തൃശൂർ: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ അമൃതാ ആശുപത്രി കള്ളക്കളികൾ നടത്തുന്നുവോ എന്ന് പൊലീസിന് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ അതിനിടെ മരണവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ മാറ്റാൻ പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ ഡിജിപി ടിപി സെൻകുമാർ നിർദ്ദേശം നൽകി. ഫോറൻസിക്, രാസപരിശോധന വിദഗ്ദരും ചികിത്സിച്ച ഡോക്ടർമാരുമാണ് സംഘത്തിൽ ഉൾപ്പെടുന്നത്. അതിനിടെ അമൃതാ ആശുപത്രയിലെ പിആർഒ പദവിയിലെ ഉദ്യാഗസ്ഥനെ ആശുപത്രിയിൽ നിന്ന് മാറ്റിയതായി അനൗദ്യോഗിക വിവരം ലഭിച്ചു. കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിആർഒ ഉത്തരവാദിയാണെന്ന നിഗമനത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നാണ് സൂചന. ഇതും അന്വേഷണത്തിന്റെ ഭാഗമാക്കാൻ പൊലീസ് തീരുമാനിച്ചു.

അതിനിടെ കസ്റ്റഡിയിലെടുത്ത മൂന്നു സഹായികളെ അന്വേഷണസംഘം വിട്ടയച്ചു. കാര്യമായ വിവരങ്ങളൊന്നും ഇവരിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്നാണ് തീരുമാനം. അരുൺ, വിപിൻ, മുരുകൻ എന്നിവരെയാണ് വിട്ടയച്ചത്. മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശമില്ലെന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടമാർ പറയുന്നത്. എന്നാൽ ക്ലോർപൈറിഫോസ് എന്ന കീടനാശിനിയും മെഥനോളും ശരീരത്തിലുണ്ടെന്നാണ് കാക്കനാട് ലാബിലെ രാസപരിശോധനാഫലം. റിപ്പോർട്ടുകളിലെ വൈരുധ്യം മൂലം മരണകാരണത്തിൽ ആശയക്കുഴപ്പം പരിഹരിക്കാനാണ് വിദഗ്ധരടങ്ങിയ സംഘം രൂപീകരിക്കാൻ ഡിജിപി നിർദ്ദേശിച്ചത്. മണിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും ഇപ്പോൾ അമൃതാ ആശുപത്രി പറയുന്നു. ഇതാണ് പൊലീസിന് മനസ്സിലാകാതെ പോകുന്നതും. മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ടത് അമൃതാ ആശുപത്രിയാണ്. ഇതോടെയാണ് മണിയുടെ മരണം വിവാദമായത്. അല്ലാത്ത പക്ഷം കരൾ രോഗം മൂലമുള്ള മരണമായി ഇത് മാറുമായിരുന്നു. വിവാദങ്ങളും ഒഴിവാകുമായിരുന്നു.

എന്നാൽ മെഥനോളും വ്യാജമദ്യവുമെല്ലാം ചർച്ചയാക്കിയത് അമൃതാ ആശുപത്രിയാണ്. ബന്ധുക്കളോടും മരണത്തിലെ ദുരൂഹത കൂട്ടുന്ന തരത്തിൽ സംസാരിച്ചു. ഇതിനിടെയാണ് അന്വേഷണത്തിലെ പിഴവ് ചർച്ചയായത്. അന്തരികാവയവ പരിശോധനനയിൽ കീടനാശിനി കണ്ടെത്തുകയും ചെയ്തു. ഇതോടെ ചികിൽസയ്ക്കിടെ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനാവാത്തത് ചർച്ചയായി. ഇതിനിടെ അമൃതാ ആശുപത്രിയുടെ രക്തപരിശോധനാ റിപ്പോർട്ടും മാദ്ധ്യമങ്ങൾ ചർച്ചയാക്കി. എന്തുകൊണ്ട് അമൃതയുടെ രക്തപരിശോധനയിൽ കീടനാശിനി കണ്ടെത്തിയില്ലെന്ന ചോദ്യവും സജീവമായി. ഇതോടെ അമൃതാ ആശുപത്രയിലെ ചികിൽസാ പിഴവും പൊലീസ് അന്വേഷണ വിധേയമായി. ഇതിനിടെയാണ് സ്ഥാപനത്തിലെ പിആർഒയെ മാറ്റിയതെന്നാണ് സൂചന. രക്തപരിശോധനാ റിപ്പോർട്ട് മാദ്ധ്യമങ്ങൾ ചോർന്ന് കിട്ടിയതുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇതെന്നാണ് വിലയിരുത്തൽ.

ഇതോടെ ആശുപത്രി നിലപാട് മാറ്റി. മരണത്തിൽ അസ്വാഭാവികതകൾ ഇല്ലെന്ന് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാർ ആവർത്തിച്ച് പറയുകയാണ് ഇപ്പോൾ. കരൾ രോഗവും, ആന്തരിക രക്തസ്രാവവും, കിഡ്‌നി തകരാറുമാണ് മരണത്തിന് കാരണമായതെന്നാണ് ഇവർ മൊഴി നൽകി. പിന്നെന്തിനാണ് മണിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ നിർബന്ധിച്ചതുമെന്നതിനും ആർക്കും ഇപ്പോൾ വ്യക്തമായ ഉത്തരമില്ല. മണിയുടെ കൂട്ടുകാർ ആവർത്തിച്ച് അസ്വാഭാവികത ഇല്ലെന്ന് വ്യക്തമായപ്പോഴും ആശുപത്രി അധികൃതർ മറുവാദങ്ങൾ ഉയർത്തി. ഇത് മരണദിവസം ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ പോലും ഉണ്ടാക്കിയിരുന്നു. മണിയുടെ മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നും അമിത മദ്യപാനത്തെ തുടർന്നുള്ള മരണമാണ് ഉണ്ടായതെന്നുമുള്ള വാദമാണ് ഇപ്പോൾ സജീവമാകുന്നത്. ഇത് അമൃതയും ശരിവയ്ക്കുന്നു. അപ്പോൾ പിന്നെ എന്തിനാണ് മണിയുടെ മരണത്തിൽ ദുരൂഹത ചർച്ചയാക്കുന്ന തരത്തിൽ ചർച്ചകൾ ഉയർത്തിയതെന്നാണ് ഉയരുന്ന ചോദ്യം.

കീടനാശിനി ഉള്ളിൽ ചെന്ന ഒരാളുടെ ലക്ഷണം മണിയുടെ ശരീരത്തിൽ ഇല്ലായിരുന്നു. കീടനാശിനി ഉള്ളിലെത്തിയാൽ രൂക്ഷമായ ഗന്ധമുണ്ടാകും. എന്നാൽ മണിയെ ആശുപത്രിയിൽ കൊണ്ടുപോകും മുൻപ് പരിശോധിച്ച ഡോക്ടറും ചികിൽസിച്ച ആശുപത്രിയിലെ ഡോക്ടർമാരും ഇത്തരത്തിലുള്ള ഗന്ധമുണ്ടായിരുന്നില്ലെന്നാണ് പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇൻക്വസ്റ്റ് തയാറാക്കിയ പൊലീസ് ഉദ്യോഗസ്ഥരും പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘവും കീടനാശിനിയുടെ ഗന്ധം ഉണ്ടായിരുന്നില്ലെന്നാണ് അറിയിച്ചത്. ഭക്ഷ്യവസ്തുക്കളിൽ നിന്ന് കീടനാശിനി കരളിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അതായത് മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനി മരണകാരണമായിട്ടില്ലെന്നാണ് നിഗമനം. ചെറിയ അളവിൽ മാത്രമാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. ആന്തരികാവയവങ്ങളിലെ വിഷപദാർത്ഥങ്ങളുടെ അളവുവ്യക്തമാക്കുന്ന റിപ്പോർട്ട് നൽകണമെന്ന് കാക്കനാട് കെമിക്കൽ ലാബിനോട് അന്വേഷണസംഘം പ്രത്യേകം ആവശ്യപ്പെട്ടു.

അതുകൊണ്ട് തന്നെ മണിയുടേത് സ്വാഭാവികമരണമാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. മരണം അന്വേഷിക്കുന്ന സംഘത്തിന് സംശയകരമായതൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസിൽ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്‌തെങ്കിലും ആത്മഹത്യയോ കൊലപാതകമോ ആകാനുള്ള സാധ്യത നിരാകരിക്കുന്ന മൊഴിരളാണ് ഇതുവരെ ലഭിച്ചത്. ഇതും സ്വാഭാവിക മരണമെന്ന തിയറിയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചു. അതിനിടെ കലാഭവൻ മണി വാറ്റു ചാരായം കഴിച്ചിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ച് നാളുകളായി മണി ബിയർ മാത്രമെ കഴിക്കാറുള്ളവെന്നും അത് വലിയ അളവിൽ കഴിക്കാറുണ്ടെന്നും പൊലീസ് അറിയിച്ചു. മണിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന മൊഴികളോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഔട്ട് ഹൗസിൽ മണിയും സുഹൃത്തുക്കളും വാറ്റ് ചാരായം ഉപയോഗിച്ചിരുന്നുവെന്നും ഈ വാറ്റ് ചാരായത്തിൽ നിന്നാകാം കീടനാശിനി മണിയുടെ ശരീരത്തിൽ കലർന്നതെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ വിശദമായ പരിശോധനയിൽ ഇക്കാര്യങ്ങൾ തെറ്റാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു.

മണിയുടെ ഭൂമിയിടപാടുകളും പൊലീസ് പരിശോധിച്ചുതുടങ്ങി. മണിയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ, നടത്തിയ പണമിടപാടുകൾ എന്നിവയും പരിശോധിച്ചു. എന്നാൽ ഇതുവരെയും ഇതിലൊന്നും അസ്വാഭാവികത കണ്ടെത്തിയതുമില്ല. ആത്മഹത്യാ വാദം ബന്ധുക്കളും തള്ളുകയാണ്. വനിതാ ഡോക്ടറുമായി മണിക്ക് ബന്ധമുണ്ടെന്ന തരത്തിലെ ആക്ഷേപകങ്ങളും പരിശോധിച്ചു. എന്നാൽ ഇതൊന്നും മണിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കാൻ പോന്നതല്ലെന്നാണ് പൊലീസിന്റെ നിഗമനം.

  • നാളെ ദുഃഖ വെള്ളി(25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ