കൊച്ചി: കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കാൻ സിബിഐ എത്തിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ഇതിനിടെ അന്വേഷണത്തിൽ ഏറെ വഴിത്തിരവാകുന്ന തെളിവ് പൊലീസിന് കിട്ടി. കലാഭവൻ മണിയുടെ ശരീരത്തിൽ മെഥനോളിന്റെ അംശം ക്രമാതീതമായ അളവിനേക്കാൾ കൂടുതലാണെന്നാണ് ഹൈദരാബാദിലെ കേന്ദ്ര ലാബിലെ കണ്ടെത്തൽ. 45 മില്ലിഗ്രാം മെഥനോൾ ശരീരത്തിലുണ്ടായിരുന്നു. അതായത് വ്യാജ മദ്യം ഉള്ളിൽ ചെന്നാണ് കലാഭവൻ മണിയുടെ മരണമെന്നാണ് കേന്ദ്ര ലാബിലെ പരിശോധനാ ഫലം. കാക്കനാട്ടെ ലാബിൽ കണ്ടെത്തിയതിനേക്കാൾ അളവിൽ മെഥനോൾ ഉണ്ടായിരുന്നുവെന്നാണ് കേന്ദ്ര ലാബിലെ അന്വേഷണ റിപ്പോർട്ട്. ഇതോടെ കലാഭവൻ മണിയുടെ മരണം സ്വാഭാവികമെന്ന വാദവും അപ്രസക്തമാകും.

കലാഭവൻ മണിയുടെ മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. കരൾ രോഗമുള്ള മണിക്ക് സ്വാഭാവിക രോഗമെത്തിയതാണ് മരണ കാരണമെന്നാണ് വിലയിരുത്തിയത്. കേസ് എഴുതി തള്ളാനും ശ്രമം നടന്നു. എന്നാൽ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും മണിയുടെ കുടുംബം ഉറച്ചു നിന്നു. സിബിഐ അന്വേഷണത്തിനുള്ള വാദവും ശക്തമായി. സർക്കാർ മാറി ഇടതുപക്ഷം എത്തിയതോടെ ഇടത് അനുഭാവി കൂടിയായ മണിയുടെ മരണത്തിൽ സംശയം ദൂരീകരിക്കാൻ തീരുമാനിച്ചു. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് സിബിഐയ്ക്ക് അന്വേഷണം വിടാനും തീരുമാനിച്ചു. അപ്പോഴും മരണം സ്വാഭാവികമാണെന്നായിരുന്നു പൊലീസിന്റെ നിലപാട്. അതിനിടെയാണ് കേന്ദ്ര ലാബിലെ വിശദ പരിശോധനാ ഫലം പുറത്തുവരുന്നത്.

അതുകൊണ്ട് തന്നെ കലാഭവൻ മണിയുടേതു സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് മെഡിക്കൽ സംഘം വിലയിരുത്തുന്നു. കേന്ദ്രലാബിൽ നടത്തിയ രാസപരിശോധനയിൽ മരണകാരണമാകാവുന്ന അളവിൽ മെഥനോൾ കണ്ടെത്തി. 45 മില്ലിഗ്രാം മെഥനോളാണ് കണ്ടെത്തിയത്. കൊച്ചി കാക്കനാട്ടെ ലാബിൽ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിതെന്ന് മെഡിക്കൽ സംഘം അറിയിച്ചു. മണിയുടെ ആന്തരികാവയവങ്ങളിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ, ഹൈദരാബാദിലെ കേന്ദ്രലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ ഇതു തള്ളുകയും ചെയ്തിരുന്നു. എന്നാൽ, വിഷമദ്യത്തിൽ കാണുന്നയിനം മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

മെഥനോളിന്റെ അംശത്തെ കുറിച്ച് വിവിധ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മരണകാരണമാകുന്ന തരത്തിൽ മെഥനോൾ ഇല്ലെന്നും ബിയർ കഴിച്ചതിനെ തുടർന്ന് സ്വാഭാവികമായി അടിയുന്ന മെഥനോൾ മാത്രമാണ് ഇതെന്നുമായിരുന്നു വാദം. കരൾ രോഗിയായ മണിയുടെ ശരീരത്തിൽ സ്വാഭാവികമായി ഉണ്ടായതാകും ഇതെന്നും വിലയിരുത്തലുകളെത്തി. കേന്ദ്ര ലാബിലെ പരിശോധനാ ഫലത്തിൽ കിടനാശിനി കണ്ടെത്താനുമായില്ല. കാക്കനാട്ടെ ലാബിലെ പരിശോധനയിൽ കീടനാശിനും ഉണ്ടായിരുന്നു. ഈ വൈരുദ്ധ്യം ഉയർത്തി കാക്കനാട്ടിലെ പരിശോധനാ ഫലം തള്ളാനായിരുന്നു നീക്കം. അതിനിടെയാണ് കേന്ദ്ര ലാബിലെ പരിശോധനാ ഫലത്തിൽ മെഥനോളിന്റെ അളവ് കൂടുന്നത്. 45 മില്ലിഗ്രാം മെഥനോൾ എന്നത് മരണ കാരണമാകുമെന്ന വിലയിരുത്തലിലേക്ക് അന്വേഷണ സംഘത്തിന് മാറേണ്ടിയും വരുന്നു.

മണിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തപ്പോൾ അമിത മദ്യപാനം മരണത്തിന് കാരണമായെന്ന നിഗമനത്തിലാണ് എത്തിയതെങ്കിൽ കാക്കാനാട് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ രക്തത്തിൽ കീടനാശിനിയുടെ അംശം കണ്ടത്തെി. അതോടെ അന്വേഷണം തകിടം മറിഞ്ഞു. പോസ്റ്റുമോർട്ടത്തിൽ കണ്ടത്തെിയ മീഥൈൽ ആൽക്കഹോളും ലാബ് പരിശോധനയിൽ പുറത്തുവന്ന കീടനാശിനിയും മണിയുടെ രക്തത്തിൽ എങ്ങനെ വന്നെന്ന് പറയാൻ അന്വേഷണ ഉദ്യോസ്ഥർക്കായില്ല. മീഥൈൽ ആൽക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യത്തിന്റെ കാരണം കണ്ടത്തൊൻ മണി താമസിച്ച പാടിയോടുചേർന്ന പറമ്പ് കുഴിച്ചതും തൊട്ടരികിലൂടെ ഒഴുകുന്ന ചാലക്കുടിപ്പുഴയിലിറങ്ങി പരിശോധിച്ചതും വെറുതെയായി.

ഡി.ജി.പിയായിരുന്ന ടി.പി. സെൻകുമാർ ഉൾപ്പെടെയുള്ളവർ കേസന്വേഷണം നേർ ദിശയിലാക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. മണിയുടെ സഹായികളായ നാലുപേരെയും നടന്മാരായ സാബുവിനെയും ജാഫർ ഇടുക്കിയെയും ചോദ്യം ചെയ്തതും അന്വേഷണത്തിൽ വെളിച്ചംവീശിയില്ല. പാസ്റ്റുമോർട്ടത്തിലെയും ലാബ് പരിശോധനയിലെയും കണ്ടത്തെലുകളുടെ വൈരുദ്ധ്യം അവസാനിപ്പിക്കാനും വ്യക്തമായ നിഗമനത്തിലത്തൊനും ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്ക് പരിശോധനക്കയച്ച് കാത്തിരിപ്പിലുമായിരുന്നു പൊലീസ്. അതിനിടെയാണ് ഹൈദരാബാദിലെ ലാബ് റിപ്പോർട്ട് അന്വേഷണ സംഘത്തിന്റെ നിഗമനങ്ങളെ തള്ളാനെത്തുന്നത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മാർച്ച് ആറിനാണു കലാഭവൻ മണി മരിച്ചത്. ചാലക്കുടിയിലെ വീടിനടുത്തുള്ള പാടി എന്ന ഔട്ട്ഹൗസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മദ്യസൽക്കാരത്തിൽ പങ്കെടുത്ത ഏറെപ്പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കലാഭവൻ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സിബിഐക്കു വിടാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിലുള്ള വിജ്ഞാപനം പുറത്തുവരാനിരിക്കെയാണ് പുതിയ വഴിത്തിരിവ്.