തൃശൂർ: കടയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിൽ സമരം നടത്തരുതെന്ന് ഹൈക്കോടതി ഇൻജക്ഷൻ ഓർഡർ മുൻ നിർത്തി തൊഴിലാളികളുടെ സമരപ്പന്തൽ പൊളിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സമര സഹായ സമിതി പ്രവർത്തകർ തടഞ്ഞു. അല്പ സമയം മുമ്പാണ് പൊലീസ് സംഘം സമരപ്പന്തൽ പൊളിച്ച് നീക്കാൻ എത്തിയത്. കടയുടെ 100 മീറ്റർ അകലത്തിൽ സമരം പാടില്ലെന്നായിരുന്നു പൊലീസ് നിലപാട്.

എന്നാൽ കോടതി ഉത്തരവിൽ കല്യാണിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിൽ സമരം നടത്തരുതെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. തിരിച്ചുപോയ പൊലീസ് അരമണിക്കൂറിന് ശേഷം കൂടുതൽ സേനയുമായി എത്തി സമരപ്പന്തൽ പൊളിച്ച് നീക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു.

സ്ഥലത്തെത്തിയ സാമൂഹ്യ പ്രവർത്തകയും ആം ആദ്മി പാർട്ടി നേതാവുമായ സാറാ ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് നിലപാടിനെ ചോദ്യം ചെയ്തു. മുദ്രാവാക്യം മുഴക്കി തൊഴിലാളികൾ പ്രതിഷേധം തുടർന്നതോടെയാണ് സമരപ്പന്തൽ പൊളിച്ചു നീക്കാനുള്ള നീക്കത്തിൽ നിന്നും താൽക്കാലികമായി പിന്മാറിയത്. ജനാധിപത്യപരമായ സമരത്തെ കയ്യൂക്കിന്റെ ബലത്തിൽ നേരിടാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്ന് സാറാ ജോസഫ് വ്യക്തമാക്കി. തൊഴിലാളികളുടെ ഇരിക്കൽ സമരം ഇപ്പോഴും കല്യാൺ സാരീസിന് മുമ്പിൽ പുരോഗമിക്കുകയാണ്.

ഒരു സെക്കൻഡു പോലും ഇരിക്കാൻ അനുമതിയില്ലാതെ രാവന്തിയോളം നിന്ന നിൽപ്പിൽ പണിയെടുക്കേണ്ടി വന്ന ജീവനക്കാരികൾ കഷ്ടപ്പാട് സഹിക്കവയ്യാതായപ്പോഴാണ് മാനേജ്‌മെന്റിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങിയത്. ബാത്ത് റൂമിൽ പോയി മടങ്ങിയെത്താൻ വൈകുന്ന ജീവനക്കാരികൾക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷകൾ ഏർപ്പടുത്തി പീഡിപ്പിക്കുകയായിരുന്നു മാനേജ്‌മെന്റ്.

കല്യാൺ സാരീസിന്റെ കണ്ണിൽ ചോരയില്ലായ്മക്കെതിരെ പ്രതികരിച്ച വനിതാ ജീവനക്കാരെ സ്ഥലംമാറ്റുന്നതുൾപ്പെടെയുള്ള പ്രതികാര നടപടികളുമായാണ് മാനേജ്‌മെന്റ് രംഗത്തെത്തിയത്. തൃശൂർ കല്യാൺ സാരീസിലെ നരകയാതന അനുഭവിക്കുന്ന തൊഴിലാളികൾക്കായി സംഘടന രൂപീകരിക്കാൻ നീക്കം നടത്തുന്നു എന്ന സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ 6 ജീവനക്കാരികളെയാണ് സ്ഥലം മാറ്റിയത്. തൃശൂരുള്ള ഇവരോട് തിരുവനന്തപുരം, കണ്ണൂർ ഓഫീസിലേക്കാണ് അടിയന്തിരമായി സ്ഥലം മാറ്റി ഉത്തരവായത്. കടുത്ത പീഡനങ്ങളിൽ സഹികെട്ട് ജീവനക്കാരികൾ ഒടുവിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ അസംഘടിത തൊഴിലാളി വർഗം സംഘടിച്ചപ്പോൾ മുതലാളിവർഗത്തിന് കനത്ത തിരിച്ചടിയാണുണ്ടായത്.

എന്നിട്ടും ജീവനക്കാരുടെ ന്യായമായ സമരത്തോട് അനുകൂല മനോഭാവം സ്വീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ല. ജീവനക്കാരുടെ സമരത്തോടു മുഖംതിരിക്കുന്ന നിലപാടാണ് മാനേജ്‌മെന്റെടുത്തത്. ഇതെത്തുടർന്നാണ് കല്യാണിനു മുന്നിൽ പന്തൽ കെട്ടി സമരം നടത്താൻ ജീവനക്കാരികൾ തീരുമാനിച്ചത്. എന്നാൽ, പരസ്യം മോഹിച്ച് മുൻ നിര മാദ്ധ്യമങ്ങളൊക്കെ ഈ പ്രക്ഷോഭത്തെ അവഗണിക്കുകയാണു ചെയ്തത്.

അനിശ്ചിത കാല സമരം തുടങ്ങിയ ജീവനക്കാരുടെ നിലപാട് മാനേജ്‌മെന്റിനെ അസ്വസ്ഥരാക്കി എന്നതിന്റെ സൂചനയാണ് പൊലീസ് നടപടി വ്യക്തമാക്കുന്നത്. ആദിവാസി നിൽപ്പു സമരത്തിന്റെ മാതൃകയിൽ ഇരിക്കൽ സമരവുമായി കല്യാണിനു മുന്നിൽ പന്തലുകെട്ടി കുത്തിയിരുന്ന ജീവനക്കാരെ അടിച്ചൊതുക്കാനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. സമരം തങ്ങൾക്കു വലിയ ഭീഷണിയുയർത്തുന്നെന്നു മനസിലാക്കിയ മാനേജ്‌മെന്റ് അധികാരികളെ കൂട്ടുപിടിച്ച് സമരം പൊളിക്കാൻ നടത്തിയ ശ്രമമാണ് ഇന്നു കണ്ടത്. കല്യാണിന്റെ പ്രവർത്തനം തടസപ്പെടുത്താതെയാണ് തങ്ങളുടെ സമരമെന്നു ജീവനക്കാർ വ്യക്തമാക്കിയതോടെ പിന്തിരിഞ്ഞ പൊലീസ് പക്ഷേ, ഉന്നത ഇടപെടലിനെത്തുടർന്ന് വീണ്ടും സമരപ്പന്തലിലേക്ക് എത്തുകയായിരുന്നു.

നവമാദ്ധ്യമങ്ങൾകൂടി കല്യാൺ ജീവനക്കാരുടെ സമരം ഏറ്റെടുത്തതോടെ പരിഭ്രാന്തിയിലാഴ്ന്ന മാനേജ്‌മെന്റിന്റെ കുടില തന്ത്രങ്ങളാണ് പൊലീസിന്റെ രൂപത്തിൽ ഇന്നു സമരപ്പന്തലിൽ എത്തിയത്. സമരം പൊളിക്കാൻ എന്തു മാർഗവും സ്വീകരിക്കുമെന്ന രീതിയിലാണ് മാനേജ്‌മെന്റിന്റെ മുന്നോട്ടുപോക്കെന്നാണ് ഇന്നു നടന്ന സംഭവങ്ങൾ തെളിയിക്കുന്നത്. എന്നാൽ, ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരത്തെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവ് സാറ ജോസഫ് പറഞ്ഞു. എന്തായാലും സമരം ശക്തമായി മുന്നോട്ടുകൊണ്ടു പോകാൻ തന്നെയാണ് ജീവനക്കാരുടെ തീരുമാനം.