ചെന്നൈ: ജന്മദിനത്തിൽ രാഷ്ട്രീയ പാർട്ടി ഖ്ര്യാപനം നടത്താനുള്ള തീരുമാനം നടൻ കമൽഹാസൻ നീട്ടിവച്ചു.അതിനു പകരം ജനങ്ങളിലേക്ക് എത്തിച്ചേരാൻ മയ്യം വിസിൽ എന്ന പേരിലുള്ള മൊബൈൽ ആപ് അദ്ദേഹം ചെന്നൈയിൽ പുറത്തിറക്കി. ജനങ്ങൾക്ക് അഴിമതി ശ്രദ്ധയിൽ പെടുത്താനുള്ള വിസിൽ ബ്ലോവർ പ്ലാറ്റ്‌ഫോമാണ് മയ്യം വിസിൽ.ജനങ്ങൾക്ക് നീതി ലഭ്യമാക്കാനുള്ള ഈ ആപ്പ് ജനുവരി മുതൽ പ്രവർത്തനസജ്ജമാക്കും.

ജന്മദിനത്തിൽ താൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നതെങ്കിലും, കൂടുതൽ അടിസ്ഥാന പ്രവർത്തനങ്ങൾ ഇതിനായി നടത്തേണ്ടിയിരിക്കുന്നുവെന്ന് കമൽ വ്യക്തമാക്കി.സർക്കാരിന്റെ ഭാഗത്തുള്ള തെറ്റെന്താണെന്ന് കാലം തെളിയിക്കും. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് മാറ്റമാണ് വേണ്ടത്. ജനങ്ങൾ തന്നെ പിന്തുടരുന്നുവെന്നത് തന്നെയാണ് അവർ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയെന്നും കമൽഹാസൻ പറഞ്ഞു.

ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകി പ്രശ്നങ്ങൾ മനസ്സിലാക്കാനുണ്ട്. അതുകൊണ്ട് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാൻ തിരക്ക് കാണിക്കുന്നില്ല. സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ താൻ ലക്ഷ്യമിടുന്നുണ്ടെന്നും തനിക്ക് വേണ്ടി വളണ്ടിയർമാർ നല്ല പ്രവർത്തനം കാഴ്ചവെയ്ക്കുന്നുണ്ടെന്നും കമൽഹാസൻ പറഞ്ഞു.

രാജ്യത്തെ വലതുസംഘടനകളിൽ തീവ്രവാദ സ്വഭാവം നിലനിൽക്കുന്നുണ്ടെന്ന മുൻ പരാമർശത്തിനും കമൽ വിശദീകരണം നൽകി. ഹിന്ദു വികാരങ്ങളെ തനിക്ക് മുറിവേൽപ്പിക്കേണ്ടതില്ല. കാരണം ഒരു ഹിന്ദു കുടുംബത്തിൽ നിന്നുള്ള ആളാണ് താാനും. എന്നാൽ വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്തു. ഒരു സമുദായത്തേയും വിഭാഗത്തേയും താൻ ലക്ഷ്യമിടുന്നില്ലെന്നും കമൽഹാസൻ വിശദീകരിച്ചു.

അതേസമയം ജന്മദിനത്തിൽ ആഘോഷങ്ങൾ റദ്ദാക്കാനുള്ള കമലിന്റെ തീരുമാനം ആരാധകരെ നിരാശരാക്കി.ആഘോഷങ്ങളിൽ മുഴുകി സമയം പാഴാക്കാതെ, ഒരുലക്ഷ്യത്തിന് വേണ്ടിയുള്ള ക്രിയാത്മക പ്രവർത്തനത്തിൽ മുഴുകിയാൽ നമ്മൾ ആഗ്രഹിക്കുന്ന മാറ്റം കൈവരുമെന്ന് കമൽ ട്വിറ്ററിലൂടെ ആരാധകരെ ആശ്വസിപ്പിച്ചു.