കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയ്‌ക്കെതിരെ അപ്രഖ്യാപിത വിലക്കുമായി മലയാള സിനിമയിലെ താര രാജക്കന്മാരെന്ന് സൂചന. താരസംഘടനകളെ മുൾ മുനയിൽ നിർത്തുന്നവർക്കൊപ്പം ഇനി സൂക്ഷിച്ച് മാത്രമേ മറ്റ് താരങ്ങൾ കൈകൊടുക്കൂ. നടിയെ ആക്രമിച്ച വിഷയത്തിൽ ദിലീപിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് അമ്മയ്‌ക്കെതിരെ നടിമാരുടെ സംഘടന രംഗത്ത് വന്നിരുന്നു. ഇതോടെ തുറന്ന് പറച്ചിൽ നടത്തുന്നവരുമായി സഹകരിക്കേണ്ടെന്ന അനൗദ്യോഗിക ധാരണ സിനിമയെ നിയന്ത്രിക്കുന്നവർ എടുത്തു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ആഷിഖ് അബുവിന്റെ പുതിയ സിനിമയെ ബഹിഷ്‌കരിക്കാനാണ് രഹസ്യ നീക്കം.

നിപ്പ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസി'ൽ നിന്നും കാളിദാസ് ജയറാം പിന്മാറിയത് അപ്രഖ്യാപിത ബഹിഷ്‌കരണത്തിന്റെ സൂചനയാണ്. കാളിദാസ് പിന്മാറിയെന്നും പകരം ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രം ചെയ്യുകയെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. മറുപടിയുമായി കാളിദാസ് തന്നെ രംഗത്തു വന്നിരിക്കുന്നു. ഇതിന് സ്ഥിരീകരണം വന്നതോടെയാണ് ബഹിഷ്‌കരണം ചർച്ചയാകുന്നത്. ചിത്രത്തിൽ നിന്നും പിന്മാറിയെന്നും ഇതേക്കുറിച്ച് കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും കാളിദാസ് ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

രേവതി, ആസിഫ് അലി, പാർവതി, റിമ കല്ലിങ്കൽ, ടോവിനോ തോമസ്, രമ്യാ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങി വൻ താരനിരയാണ് ആഷിഖ് അബുവിന്റെ സിനിമയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിൽ രേവതിയും പാർവ്വതിയും റിമയുമാണ് താര സംഘടനയ്‌ക്കെതിരെ രംഗത്തുള്ളത്. രമ്യാ നമ്പീശനും തിരിച്ചുവരവാകും നിപ്പയിലെ സിനിമ. താരരാജാക്കന്മാരുമായി സഹകരിക്കാതെ മുന്നോട്ട് പോകുന്നവരാണ് മറ്റുള്ളവർ. ടോവിനോ അടക്കമുള്ളവർ നടിയെ ആക്രമിച്ച കേസിൽ എടുത്ത നിലപാടുകൾ തീർത്തും വ്യത്യസ്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കാളിദാസിന്റെ പിന്മാറ്റം ചർച്ചയാകുന്നത്.

നിപ രോഗികളെ ശുശ്രൂഷിച്ച് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ വേഷത്തിൽ ചിത്രത്തിലെത്തുന്നത് ആഷിഖ് അബുവിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലാണ്. മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാരെടുത്ത ചിത്രം വരുന്ന വൈറസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മാതൃഭൂമിയുമായും താരസംഘടന ഉടക്കിലാണ്. ദിലീപ് വിഷയത്തിൽ മാതൃഭൂമി എടുത്ത നിലപാടായിരുന്നു ഇതിന് കാരണം. ഈ സിനിമയ്ക്ക് മാതൃഭൂമിയും വലിയ പ്രചരണം നൽകുന്നുണ്ട്. ഇതിനൊപ്പം താര സംഘടനകൾക്കെതിരെ പോരാട്ടം നയിക്കുന്ന ആഷിഖ് അബുവും റീമയുമാണ് പിന്നണിയിൽ. ഈ സാഹചര്യത്തിലാണ് കാളിദാസ് പിന്മാറുന്നതെന്നാണ് ഉയരുന്ന വിലയിരുത്തൽ. ജയറാമിന്റെ നിർദ്ദേശാനുസരമാണ് കാളിദാസ് പിന്മാറിയതെന്നാണ് സൂചന. ദിലീപ് ജയിലിൽ കിടക്കുമ്പോൾ ഓണക്കോടിയുമായി പോയ നടനാണ് ജയറാം.

ആഷിഖ് അബുവിന്റെ നിർമ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിർമ്മിക്കുന്നത്. വരത്തന് തിരക്കഥയൊരുക്കിയ സുഹാസ്, ഷർഫു എന്നിവർക്കൊപ്പം കെഎൽ 10 പത്ത് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച, സുഡാനി ഫ്രം നൈജീരിയയുടെ സഹ രചയിതാവായിരുന്ന മുഹ്സിൻ പരാരിയും ചേർന്നാണ് വൈറസിന്റെ രചന നിർവ്വഹിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാളിദാസ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഡേറ്റ് പ്രശ്‌നങ്ങൾ മൂലമാണ് താരം പിന്മാറിയതെന്നാണ് കാളിദാസ് പരസ്യമായി പറയുന്നത്. എന്നാൽ ഉന്നത ഇടപെടലുകളാണ് ഇതിന് കാരണമെന്ന് തന്നെയാണ് വനിതാ കൂട്ടായ്മയുടെ വിലയിരുത്തൽ.

മിഥുൻ മാനുവലിന്റെ പുതിയ ചിത്രം അർജന്റീന ഫാൻസ്, അൽഫോൻസ് പുത്രന്റെ പ്രോജക്ട്, മഞ്ജു വാരിയർ പ്രധാന വേഷത്തിലെത്തുന്ന സന്തോഷ് ശിവന്റെ സിനിമ എന്നിവയാണ് കാളിദാസന്റെ മറ്റു പ്രോജക്ടുകൾ.