായം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും ഏതാനും പേരെ ചോദ്യം ചെയ്തിട്ടുണ്ട്.

കരളിനു ഗുരുതരമായ അസുഖമുള്ള മണിക്കു മദ്യം നൽകരുതെന്ന് പാടിയിലെത്തി മണിയുടെ സുഹൃത്തുക്കളോടു നിർബന്ധപൂർവം പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ആശുപത്രിയിൽ പോകാൻ തയാറാകാതിരുന്ന മണിയെ സമീപവാസിയായ നഴ്‌സിനെ കൊണ്ടുവന്നു മയങ്ങാനുള്ള മരുന്നു നൽകിയാണു കൊണ്ടുപോയത്. പിന്നീടാണു തങ്ങളെ അറിയിച്ചത്. ആശുപത്രിയിൽ തങ്ങളെത്തുമ്പോൾ മണി അബോധാവസ്ഥയിലായിരുന്നു. എങ്ങനെ ഇത്രത്തോളം മീഥൈൽ ആൽക്കഹോൾ മണിയുടെ ശരീരത്തിലെത്തി എന്നറിയാനായി അദ്ദേഹം കഴിച്ച മദ്യവും ഭക്ഷണവും എന്താണ് എന്നു ചോദിച്ചിട്ട് ആരും കൃത്യമായ മറുപടി നൽകിയില്ലെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു.

അതിനിടെ കലാഭവൻ മണിയുടെ ഭാര്യയും സമാന ആരോപണങ്ങൾ ഉയർത്തി. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ പൊലീസിൽ ആലോചന നടക്കുന്നത്.