തിരുവനന്തപുരം: കല്യാണിനെതിരെ മറുനാടൻ നൽകിയ സ്വർണ്ണത്തിൽ മെഴുകു ചേർക്കുന്ന വാർത്ത വ്യാജമാണെന്നായിരുന്ന പരോക്ഷ സൂചനകളുമായാണ് പത്രങ്ങളിൽ കല്യാണരാമന്റെ വാർത്താ കുറിപ്പ് എത്തിയത്. എന്നാൽ ഇത്രയും ദിവസമായിട്ടും വക്കീൽ നോട്ടീസ് പോലും മറുനാടന് ആരും അയച്ചില്ല. ഇപ്പോൾ വാർത്ത പുറത്തുവന്നതിന്റെ പേരിൽ തമ്പാനൂർ എസ് ഐ സമ്പത്തിനെതിരെ നടപടിക്കും ചില കേന്ദ്രങ്ങൾ നീക്കം നടത്തി. ഇതിന് പിന്നിൽ കല്യാൺ ഗ്രൂപ്പാണെന്ന് ധന്യാരാമനെ പോലുള്ള സാമൂഹിക പ്രവർത്തകരും ആരോപിക്കുന്നു.

ഇതോടെ തമ്പാനൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കേസ് സത്യമാണെന്നതിന് സ്ഥിരീകരണമാവുകയാണ്. ഈ വാർത്ത മാതൃഭൂമിയോ മനോരമയോ നൽകിയില്ല. എന്നാൽ കല്യാണിന്റെ വിശദീകരണം കൊടുക്കുകയും ചെയ്തു. സോഷ്യൽ മീഡിയിയൽ കല്യാണിനെതിരായ വാർത്ത പ്രചരിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്താനായി തയ്യാറാക്കിയ പത്രക്കുറിപ്പ് ഈ രണ്ട് പത്രത്തിലും എത്തുകയും ചെയ്തു. ഇതിനൊപ്പം പരസ്യവും.

മറുനാടൻ മലയാളിയിൽ വാർത്ത വരുമ്പോൾ മുൻ നിര പത്രങ്ങൾക്ക് പ്രധാന ബ്രാണ്ടുകളുടെ പരസ്യം കിട്ടൽ പതിവാണ്. കല്യാണിലും അതു തന്നെ സംഭവിച്ചു. വിവാദം തുടങ്ങിയപ്പോൾ തന്നെ മനോരമയുടെ ആദ്യ പേജിൽ മുഴുനീള പരസ്യമെത്തി. ഇന്ന് മാതൃഭൂമിയിലും. അങ്ങനെ തമ്പാനൂരിലെ സ്വർണ്ണവാർത്തയും പത്രങ്ങൾക്ക് കോളാവുകയാണ്. സ്വർണം വാങ്ങുമ്പോൾ മെഴുകു നൽകുന്ന തട്ടിപ്പ് ആരും വാർത്തയാകുന്നുമില്ല. തട്ടുകടയിൽ നിന്ന് മോശം ഭക്ഷണ സാധനങ്ങൾ പിടിക്കുമ്പോൾ വലിയ വാർത്തയാക്കുന്നവരാണ് കല്യാണിലെ കൊള്ള കണ്ടില്ലെന്ന് നടിക്കുകയും അതിലൂടെ പരസ്യം നേടുകയും ചെയ്യുന്നത്. മറുനാടനിലൂടെ പുറത്തുവന്ന വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്ത് വലിയ തോതിൽ ചർച്ചയാകുമ്പോഴാണ് മാതൃഭൂമിയും പരസ്യവുമായെത്തുന്നത്. മറ്റ് പത്രങ്ങളിലും വരും ദിവസങ്ങളിൽ കല്യാണിന്റെ പരസ്യം എത്തുമെന്നാണ് സൂചന.

തിരുവനന്തപുരം കല്യാൺ ജുവല്ലറിയിൽ നിന്നും വിറ്റ അഞ്ചര പവൻ നെക്ലേസിൽ ആകെ ഉണ്ടായിരുന്നത് ഒന്നര പവൻ സ്വർണമാണെന്ന് വാർത്ത മറുനാടൻ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ദുബായിൽ പ്രചരിച്ച ഒരു വീഡിയോയുടെ പേരിൽ കല്യാണിനെതിരെ വ്യാജവാർത്ത പ്രചരിച്ചവർക്കെതിരെ കേസ് നൽകിയെന്നു പറഞ്ഞ് ഇന്നത്തെ പത്രങ്ങളിലെല്ലാം വാർത്ത നൽകുകയും ചെയ്തു. വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന പേരിൽ ചിലരെ കസ്റ്റഡിയിൽ എടുത്തുവെന്നും കല്യാണിന്റെ പരസ്യം സ്ഥിരമായി സ്വീകരിക്കുന്ന പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പറഞ്ഞിരുന്നു. എന്നാൽ അറസ്റ്റിലായവരുടെ പേരോ മറ്റ് വിവരങ്ങളോ അതിൽ ഇല്ലായിരുന്നു. സോഷ്യൽ മീഡിയയെ അറസ്റ്റു ഭീതിയിൽ ഒതുക്കാനുള്ള തന്ത്രമായിരുന്നു ഈ വാർത്ത.

ദുബായിൽ കേസെടുത്തു എന്ന വിധത്തിലാണ് വാർത്തകൾ. എന്നാൽ, ഈ വാർത്തക്ക് എത്രകണ്ട് സ്ഥിരീകരണം ഉണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. കല്യാണിന്റെ പി ആർ വിഭാഗം അയച്ചു നൽകിയ വാർത്ത അതേപടി പ്രസിദ്ധീകരിക്കുകയാണ് ഇന്നത്തെ മിക്ക പത്രങ്ങളും ചെയ്തതെന്ന് ആരോപണവുമുണ്ട്. വാർത്തയുടെ സ്വഭാവം പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. കല്യാണിൽ നിന്നും വ്യാജസ്വർണം പിടിച്ചെന്ന വിധത്തിൽ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടിയെന്ന വിധത്തിലാണ് വാർത്തകൾ.

ഇതോടൊപ്പം തിരുവനന്തപുരം കല്യാൺ ജുവല്ലറിയിലെ നെക്ലേസിന്റെ വാർത്തയും വ്യാജമാണ് എന്ന ധ്വനിയിലാണ് പത്രവാർത്തകൾ. ദാബുയ് പൊലീസ് അന്വേഷണത്തിൽ ഇവരിൽ ഒരാൾ കുറ്റം സമ്മതിച്ചു. മറ്റ് നാല് പേർക്കെതിരേയുള്ള അന്വേഷണം പുരോഗമിക്കുന്നുവെന്നുമാണ് കല്യാൺ അവകാശപ്പെടുന്നത്. വ്യാജ വീഡിയോയും വ്യാജ വാർത്തകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കല്യാൺ ജുവല്ലേഴ്‌സ് എൽ.എൽ.സി ദുബായ് പൊലീസിൽ പരാതി നൽകിയത്. സൈബർ ക്രൈം വകുപ്പുമായി ചേർന്ന് പ്രവർത്തിച്ച ദുബായ് പൊലീസ് വ്യാജ വീഡിയോ അപ്ലോഡ് ചെയ്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

സാമൂഹിക മാധ്യമങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നവർക്കെതിരേ ദുബായ് പൊലീസ് സ്വീകരിക്കുന്ന നടപടി ഏറെ ആത്മവിശ്വാസം നൽകുന്നതാണെന്ന് കല്യാൺ ജുവല്ലേഴ്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞുവെന്നും മാധ്യമവാർത്തകളിൽ വ്യക്തമാക്കുന്നു. അതേസമയം കല്യാൺ വിഭാഗം ഇറക്കിയ വാർത്താക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങളിലെല്ലാം വാർത്തകൾ പ്രചരിക്കുന്നത്. അതുകൊണ്ട് ഈ കേസിനെ സംബന്ധിച്ച് കൂടുതൽ വ്യക്തതകൾ വരേണ്ടതുണ്ട്. ഇത് പത്രക്കുറിപ്പ് വന്ന് ആഴ്ച ഒന്നായിട്ടും പുറത്തുവിട്ടതുമില്ല. ഇതിനിടെയാണ് തമ്പാനൂർ സ്റ്റേഷനിലെ വാർത്ത സത്യമാണെന്നും വരുന്നത്. ഇതോടെയാണ് പത്രങ്ങൾക്ക് പരസ്യം നൽകുന്നത് വാർത്ത മുക്കാനുള്ള നീക്കമാണെന്നും വ്യക്തമാകുന്നത്.

ഇതിന് മുമ്പ് മറുനാടൻ കല്യാൺ സിൽക്സിലെ വില സംബന്ധിച്ച ഒരു തട്ടിപ്പ് പുറത്തു കൊണ്ടുവന്നപ്പോൾ പൊലീസിൽ സമ്മർദ്ദം ചെലുത്തി രംഗത്തുവന്നിരുന്നു. ഇക്കാര്യത്തിൽ മറുനാടന് പൊലീസ് നോട്ടീസ് അയക്കുകയുമുണ്ടായി. എന്നാൽ, പൊലീസ് നടപടിയിലെ കീഴ് വഴക്കങ്ങൾ തെറ്റാണെന്ന് കാണിച്ച് മറുപടി നൽകിയതോടെ ഈ നീക്കം പൊളിയുകയാണ് ഉണ്ടായത്. ഇത്തവണ തമ്പാനൂരിലെ വാർത്ത കൊടുത്തതിന് പേരിൽ മറുനാടനെതിരെ ഒരു നോട്ടീസും ആരും അയച്ചതുമില്ല. നെയ്യാറ്റിൻകര സ്വദേശിയായ ലളിതയാണ് കല്യാണിന്റെ സ്വർണ്ണ തട്ടിപ്പിലെ പരാതിക്കാരി.