കൊച്ചി: കൊച്ചിയിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും അന്തരിച്ച ചലച്ചിത്ര താരം കലാഭവൻ മണിയുടെ ആത്മ സുഹൃത്തുമായിരുന്ന വെട്ടിൽ സുരേഷ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മണിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന വ്യക്തിയാണ് വെട്ടിൽ സുരേഷ്. രണ്ട് ദിവസം മുമ്പാണ് വിഷം കഴിച്ച് അവശനിലയിലായ ഇയാളെ സുഹൃത്തുക്കൾ ആശുപത്രിയിലാക്കിയത്. എന്നാൽ, മണിയുടെ സുഹൃത്തു കൂടിയായ വ്യക്തി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാർത്ത പുറത്തായതോടെ അധികം താമസിയാതെ ഇയാൾ മുങ്ങി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. എന്നാൽ സംഭവം പുറത്തായതോടെ ആശുപത്രിയിൽ നിന്നും ബന്ധുക്കൾ നിർബന്ധിത ഡിസ്ചാർജ് വാങ്ങുകയായിരുന്നു. മണിയുടെ റിയൽ എസ്‌റ്റേറ്റ് ഇടപാടുകളടക്കം സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് ഇയാളായിരുന്നു. മണിയുമായി വളരെയധികം ആത്മബന്ധം പുലർത്തിയിരുന്ന വെട്ടിൽ സുരേഷ്. മണിയുടെ മരണവേളയിൽ അടക്കം അമൃത ആശുപത്രിയിൽ ഇയാളുടെയും സഹൃത്തുക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു. മണിയുടെ ബിനാമി ഇടപാടുകൾ ഇയാളിലൂടെയാണ് നടന്നതെന്ന ആരോപണവും ശക്തമായിരുന്നു.

നോട്ടുകുൾ അസാധുവാക്കിയതോടെ വന്ന വൻ നഷ്ടവും സംരക്ഷകരായ പൊലീസ് ഉദ്യോഗസ്ഥർക്ക് മേൽ പിടി വീണതുമാണ് ആത്മഹത്യ ാ ശ്രമത്തിന് കാരണമായതായി പറയപ്പെടുന്നത്. നോട്ടുകൾ അസാധുവാക്കിയതോടെ ഇയാൾ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെന്നു എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചനയും. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേരത്തെ കലാഭവൻ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടും വെട്ടിൽ സുരേഷിനെ പൊലീസ് ചോദ്യം ചെയ്യുകയുണ്ടായി. ഇയാളും മണിയും തമ്മിലുള്ള ഇടപാടുകളെ കുറിച്ചെല്ലാം പൊലീസ് മൊഴി രേഖപ്പെടുത്തുകയുണ്ടായി. മൊബൈൽ ഫോൺ കോൾ വിവരങ്ങൾ അടക്കം പരിശോധിച്ചെങ്കിലും ദുരൂഹമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കൊച്ചി സിറ്റി പൊലീസ് പരിധിയിൽ നടന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് വെട്ടിൽ സുരേഷ് എന്ന് പൊലീസും വ്യക്തമാക്കുന്നു. നേരത്തേ മണിയും വനപാലകരും തമ്മിൽ വാക്കുതർക്കമുണ്ടായ അവസരത്തിൽ സുഹൃത്തിന്റെ ഭാര്യയും ഇയാളും ഒപ്പമുണ്ടായിരുന്നു. അയൽ സംസ്ഥാനങ്ങളിലടക്കം മണി നടത്തിയ റിയൽ എസ്‌റ്റേറ്റ് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ബന്ധം പൊലീസ് കണ്ടെത്തിയത്. ഇയാൾ രണ്ടു തവണ പൊലീസിന്റെ പിടിയിലായപ്പോഴും പുറത്തിറക്കാൻ മണിയുടെ ഇടപെടലുകളുണ്ടായി. അടിപിടിക്കേസുകളിലൂടെ കുപ്രസിദ്ധി നേടിയ ഇയാളെ വൻകിടക്കാർക്കിടയിലുള്ള പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കുന്ന ഇടനിലക്കാരനായി വളർത്തിയെടുത്തതു മണിയായിരുന്നു.

കടുത്ത മണി ആരാധകരനായ ഇയാളുടെ വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് മണി മുടങ്ങാതെ എത്തിയിരുന്നു. ഈ ക്ഷേത്രത്തിനുവേണ്ടി തയാറാക്കിയ ഭക്തിഗാന കാസറ്റിൽ മണി പാടുകയും ഉണ്ടായിട്ടുണ്ട്. മണിയുടെ ആഡംബര കാർ പലപ്പോഴും ഇയാളാണ് ഉപയോഗിച്ചിരുന്നതെന്നും വിവരമുണ്ട്. തൃശൂർ കേന്ദ്രീകരിച്ച് മണി സുരേഷ് ഒത്തുതീർപ്പ് ഇടപാടുകൾ നടത്തിയിരുന്നെന്നും അതുവഴി മണിക്ക് നിരവധി ശത്രുക്കളുണ്ടെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറയുന്നു.

2008 ൽ കടവന്ത്രയിലെ ഡിവൈഎഫ്ഐ. നേതാവ് വിജയകുമാറിന്റെ കൊലയാളികളെ സംരക്ഷിച്ചെന്ന കേസിൽ പൊലീസ് അന്വേഷിക്കുന്നതിനിടെ മുങ്ങിയ ഇയാളെ തമിഴ്‌നാട്ടിലെ ഗുഢല്ലൂരിൽനിന്നും പിടികൂടിയിരുന്നു. പിന്നീട് ഈ കേസിലെ പ്രതികളും ഇയാളുടെ സഹോദരന്മാരും തമിഴ്‌നാട്ടിലേയ്ക്ക് രക്ഷപെട്ടിരുന്നുവെങ്കിലും ഒരു സഹോദരനെ മരിച്ച നിലയിൽ കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്. വൻകിടക്കാരുടെ പ്രശ്‌നങ്ങൾ ഒത്തുതീർക്കാനെത്തുന്ന ഇടനിലക്കാരനായും ഇയാൾ പ്രവർത്തിച്ചിരുന്നു. ഇയാളുടെ ആത്മഹത്യ ശ്രമത്തോടെ മണിയുടെ ദുരൂഹ മരണവും വീണ്ടും ചർച്ചകളിൽ നിറയുകയാണ്. നോട്ട് നിരോധനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയാണോ ആത്മഹത്യാ ശ്രമത്തിന് ഇടയാക്കിയതെന്ന സംശയം ശക്തമാണ്.