ചെന്നൈ: നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തിൽ വിജയിക്കാനാകില്ലെന്ന് തമിഴ് സൂപ്പർതാരം രജനീകാന്ത് അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിൽ വിജയിക്കാനുള്ള ചേരുവ തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് രജനീകാന്ത് അഭിപ്രായപ്പെട്ടു. ചെന്നൈയിൽ നടൻ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നടൻ കമൽഹാസനും ചടങ്ങിനെത്തിയിരുന്നു. രജനിയുടെയും കമലിന്റെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭ്യൂഹങ്ങളുയരുന്നതിനിടെ ഇരുവരുമൊത്ത് ഒരേ വേദിയിലെത്തിയത് കൗതുകം നിറഞ്ഞ കാഴ്ചയായി.

രാഷ്ട്രീയത്തിൽ തോറ്റുപോയ സിനിമ നടനാണ് ശിവാജി ഗണേശൻ എന്ന് രജനികാന്ത് അഭിപ്രായപ്പെട്ടു കൊണ്ടായിരുന്നു രജനികാന്ത് തന്റെ പ്രസംഗം ആരംഭിച്ചത്. ഒരു നടനെ രാഷ്ട്രീയക്കാരനാക്കി പരിവർത്തനപ്പെടുത്തുന്ന ഘടകങ്ങൾ പേരോ പ്രശസ്തിയോ പണമോ അല്ല, അതിലുമൊക്കെ ഉപരിയാണ്. കമൽഹാസന് ഒരുപക്ഷെ ഇത് അറിയാമായിരിക്കുമെന്നും സൂപ്പർസ്റ്റാർ പറഞ്ഞു.

രണ്ടു മാസം മുൻപ് ചോദിച്ചിരുന്നെങ്കിൽ അദ്ദേഹമത് ഞാനുമായി പങ്കുവച്ചേനെ. ഇപ്പോൾ അതേ ചോദ്യം ഞാൻ ഉയർത്തുമ്പോൾ, കൂടെ വരൂ, പറഞ്ഞു തരാം എന്നാണ് കമലിന്റെ മറുപടിയെന്നും രജനീകാന്ത് പറഞ്ഞു. കമൽ ഹാസൻ പങ്കെടുക്കുന്നതിനാൽ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി വിട്ടുനിന്നിരുന്നു.

അതേസമയം, ശിവാജി ഗണേശന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിൽ കാലതാമസം വരുത്തിയ അണ്ണാ ഡിഎംകെ സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് കമൽഹാസൻ സംസാരിച്ചത്. രാഷ്ട്രീയത്തിനുമപ്പുറത്തേക്ക് വ്യക്തിപ്രഭാവവും പ്രശസ്തിയും വ്യാപിപ്പിച്ച വ്യക്തിയായിരുന്നു ശിവാജി ഗണേശനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സ്മാരകം ഉദ്ഘാടനം ചെയ്യാൻ ആരുടെയും കാലുപിടിക്കേണ്ട ആവശ്യമില്ല. ക്ഷണിച്ചില്ലെങ്കിലും തീർച്ചയായും ഞാനിവിടെ വരുമായിരുന്നു. വേദിക്കു പുറത്തുനിന്നിട്ടായാലും ഈ ചടങ്ങിൽ ഞാൻ സംബന്ധിച്ചേനെ കമൽഹാസൻ പറഞ്ഞു. പുതിയ രാഷ്ട്രീയപാർട്ടി രൂപീകരണവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് കമൽഹാസൻ പൊതുവേദിയിൽ എത്തിയത്.

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവമാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നേരത്തെ, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കില്ലെന്ന അറിയിപ്പിനെ തുടർന്ന് പ്രതിഷേധവുമായി ശിവാജി ഗണേശന്റെ മകനും നടനുമായ പ്രഭുവും മറ്റു കുടുംബാംഗങ്ങളും രംഗത്തെത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന ഇരുവരുടെയും തീരുമാനം തന്നെ സംബന്ധിച്ച് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രഭു സംസ്ഥാന വാർത്താവിതരണ പ്രക്ഷേപണ മന്ത്രിക്കു കത്തയയ്ക്കുകയും ചെയ്തു.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തുന്ന കമൽഹാസനൊപ്പം വേദി പങ്കിടുന്നത് ഒഴിവാക്കുകയും പളനിസാമിയുടെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് ആക്ഷേപം ഉയർന്നു. സംഭവം വിവാദമായതിനെ തുടർന്ന് സ്മാരകം ഉദ്ഘാടനത്തിന് ഉപമുഖ്യമന്ത്രി പനീർശെൽവം എത്തുമെന്ന് അറിയിക്കുകയായിരുന്നു.

തമിഴ്‌നാടിന്റെ പൊതുമരാമത്ത് വകുപ്പ് 2.80 കോടി രൂപ ചെലവാക്കിയാണ് ശിവാജിയുടെ സ്മാരകം നിർമ്മിച്ചിരിക്കുന്നത്. 28,300 ചതുരശ്ര അടി വലിപ്പമുള്ളതാണിത്. ചടങ്ങിൽ ശിവാജിയുടെ മകൻ പ്രഭു, കൊച്ചുമകൻ വിക്രം പ്രഭു, മറ്റ് താരങ്ങളായ ശരത് കുമാർ, കാർത്തി എന്നിവരും പങ്കെടുത്തു. 2016 ഓഗസ്റ്റ് നാലിനായിരുന്നു ഇത്. ഈ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് 2.80 കോടി രൂപ ചെലവഴിച്ച് പുതിയ സ്മാരകം നിർമ്മിച്ചത്. 28,300 ചതുരശ്ര അടി വലുപ്പമുള്ളതാണ് പുതിയ സ്മാരകം.