- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതൃഭൂമിക്ക് പരസ്യമില്ലെന്ന് നിലപാടെടുത്ത് ഭീമ ജുവല്ലറി; കേന്ദ്രസർക്കാർ പരസ്യങ്ങളും നൽകാതെ ശ്വാസം മുട്ടിച്ചും വരുതിക്ക് നിർത്തൽ; ദിലീപ് കേസിലെ നിലപാടിന്റെ പേരിൽ സിനിമാക്കാരും കൈവിട്ടതോടെ വരുമാനം കുത്തനെ ഇടിഞ്ഞു; മീശ നോവലിന്റെ പേരിൽ ഹൈന്ദവ സംഘടനകൾ കൈയൊഴിഞ്ഞതോടെ പത്രത്തിന്റെ സർക്കുലേഷനും കുറഞ്ഞു; ആർഎസ്എസ് വിമർശകനായ കമൽറാം സജീവിനെ മാതൃഭൂമി കൈവിട്ടത് സംഘപരിവാർ ഭീഷണി പത്രത്തിന് തിരിച്ചടിയായപ്പോൾ
കോഴിക്കോട്: മലയാളം പത്രലോകത്തെ സംബന്ധിച്ചിടത്തോളം ഒട്ടു ആശാവഹമായ കാര്യങ്ങളല്ല അടുത്ത കാലങ്ങളിലായി നടക്കുന്നത്. പ്രളയം മൂലം കോടികൾ നഷ്ടമായ പത്രങ്ങൾ ഒരു വശത്ത് പരസ്യക്കാരെ കിട്ടാതെ പാടുപെടുന്ന അവസ്ഥയാണുള്ളത്. മലയാള മനോരമയുടെ പരസ്യവരുമാനത്തിൽ പോലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പരസ്യം എഡിറ്റോറിയലിനെ നിയന്ത്രിക്കുന്ന വിധത്തിലേക്ക് പത്രമാനേജ്‌മെന്റുകൾ നിലപാട് കൈക്കൊണ്ടത് വരുമാനത്തിലെ ഇടിവ് ഭയന്നാണ്. ഏറ്റവും ഒടുവിലായി മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിന്റെ എഡിറ്റർ ഇൻ ചാർജ്ജ് സ്ഥാനത്തു നിന്നും ആർഎസ്എസ് വിമർശകനായ കമൽറാം സജീവിനെ നീക്കാൻ മാതൃഭൂമി മാനേജ്‌മെന്റ് തയ്യാറായതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. മാതൃഭൂമി പത്രത്തിന്റെ പരസ്യ വരുമാനത്തിലുണ്ടായ വലിയ ഇടിവാണ്. ഇതിന് വഴിവെച്ചത് എസ് ഹരീഷിന്റെ വിവാദ നോവൽ മീശ പ്രസിദ്ധീകരിച്ചതും സംഘപരിവാർ ഈ സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചതുമാണ്. മീശ നോവൽ പ്രസിദ്ധീകരിച്ചതുമായുണ്ടായ വിവാദങ്ങൾ മാതൃഭൂമി ദിനപത്രത്തെയും സാരമായി ബാധിച്ചിരുന്നു. പത്രത്തിന് ഹൈന്ദവ അനുഭാവമുള്
കോഴിക്കോട്: മലയാളം പത്രലോകത്തെ സംബന്ധിച്ചിടത്തോളം ഒട്ടു ആശാവഹമായ കാര്യങ്ങളല്ല അടുത്ത കാലങ്ങളിലായി നടക്കുന്നത്. പ്രളയം മൂലം കോടികൾ നഷ്ടമായ പത്രങ്ങൾ ഒരു വശത്ത് പരസ്യക്കാരെ കിട്ടാതെ പാടുപെടുന്ന അവസ്ഥയാണുള്ളത്. മലയാള മനോരമയുടെ പരസ്യവരുമാനത്തിൽ പോലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പരസ്യം എഡിറ്റോറിയലിനെ നിയന്ത്രിക്കുന്ന വിധത്തിലേക്ക് പത്രമാനേജ്‌മെന്റുകൾ നിലപാട് കൈക്കൊണ്ടത് വരുമാനത്തിലെ ഇടിവ് ഭയന്നാണ്. ഏറ്റവും ഒടുവിലായി മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിന്റെ എഡിറ്റർ ഇൻ ചാർജ്ജ് സ്ഥാനത്തു നിന്നും ആർഎസ്എസ് വിമർശകനായ കമൽറാം സജീവിനെ നീക്കാൻ മാതൃഭൂമി മാനേജ്‌മെന്റ് തയ്യാറായതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. മാതൃഭൂമി പത്രത്തിന്റെ പരസ്യ വരുമാനത്തിലുണ്ടായ വലിയ ഇടിവാണ്. ഇതിന് വഴിവെച്ചത് എസ് ഹരീഷിന്റെ വിവാദ നോവൽ മീശ പ്രസിദ്ധീകരിച്ചതും സംഘപരിവാർ ഈ സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചതുമാണ്.
മീശ നോവൽ പ്രസിദ്ധീകരിച്ചതുമായുണ്ടായ വിവാദങ്ങൾ മാതൃഭൂമി ദിനപത്രത്തെയും സാരമായി ബാധിച്ചിരുന്നു. പത്രത്തിന് ഹൈന്ദവ അനുഭാവമുള്ള സ്ഥാപനങ്ങൾ പരസ്യം നൽകാതെ വന്നതും അർഹതപ്പെട്ട കേന്ദ്രസർക്കാർ പരസ്യങ്ങൾ പോലും നിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് ആർഎസ്എസിന്റെ കടുത്ത വിമർശകൻ കൂടിയായ കമൽറാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ചുമതലയിൽ നിന്ന് നീക്കി സുഭാഷ് ചന്ദ്രന് പുതിയ ചുമതല നൽകിയത്. മീശ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ കടുത്ത പ്രതിഷേധമാണ് മാതൃഭൂമി നേരിടേണ്ടി വന്നത്. പത്രഓഫീസിലേക്ക് വിളിച്ചു തന്നെ വലിയ തോതിൽ തെറിവിളികൾ ഉണ്ടായി. പിന്നാലെ പരസ്യ പ്രതിഷേധങ്ങൾ എൻഎസ്എസ് അടക്കമുള്ളവർ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ സർക്കുലേഷനിൽ വലിയ ഇടിവുണ്ടായി.
ഇത് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതും വേണ്ടവിധം വിജയിക്കുകയുണ്ടായില്ല. മാതൃഭൂമിക്ക് പരസ്യം നൽകരുത് എന്ന വ്യാപക പ്രചരണം വന്നതോടെയാണ് പ്രശസ്ത ജുവല്ലറി ഗ്രൂപ്പായ ഭീമ പരസ്യം നൽകില്ലെന്ന് പ്രഖ്യാപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഇതിനിടെ കല്യാൺ ജുവല്ലറിക്കാരും സമാനമായ നിലപാട് സ്വീകരിക്കുന്ന അവസ്ഥയുണ്ടായി. ഇങ്ങനെ സംഘപരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്ന് മാതൃഭൂമി പത്രത്തിന്റെ വരുമാനത്തിൽ ഇടിവുണ്ടായിരുന്നു. ആർഎസ്എസിന്റെ അജണ്ടകൾ തുറന്നു കാണിക്കുന്നതിൽ ഏറ്റവും മിടുക്കനായ മാധ്യമപ്രവർത്തകനായിരുന്നു കമൽറാം സജീവ്. മീശ നോവൽ വിവാദം ആയുധമാക്കി കമൽറാം സജീവിനെ നീക്കണമെന്ന പരിവാർ ആശയത്തിന് ഒടുവിൽ മാനേജ്‌മെന്റ് വഴങ്ങുകയായിരുന്നു.
അതേസമയം കമൽറാം നേതൃത്വം കൊടുത്ത മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പ് ലാഭത്തിലാണ് താനും. സംഘപരിവാർ ശക്തികളുടേയും എൻ.എസ്.എസിന്റെയും സമ്മർദ്ദമാണ് ഇപ്പോൾ അദ്ദേഹത്തിനെതിരായ നടപടിക്ക് പിന്നിൽ. ശബരിമല വിഷയത്തിൽ ആഴ്ചപ്പതിപ്പ് സംഘപരിവാർ വിരുദ്ധ കാമ്പയിൻ നടത്തും എന്ന ഭയവും ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ടെന്നാണ് അറിയുന്നത്. മാതൃഭൂമിയുടെ എഡിറ്റോറിയൽ സമീപനത്തിൽ നിന്ന് വ്യത്യസ്തമായി സംഘപരിവാർ രാഷ്ട്രീയത്തിന് എതിരെ നിലപാട് എടുത്തതിന്റെ പേരിൽ ഏറെ ശ്രദ്ധേയനായിരുന്ന പത്രാധിപരായിരുന്നു കമൽറാം സജീവ്. ഇതിന്റെ പേരിൽ പത്രത്തിനുള്ളിൽ നിന്നും അദ്ദേഹം എതിർപ്പ് നേരിടേണ്ടി വന്നിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മാതൃഭൂമി ചാനൽ കൈക്കൊണ്ട നിലപാടിന്റെ പേരിൽ വലിയ നഷ്ടമുണ്ടായതും പത്രത്തിനായിരുന്നു. സിനിമാ സംഘടനകളുടെ കൂട്ടായ തീരുമാനത്തിന്റെ ഫലമായി സിനിമാപരസ്യങ്ങൾ മാതൃഭൂമിക്ക് ലഭിക്കാത്ത സ്ഥിതിവിശേഷമുണ്ടായി. ഇത് പരസ്യവിഭാഗത്തെ സാരമായി ബാധിച്ചു. ഇതിന്് പിന്നാലെയായിരുന്നു പ്രളയവും. ഈ പ്രളയവും തെക്കൻ കേരളത്തിൽ പത്രത്തെ സാരമായി ബാധിക്കുകയുണ്ടായി. ഇതെല്ലാം കൂടിയായപ്പോഴാണ് കടുത്ത പ്രതിസന്ധിയെ മാതൃഭൂമി നേരിട്ടത്. ഈ പ്രതിസന്ധികളുടെ ഒടുവിലാണ് മാതൃഭൂമി മാനേജ്‌മെന്റ് കമൽറാം സജീവിനെ എഡിറ്റർ ചാർജ്ജ് സ്ഥാനത്തു നിന്നും നീക്കിയത്.
മീശ വിവാദം ഉയർന്നപ്പോൾ ആഴ്‌ച്ചപ്പതിപ്പിന് പുരോഗമന ഇടങ്ങളിലും ഇടതുകേന്ദ്രങ്ങളിലും സർക്കുലേഷൻ കൂടിയെങ്കിലും ഹൈന്ദവ സംഘടനകൾ കൈക്കൊണ്ട നിലപാടിന്റെ ഭാഗമായി മാതൃഭൂമി പത്രത്തിന്റെ സർക്കുലേഷനിൽ വലിയ തോതിൽ ഇടിവുണ്ടായി. ഹൈന്ദവ വ്യവസായ സ്ഥാപനങ്ങൾ പത്രത്തിന് പരസ്യം നൽകാത്ത അവസ്ഥയുണ്ടായി. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ പോലും മാതൃഭൂമിക്ക് പരസ്യം നിഷേധിക്കുന്ന അവസ്ഥ വന്നതോടെ കടുത്ത സമ്മർദ്ദങ്ങളുടെ ഫലമായാണ് എം വി ശ്രേയംസ് കുമാർ കമൽറാമിനെ മാറ്റാൻ തയ്യാറായത് എന്നാണ് അറിയുന്നത്.
മീശ വിവാദത്തിൽ നോവലിസ്റ്റ് എസ്. ഹരീഷിനെ പിന്തുണച്ചും മീശയെ ന്യായീകരിച്ചും കമൽറാം സജീവ് രംഗതെത്തിയിരുന്നു. സാഹിത്യം ആൾക്കൂട്ട കൊലപാതകത്തിന് ഇരയായിരിക്കുന്നെന്നും കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഇരുണ്ട ദിനം എന്നായിരുന്നു മീശ പിൻവലിച്ച ദിവസം കമൽറാം സജീവ് ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ 15 വർഷമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനെ നയിക്കുന്നത് കമൽറാം സജീവാണ്. ന്യൂസ് ഡസ്‌ക്കിലെ കാവി രാഷ്ട്രീയത്തെ കുറിച്ചുള്ള കമൽ റാം സജീവിന്റെ പുസ്തകം വലിയ ചർച്ചയായിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പിനെ കെട്ടിലും മട്ടിലും മാറ്റിയത് കമൽറാമിന്റെ നേതൃത്വത്തിലുള്ള പത്രാധിപ സമിതിയാണ്. മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച മീശ എന്ന നോവലിൽ അമ്പലത്തിൽ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് സംഘപരിവാർ സംഘടനകൾ എഴുത്തുകാരൻ എസ് ഹരീഷിനെതിരെ രംഗത്ത് വന്നത്.
കേട്ടാൽ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കും സംഘപരിവാർ അനുകൂലികൾ നടത്തിയിരുന്നത്. മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവലാണ് സംഘപരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്ന് പിൻവലിക്കുന്നതെന്നും അഞ്ച് വർഷത്തെ പരിശ്രമമാണ് നോവലെന്നും രാജ്യം ഭരിക്കുന്നവർക്കെതിരെ പോരാടാനുള്ള കരുത്തില്ലെന്നും എസ്. ഹരീഷ് പ്രതികരിച്ചിരുന്നു.
1993 മുതൽ മാധ്യമപ്രവർത്തന രംഗത്തുള്ള കമൽറാം സജീവ് മാധ്യമം ആഴ്ചപതിപ്പിൽ നിന്നാണ് മാതൃഭൂമി ആഴ്ചപതിപ്പിലേക്ക് എത്തുന്നത്. ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും എന്നത് അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ്. നവാബ് രാജേന്ദ്രൻ ഒരു ചരിത്രം, ഇറാഖ്,സദ്ദാം നവലോക ക്രമത്തിന്റെ ഇരകൾ, ആഞ്ഞുകൊത്തുന്ന അനുഭവങ്ങൾ, നാലാം എസ്റ്റേറ്റിലെ ചോദ്യങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികൾ. കമൽറാം സജീവിനെ നീക്കിയ മാതൃഭൂമിയുടെ തീരുമാനം പത്രലോകത്തും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ഇതം സംഘപരിവാറുന് കീഴടങ്ങലാണെന്ന ഫേസ്‌ബുക്ക് പോസ്റ്റുകളും പല കോണുകളിൽ നുന്നും ഉയരുന്നു. ഒരെഴുത്തുകാരനെയോ എഴുത്തുകാരിയെയോ വെടിവെച്ചു കൊല്ലുന്നതു പോലെയോ ഭീഷണിപ്പെടുത്തി എഴുത്തു നിർത്തിക്കുന്നതു പോലെയോ അതിലേറെയോ ഗുരുതരമാണ് വ്യത്യസ്തമാനങ്ങളുള്ള വിഷയങ്ങൾക്ക് നിർഭയമായി,ധീരമായി ഇടം നൽകുന്ന ഒരെഡിറ്ററെ സ്ഥാനഭ്രംശനാക്കുക എന്നതെന്നാണ് ശരാദക്കുട്ടി ഇതേക്കുറിച്ച് പ്രതികരിച്ചത്.