തിരുവനന്തപുരം: സ്വർണം പരിശുദ്ധമാകണം എന്ന കാര്യത്തിൽ നിർബന്ധമുള്ളവരാണ് മലയാളികൾ എങ്കിലും നമുക്ക് ലഭിക്കുന്ന സ്വർണ്ണാഭരണങ്ങൾ പരിശുദ്ധമാണോ? പരിശുദ്ധമാണെന്നാണ് വിശ്വാസം. അങ്ങനെയാണ് കല്യാൺ അടക്കമുള്ള ജുവല്ലറികളുടെ പരസ്യങ്ങളും. എന്നാൽ, തിരുവനന്തപുരം കല്യാൺ ജുവല്ലറിയിൽ നിന്നും വിറ്റ അഞ്ചര പവൻ നെക്ലേസിൽ ആകെ ഉണ്ടായിരുന്നത് ഒന്നര പവൻ സ്വർണമാണെന്ന് വാർത്ത മറുനാടൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ദുബായിൽ പ്രചരിച്ച ഒരു വീഡിയോയുടെ പേരിൽ കല്യാണിനെതിരെ വ്യാജവാർത്ത പ്രചരിച്ചവർക്കെതിരെ കേസ് നൽകിയെന്നു പറഞ്ഞ് ഇന്നത്തെ പത്രങ്ങളിലെല്ലാം വാർത്ത നൽകുകയും ചെയ്തു. വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന പേരിൽ ചിലരെ കസ്റ്റഡിയിൽ എടുത്തുവെന്നും കല്യാണിന്റെ പരസ്യം സ്ഥിരമായി സ്വീകരിക്കുന്ന പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പറയുന്നുണ്ട്.

അതേസമയം സോഷ്യൽ മീഡിയയെ അറസ്റ്റു ഭീതിയിൽ ഒതുക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് പുറത്തുവന്ന വരുന്ന സൂചന. ദുബായിൽ കേസെടുത്തു എന്ന വിധത്തിലാണ് വാർത്തകൾ. എന്നാൽ, ഈ വാർത്തക്ക് എത്രകണ്ട് സ്ഥിരീകരണം ഉണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. കല്യാണിന്റെ പി ആർ വിഭാഗം അയച്ചു നൽകിയ വാർത്ത അതേപടി പ്രസിദ്ധീകരിക്കുകയാണ് ഇന്നത്തെ മിക്ക പത്രങ്ങളും ചെയ്തതെന്ന് ആരോപണവുമുണ്ട്. വാർത്തയുടെ സ്വഭാവം പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. കല്യാണിൽ നിന്നും വ്യാജസ്വർണം പിടിച്ചെന്ന വിധത്തിൽ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടിയെന്ന വിധത്തിലാണ് വാർത്തകൾ.

ഇതോടൊപ്പം തിരുവനന്തപുരം കല്യാൺ ജുവല്ലറിയിലെ നെക്ലേസിന്റെ വാർത്തയും വ്യാജമാണ് എന്ന ധ്വനിയിലാണ് പത്രവാർത്തകൾ. ദാബുയ് പൊലീസ് അന്വേഷണത്തിൽ ഇവരിൽ ഒരാൾ കുറ്റം സമ്മതിച്ചു. മറ്റ് നാല് പേർക്കെതിരേയുള്ള അന്വേഷണം പുരോഗമിക്കുന്നുവെന്നുമാണ് കല്യാൺ അവകാശപ്പെടുന്നത്. വ്യാജ വീഡിയോയും വ്യാജ വാർത്തകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കല്യാൺ ജുവല്ലേഴ്സ് എൽ.എൽ.സി ദുബായ് പൊലീസിൽ പരാതി നൽകിയത്. സൈബർ ക്രൈം വകുപ്പുമായി ചേർന്ന് പ്രവർത്തിച്ച ദുബായ് പൊലീസ് വ്യാജ വീഡിയോ അപ്ലോഡ് ചെയ്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

സാമൂഹിക മാധ്യമങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നവർക്കെതിരേ ദുബായ് പൊലീസ് സ്വീകരിക്കുന്ന നടപടി ഏറെ ആത്മവിശ്വാസം നൽകുന്നതാണെന്ന് കല്യാൺ ജുവല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞുവെന്നും മാധ്യമവാർത്തകളിൽ വ്യക്തമാക്കുന്നു. അതേസമയം കല്യാൺ വിഭാഗം ഇറക്കിയ വാർത്താക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങളിലെല്ലാം വാർത്തകൾ പ്രചരിക്കുന്നത്. അതുകൊണ്ട് ഈ കേസിനെ സംബന്ധിച്ച് കൂടുതൽ വ്യക്തതകൾ വരേണ്ടതുണ്ട്.

തിരുവനന്തപുരത്തെ കല്യാണിന്റെ നെക്‌ലേസിനെതിരെ വാർത്ത പ്രസിദ്ധീകരിച്ചത് മറുനാടൻ ആണ്. ഇത് സംബന്ധിച്ച് പരാതിക്കാരൻ തമ്പനൂർ പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകുകയും പണം നൽകി കേസെടുക്കാതെ ഒത്തു തീർപ്പാക്കുകയുമായിരുന്നു. ഇത് സംബന്ധിച്ച രേഖകൾ മറുനാടന്റെ പക്കൽ ഉണ്ട് താനും. ഇതാണ് വസ്തുത എന്നിരിക്കേയാണ് ദുബായിലെ വീഡിയോയുടെ പേരിൽ കല്യാണിനെതിരെ വന്നതെല്ലാം വ്യാജവാർത്തകളാണെന്ന വിധത്തിൽ പ്രചരണം നടക്കുന്നത്.

കല്യാണിൽ നിന്നും തെറ്റിദ്ധാരണാജനകമായ പ്രചരണം ശക്തമായ സാഹചര്യത്തിൽ ചില മറുനാടൻ വാർത്ത ഷെയർ ചെയ്തതിന്റെ പേരിൽ ആരെയെങ്കിലും പൊലീസ് വിളിച്ചാൽ അവർ മറുനാടനെ അറിയിക്കാൻ അഭ്യർത്ഥിക്കുകയാണ്. അതിസമ്പന്നൻ സ്വർണവിൽപ്പനയിൽ നടത്തിയ കബളിപ്പിക്കൽ പുറത്തു കൊണ്ടുവന്നതിന്റെ പേരിലും അത് പ്രചരിപ്പിച്ചതിന്റെ പേരിലും പൊലീസ് അധികാരികൾ നടപടി എടുക്കുകയാണെങ്കിൽ ഈ വിഷയത്തിലെ നിയമപോരാട്ടത്തിന് മറുനാടൻ വായനക്കാർക്കൊപ്പം അടിയുറച്ചു നിൽക്കും. ഇത്തരമൊരു വാർത്തയുടെ പേരിൽ നടപടി സ്വീകരിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ സംഭവമാണ്.

ഐപിസി 500 അനുസരിച്ച് അപമാനിക്കപ്പെട്ടു എന്നു കാണിച്ച് സിവിൽ കേസ് കൊടുക്കാൻ അല്ലാതെ മറ്റൊന്നും സാധിക്കില്ല. പൊലീസിന് ഇക്കാര്യത്തിൽ കേസെടുത്ത് നിയമപരമായി നീങ്ങാൻ സാധിക്കില്ല. കല്യാൺ ജുവല്ലേഴ്‌സിന്റെ ഭാഗത്തു നിന്നും ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ സ്വർണവിൽപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ വേണ്ടിയാണെന്നത് വ്യക്തമാണ്. ഇതിനായി അവർ പരസ്യക്കാരായ മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഭയപ്പെടുത്തുന്ന വിധത്തിൽ പ്രചരണം നടത്തുകയാണ് ചെയ്യുന്നത്.

ഇതിന് മുമ്പ് മറുനാടൻ കല്യാൺ സിൽക്‌സിലെ വില സംബന്ധിച്ച ഒരു തട്ടിപ്പ് പുറത്തു കൊണ്ടുവന്നപ്പോൾ സമാനമായ വിധത്തിൽ പൊലീസിൽ സമ്മർദ്ദം ചെലുത്തി രംഗത്തുവന്നിരുന്നു. ഇക്കാര്യത്തിൽ മറുനാടന് പൊലീസ് നോട്ടീസ് അയക്കുകയുമുണ്ടായി. എന്നാൽ, പൊലീസ് നടപടിയിലെ കീഴ് വഴക്കങ്ങൾ തെറ്റാണെന്ന് കാണിച്ച് മറുപടി നൽകിയതോടെ ഈ നീക്കം പൊളിയുകയാണ് ഉണ്ടായത്. അന്ന് കല്യാൺ സിൽക്‌സ് കൈക്കൊണ്ട സമാന മാർഗ്ഗമാണ് ഇപ്പോൾ കല്യാൺ ജുവല്ലറി ഗ്രൂപ്പും അവലംബിക്കുന്നത്.

അന്ന് തൊടുപുഴ എസ്‌പി, തൃശ്ശൂർ കമ്മീഷണർ, ഹൈടെക്ക് അസിസ്റ്റന്റ് കമ്മീഷണർ എന്നിവർ മുഖാന്തിരമാണ് കല്യാൺ നീക്കം നടത്തിയത്. ഈ നീക്കം അമ്പേ പരാജയപ്പെടുകയും ചെയ്തു. ഇപ്പോൾ തിരുവനന്തപുരം കല്യാൺ വിറ്റ നെക്‌ലേസ് വാർത്ത ഷെയർ ചെയ്തതിന്റെ പേരിൽ ആരെയങ്കിലും പൊലീസ് വിളിപ്പിച്ചാൽ ഞങ്ങളെ Editor@marunadanmalayali.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക. അല്ലെങ്കിൽ 9946102676 എന്ന നമ്പറിൽ വാട്‌സ് ആപ്പ് ചെയ്യുകയോ ചെയ്താൽ വിഷയത്തിൽ മറുനാടൻ ഇടപെടുന്നതായിരിക്കും. ആവശ്യമുള്ളവർക്ക് നിയമസഹായം നൽകാനും മറുനാടൻ തയ്യാറാണ്.

അഞ്ച് വർഷം മുൻപ് വാങ്ങിയ അഞ്ചര പവൻ സ്വർണം പണയം വെക്കാൻ കൊണ്ടു പോയപ്പോൾ അതിൽ സ്വർണ്ണത്തിന്റെ അളവ് വെറും ഒന്നര പവൻ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തത്. ബാക്കി മുഴുവൻ മെഴുകായിരുന്നുവെന്നും 4 പവൻ സ്വർണത്തിന്റെ എന്ന് കരുതി നൽകിയ പണം മെഴുകിനായിരുന്നു. തിരുവനന്തപുരം നഗരത്തിലെ കല്യാൺ ജൂവലേഴ്സിൽ നിന്നും വാങ്ങിയ സ്വർണ്ണമാണ് മെഴുകായി മാറിയിരിക്കുന്നത്. സംഭവം പൊലീസ് കേസാകും എന്ന ഘട്ടം വന്നതോടെയാണ് ജുവല്ലറിക്കാർ പണം നൽകി തടിയൂരിയത്.

സംഭവത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കല്യാൺ ജൂവലറി അധികൃതരെ വിളിച്ച് വരുത്തിയെന്നും ഇതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ സംസാരിച്ച് പണം നൽകാമെന്ന ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തില്ലെന്നും എന്നാൽ പരസ്പര ധാരണയിൽ പണം നൽകി പ്രശ്നം അവർ തന്നെ പരിഹരിക്കുകയായിരുന്നുവെന്നും തമ്പാനൂർ പൊലീസ് മറുനാടൻ മലയാളിയോട് സ്ഥിരീകരിക്കുകയും ചെയ്തു. മറുനാടൻ കഴിഞ്ഞ ദിവസം കൊടുത്ത ഈ വാർത്ത ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിനിടെ പുതിയ ഇടപെടലുമായി കല്യാൺ ജ്യൂലേഴ്സും രംഗത്ത് വന്നു. ഇതൊക്കെ വ്യാജമാണെന്ന് വരുത്താനാണ് ശ്രമം നടന്നത്.

അതേസമയം ദുബായിൽ അഞ്ച് ഇന്ത്യക്കാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ദുബായ് പൊലീസിന് നിർദ്ദേശം നൽകിയെന്ന വാർത്തയിലും വ്യക്തത കുറവുണ്ട്. പൊലീസ് അന്വേഷണത്തിൽ ഇവരിൽ ഒരാൾ കുറ്റം സമ്മതിച്ചു. മറ്റ് നാല് പേർക്കെതിരേയുള്ള അന്വേഷണം പുരോഗമിക്കുന്നുവെന്നുമാണ് പുറത്തുവന്ന വാർത്തകൾ. കോടികളുടെ പരസ്യക്കാരെ പിണക്കേണ്ടെന്ന് കരുതി ഒരക്ഷരം പ്രതികരിക്കാതിരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ നിലപാട് സ്വീകരിക്കാൻ മറുനാടൻ ഒരുക്കമല്ല. ഇക്കാര്യത്തിൽ വാർത്തയെ വാർത്തയയായി തന്നെ കാണുന്ന സമീപനമായിരുന്നും ഞങ്ങൾ സ്വീകരിക്കുക എന്നും ഇതോടൊപ്പം എടുത്തുപറയുന്നത്.

തിരുവനന്തപുരം കല്യാൺ ജൂവലറിയിൽ നിന്നും കല്യാണ ആവശ്യത്തിന് 2013 നവംബറിൽ ആണ് ആന്റീക് മോഡൽ നെക്‌ളേസ് 49.580 ഗ്രാം ഇതിൽ കല്ലിന്റെ തൂക്കം കഴിച്ച് 43.5 ഗ്രാം ഏകദേശം 5.5 പവൻ 17-03-2018-ൽ ബാങ്കിൽ പണയം വയ്ക്കാൻ കൊടുത്തപ്പോൾ, ബാങ്ക് അപ്രൈസറുടെ പരിശോധനയിൽ മെഴുകുണ്ടെന്ന് കണ്ടെത്തിയത്. സ്വർണം വെറും 12 ഗ്രാം മാത്രം അതായത് വെറും ഒന്നര പവൻ. സ്വർണാഭരണത്തിന്റെ അകഭാഗത്ത് മെഴുകു കട്ടകൾ നിറച്ചു വെച്ചിരിക്കയായിരുന്നു. അങ്ങനെ ബാക്കി 4 പവന്റെ കാശ് മുഴുവൻ, ആഭരണത്തിന്റെ അകത്തു നിറച്ചിരുന്ന മെഴുകിനായിരുന്നു നൽകിയത്. ഇതോടെ ആഭരണം വാങ്ങിയ കല്യാൺ ജുവലറിയിൽ തിരിച്ചു കൊണ്ടു ചെന്നപ്പോൾ ബ്രാഞ്ച് മാനേജർ ഷോബിൻ പറഞ്ഞതാകട്ടെ ഇത്തരം ആഭരണം മെഴുകിൽ ആണ് നിർമ്മിക്കുന്നതെന്നും, അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നുമാണ്. ഏതായാലും മെഴുകിന് സ്വർണത്തിന്റെ വില നൽകാൻ തയ്യാറുള്ള ആരെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യം കസ്റ്റമർ തിരിച്ചു ചോദിച്ചു.

ഇന്നത്തെ റേറ്റ് പ്രകാരം ആഭരണം തിരികെ എടുത്ത് നിലവിലുള്ള സ്വർണത്തിന്റെ കാശ് തരാം എന്നറിയിച്ചു എങ്കിലും, നൽകിയ മുഴുവൻ കാശും തിരികെ ആവശ്യപ്പെട്ടുകൊണ്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, 21.03.2018-ൽ കല്യാൺ ജൂവലറി സ്റ്റാഫ് എത്തി പൊലീസ് സ്റ്റേഷനിൽ വച്ച് ആ കാശ് മുഴുവൻ തിരികെ ഏൽപ്പിക്കുകയായിരുന്നു. സ്വർണം വാങ്ങി കൈവശം വച്ചിട്ടുള്ള എല്ലാവരും പ്രത്യേകിച്ചും പുറത്ത് കവറിങ്ങ് ഉള്ള മോഡൽ ആഭരണങ്ങൾ ആണെങ്കിൽ, നിങ്ങളുടെ ആഭരണങ്ങൾ നന്നായി ഒന്നു പരിശോധിപ്പിക്കുന്നത് നല്ലതായിരിക്കും എന്ന കുറിപ്പും കല്യാണിൽ നിന്നും ആഭരണം വാങ്ങിയ ആളുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാർത്തകൾ വ്യാജമാണെന്ന വിധത്തിൽ സോഷ്യൽ മീഡിയ പ്രചരണം വന്നത്.