തൃശ്ശൂർ: നടൻ കലാഭവൻ മണിയുടെ ദുരൂഹ മരണത്തിന്റെ കെട്ടഴിക്കാൻ സാധിക്കാതെ പൊലീസിന്റെ അന്വേഷണം തുടരുന്നു. മണിയുടേതുകൊലപാതകമാണെന്ന നിഗമനത്തിൽ ബന്ധുക്കൾ തുടരുമ്പോൾ തന്നെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇനിയും വ്യക്തമാക്കാൻ പൊലീസിന് സാധിക്കുന്നില്ല. കുരുക്കഴിക്കാൻ വേണ്ടി മണിയുടെ സഹായികളെയും ബന്ധുക്കളെയും ചോദ്യം ചെയ്‌തെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. ഇതിനിടെ മണിയുടെ കുടുംബാംഗങ്ങൾക്ക് നേരെ ആരോപണം ഉന്നയിച്ചു ലകൊണ്ട് അറസ്റ്റിലായ സഹായിയുടെ ബന്ധുക്കൾ രംഗത്തുവന്നു.

മൂന്ന് മാസമായി മണി വീട്ടിൽ നിന്നും മാറി നിൽക്കുകയാണെന്നും അതിന്റെ കാരണം എന്താണെന്ന് തിരക്കണമെന്നുമാണ് കസ്റ്റഡിയിലുള്ള അരുണിന്റെ പിതാവ് അയ്യപ്പൻ ഒരു ചാനലിനോട് പറഞ്ഞത്. ഈ സമയത്ത് തിരിഞ്ഞു നോക്കാത്ത ആളാണ് രാമകൃഷ്ണനെന്നും അയ്യപ്പൻ പറഞ്ഞു. മരിക്കുന്നതിന് 20 ദിവസം മുമ്പ് മണി പാഡിയിൽ കിടപ്പിലായിരുന്നു. ഈ ദിവസങ്ങളിൽ മണി വീട്ടിൽ പോയിട്ടില്ല. ഇത്രയും ദിവസം വീട്ടിൽ ചെല്ലാതിരുന്നിട്ടും മണിയെ പാഡിയിൽ ചെന്ന് കാണാൻ നിമ്മിയോ രാമകൃഷ്ണനോ തയ്യാറായിട്ടില്ല. ഇത് എന്തു കൊണ്ടാണെന്നും അയ്യപ്പൻ ചോദിക്കുന്നു.

വീട്ടിൽ ചെന്നാൽ സ്വസ്ഥത ഇല്ലെന്ന് മണി പറഞ്ഞിരുന്നതായി അരുൺ പറഞ്ഞിട്ടുണ്ട്. മണിയുടെ അനുജൻ രാമകൃഷ്ണൻ അരുൺ ഉൾപ്പെടെ കസ്റ്റഡിയിൽ ഉള്ള മൂന്ന് പേരെ കണ്ടിട്ടുണ്ടോ എന്ന് തന്നെ സംശയമാണെന്നും അയ്യപ്പൻ പറഞ്ഞു. അതേസമയം വീട്ടുകാർ മണിയുടെ സഹായികളെ സംശയിച്ച സാഹചര്യത്തിൽ ഇതിനെതിരായ സ്വാഭാവിക പ്രതികരണമെന്ന നിലയിൽ മാത്രമേ പൊലീസ് ഇതിനെ കാണുന്നുള്ളൂ.

അടുത്തകാലത്തായി കലാഭവൻ മണയ്ക്കി ഇടുക്കിയുമായി നല്ലബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിച്ചത്. ഇടുക്കിയിൽ സ്ഥലം വാങ്ങാൻ പോലും മണി ആലോചിച്ചിരന്നു. ഇവിടെ ഒരു കുടുംബവുമായി മണിക്ക് അഗാതമായ ബന്ധമുണ്ടായിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞദിവസം പരിശക്കല്ലു ചവറ്റുകുഴിയിൽ രാജന്റെ മകൻ ഷൈലജനെ (42) പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ആശുപത്രിയിലാകും മുൻപ് മണിയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ ഇടുക്കിയിൽ നിന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷൈലജനെ അറസ്റ്റ് ചെയ്തതെന്നാണു സൂചന.

ഇയാളുടെ കുട്ടിയുടെ ഹൃദയവാൽവ് സംബന്ധിച്ച ചികിത്സാ സഹായത്തിന് ഷൈലജനും കുടുംബവും ഒന്നരവർഷം മുൻപ് കലാഭവൻ മണിയുമായി ബന്ധപ്പെട്ടിരുന്നു. തുടന്ന് ഇവരുടെ കുടുംബവുമായി മണി സമ്പർക്കം പുലർത്തിയിരുന്നതായും അന്വേഷണസംഘം പറഞ്ഞു. ഒരു മാസം മുൻപ് ഷൈലജൻ മണിയെ ഫോണിൽ ഭീഷണിപ്പെടുത്തിയതായി ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഞായറാഴ്ച ഇയാളെത്തിരക്കി അന്വേഷണ സംഘമെത്തിയിരുന്നെങ്കിലും പിടികൊടുത്തില്ല. തുടർന്ന് തിങ്കളാഴ്ച രാത്രിയിൽ അടിമാലി സി.ഐ: ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഷൈലജനെ കസ്റ്റഡിയിൽ എടുത്ത് പ്രത്യേക സംഘത്തിനു കൈമാറുകയായിരുന്നു.

ഷൈലജനെ മണിയുമായി ബന്ധമുള്ള ആളുകൾ ഒരു മാസം മുൻപ് വാഹനത്തിൽ കയറ്റി കൊണ്ടുപോയി മർദിച്ചിരുന്നതായി ഇയാൾ പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. ഷൈലജന്റെ പേരിൽ മറ്റുകേസുകളുമുണ്ട്. ജില്ലയിൽ പരിശക്കല്ല് കൂടാതെ അടിമാലി, രാജാക്കാട്, ബൈസൺവാലി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും വിവിധയാളുകളെ നിരീക്ഷിക്കുന്നുണ്ട്. കൊരങ്ങാട്ടി, ബൈസൺവാലി തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഭൂമിയിടപാടിനു മണി ശ്രമിച്ചിരുന്നതായി സൂചനകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സബ് രജിസ്ട്രാർ ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മണിയുമായി ബന്ധപ്പെട്ട ഇടനിലക്കാരടക്കമുള്ളവരുടെ വിവരങ്ങളും സംഘം ശേഖരിക്കുന്നുണ്ട്. രാജാക്കാട് സ്വദേശി ഡോക്ടറും കുടുംബവും നിരന്തരം മണിയുമായി ബന്ധപ്പെട്ടിരുന്നതായും വിവരം ലഭിച്ചു.

നേരത്തെ കലാഭവൻ മണിയുടെ മരണത്തിന് ഇടയാക്കിയ ക്‌ളോർ പൈറിഫോസ് എന്ന കീടനാശിനി ചാലക്കുടിയിലെ കടയിൽനിന്നും വാങ്ങിയത് ഭാര്യാ പിതാവാണെന്ന് പൊലീസിന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട. വീട്ടിലെ കൃഷി ആവശ്യങ്ങൾക്കായാണ് കീടനാശിനി വാങ്ങിയത് എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി ഒരു കിലോമീറ്റർ അപ്പുറത്തുള്ള പാഡിയിൽ എത്തിയത് എങ്ങിനെയെന്നത് അന്വേഷണ സംഘത്തിന് ഇനിയും കണ്ടെത്താനായില്ല. അതേസമയം കീടനാശിനി വാങ്ങിയതിൽ അസ്വാഭാവികതയില്ലെന്നും വ്യക്തമായിട്ടുണ്ട്.

കീടനാശിനിയുടെ കുപ്പിയെന്ന് സംശയിക്കുന്ന വസ്തുക്കൾ പാഡിയിൽനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഭാര്യാപിതാവ് സുധാകരനെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ മണിയുടെ മരണം കൊലപാതകമെന്ന് തോന്നിപ്പിക്കുന്ന യാതൊന്നും ഇയാളിൽനിന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. മണിയുടെ പേരിൽ കോടികളുടെ സമ്പാദ്യമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പലതും ബിനാമി പേരുകളിലും ഭാര്യയുടെ പേരിലും മറ്റുമായിരുന്നു. മണി മരണമടഞ്ഞാൽ ആർക്കെങ്കിലും ലാഭമുണ്ടോ എന്നതും പൊലീസ് പരിശോധിച്ചിരുന്നു. മണി ഇല്ലാതായാൽ സ്വത്തുക്കൾ ഭാര്യാ പിതാവിൽ എത്തിച്ചേരാനുള്ള സാധ്യത ഇവിടെ ഉയർന്നിരുന്നു. ഇതിൽനിന്നാണ് സുധാകരനെ ചോദ്യം ചെയ്തതെന്നാണ് സൂചന.

കീടനാശിനി കടയിൽനിന്ന് വാങ്ങിയത് സുധാകരൻ തന്നെയെങ്കിലും ഇത് കൃഷിയിടത്തിൽ തളിച്ചത് ജോലിക്കാരായിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ മണി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. രോഗത്തിന് പിടിയിലായതും സിനിമയിൽനിന്ന് അകന്നുനിന്നതും മാനസികമായി മണിയെ ബാധിച്ചിരുന്നോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.