കൊച്ചി: ജമ്മുകാശ്മീരിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന ക്രൂരത.... ഈ നരാധമനെ പിന്തുണയ്ക്കാൻ ചില രാഷ്ട്രീയക്കാരുണ്ടായി. അവിടെത്തെ ഹിന്ദുക്കളായ മിക്ക രാഷ്ട്രീയക്കാരും പ്രതിക്ക് വേണ്ടി വാദമുയർത്തി. അതിനെ തുറന്ന് കാട്ടിയത് മാധ്യമങ്ങളാണ്. മാധ്യമ ഇടപെടൽ മൂലം പ്രധാനമന്ത്രി മോദിക്ക് പോലും വാ തുറക്കേണ്ടി വന്നു. പീഡകനെ രക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ടവർക്ക് മന്ത്രിസ്ഥാനവും പോയി. കത്വയിലെ പീഡകന്റെ കൈയിൽ കാശുണ്ടെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ഇത് ചിന്തിപ്പിക്കുന്നത് ഇന്നത്തെ മലയാള പത്രങ്ങളാണ്. സിനിമാക്കാരുടെ ബഹിഷ്‌കരണം കാരണം മാതൃഭൂമി മാത്രം രക്ഷപ്പെട്ടു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നു. സിനിമയ്ക്കുള്ളിലെ സിനിമ പൾസർ സുനിയുടെ അറസ്റ്റോടെ ചർച്ചയായി. എന്നിട്ടും പലരും മുന്നോട്ട് തന്നെ കുതിച്ചു. ഇതിനിടെയിൽ പലതും വിളിച്ചു പറഞ്ഞു. മാധ്യമങ്ങളെ ആക്ഷേപിച്ചു. ഒടുവിൽ കേസിൽ പ്രതിയുമായി. ഒരു സഹപ്രവർത്തകയെ പീഡിപ്പിക്കാൻ കൊടുത്ത ആദ്യ ക്വ്‌ട്ടേഷനായി അത് മാറി. പ്രതികൾക്ക് പല ന്യായങ്ങൾ പറയാനുണ്ടാകും. ഇതൊക്കെ കേസിൽ വിചാരണ പൂർത്തിയായാലും അവർ പറഞ്ഞു കൊണ്ടിരിക്കും. ഇത് തന്നെയാണ് കാശ്മീരിലും പീഡകർക്കായി രംഗത്ത് വന്നവരും പറയുന്നത്. ഇന്നത്തെ മലയാള പത്രങ്ങളും ഈ രാഷ്ട്രീയക്കാരുടെ നിലവാരത്തിലേക്ക് താഴുന്നു. പരസ്യം കൊടുക്കാം. അതിൽ ഒരു തെറ്റുമില്ല. പക്ഷേ പീഡകനെന്ന് പൊലീസ് വിളിക്കുന്ന പ്രതിക്ക് വെള്ളപൂശാൻ പത്രത്താളുകളിലെ ആദ്യ പുറം നൽകാമോ എന്നതാണ് ചോദ്യം. അങ്ങനെ നൽകുന്നവർ എങ്ങനെ കാശ്മീരിലെ പീഡകരെ വെള്ളപൂശാൻ ഇറങ്ങുന്നവരെ വിമർശിക്കാനാകുമെന്നതും ചോദ്യമായി അവശേഷിക്കും.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ പ്രോസിക്യൂഷൻ നിരത്തുന്നത് ഗുരുതര ആരോപണങ്ങളാണ്. ഇതെല്ലാം വെറും ചതിയാണെന്ന സന്ദേശം നൽകി സ്വയം മഹത്വവൽക്കരിക്കാനാണ് ദിലീപിന്റെ ശ്രമം. ദിലീപിന്റെ ഈ വാദം ശരിയാണെങ്കിൽ പോലും കേസിൽ വിചാരണ പൂർത്തിയാകും വരെ അത്തരമൊരു സന്ദേശം പീഡനക്കേസിലെ പ്രതിക്കായി പരസ്യ രൂപത്തിൽ പത്രങ്ങൾക്ക് നൽകാമോ എന്നതാണ് ചോദ്യം. ജമ്മുവിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചവന് വേണ്ടി വാദിക്കുന്നതിന് തുല്യമാണ് ഇതും. ജമ്മുവിലെ കേസും കെട്ടുകഥയാണെന്നും പൂജാരി കുറ്റക്കാരനല്ലെന്നുമാണ് തീവ്ര ഹിന്ദു നേതാക്കൾ പറയുന്നത്. ഇത് തന്നെയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപും പറയുന്നത്. അതുകൊണ്ടാണ് പത്രപരസ്യത്തിൽ ചർച്ച അനിവാര്യമാക്കുന്നത്.

വൻ ബ്രാൻഡുകളുടെ പരസ്യം വാങ്ങി വാർത്ത കൊടുക്കാത്ത സംഭവങ്ങൾ പലതും നടക്കുന്നുണ്ട്. പരസ്യത്തിന്റെ കരുത്തിൽ ബ്രാൻഡുകളെ വെള്ള പൂശുന്നതും സംഭവിക്കുന്നു. ഇവിടെ കമ്മാരസംഭവമെന്ന സിനിമയുടെ പരസ്യമാണ് ഇന്ന് പത്രങ്ങളുടെ ഒന്നാം പേജുകളിൽ. കേരളകൗമുദിയിലും ദീപികയിലും മംഗളത്തിലും ആദ്യ പേജിൽ കമ്മാര സംഭവത്തിന്റെ പരസ്യം. ചരിത്രം....'ചതി'ത്രമാകുമ്പോൾ; 'ചതി'ത്രം.......... ചരിത്രമാകുന്നു!! എന്ന ക്യാപ്ഷനാണ് പ്രധാനമായും ചർച്ചയാകുന്നത്. ഇതിൽ പരസ്യം നൽകിയവർ ഒളിപ്പിച്ച് വയ്ക്കുന്നത് ദിലീപിനെതിരായ കേസ് ചതിയാണെന്ന് തന്നെയാണ്. വിചാരണ നടക്കുന്ന ഈ ഘട്ടത്തിൽ ഇത് ചെയ്യാമോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ പരസ്യം മനോരമയിലും ഉണ്ട്. മനോരമയിൽ അകത്താണ് കമ്മാര സംഭവത്തിന്റെ പരസ്യം. ഒന്നാം പേജിൽ കല്യാണിനെയാണ് മനോരമ ഉയർത്തിക്കാട്ടുന്നത്. മാതൃഭൂമിയിൽ പരസ്യമില്ല. ദേശാഭിമാനിയും വീക്ഷണവും ദിലീപിന്റെ പരസ്യം ഏറ്റെടുക്കുന്നു. കാശ്മീർ വിഷയത്തിൽ രൂക്ഷ നിലപാടുകൾ എടുക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പത്രങ്ങളാണ് ഇവ. ദിലീപിന്റെ അറസ്റ്റിനെ പിണറായി സർക്കാരിന്റെ നേട്ടമായി ദേശാഭിമാനി വിലയിരുത്തിയിരുന്നു. അവരും പരസ്യം ഏറ്റെടുക്കുന്നു.

ജയിലിൽ ആകുന്നതിന് മുമ്പ് തന്നെ ദിലീപ് മാതൃഭൂമിയെ കടന്നാക്രമിച്ചിരുന്നു. മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണനോടായിരുന്നു കൂടുതൽ കലിപ്പ്. ഇത് തുടരുന്നതിന്റെ സൂചനയാണ് മാതൃഭൂമിയുടെ ആദ്യ പേജിൽ സിനിമാ പരസ്യം ഇല്ലാത്തത്. ദിലീപ് വിഷയത്തെ തുടർന്ന് മാതൃഭൂമിയെ ബഹിഷ്‌കരിക്കാൻ സിനിമാക്കാർ തീരുമാനിച്ചിരുന്നു. ഇതോടെ സിനിമാ പരസ്യങ്ങൾ മാതൃഭൂമിയിൽ നിന്ന് അകന്നു. മാതൃഭൂമിയാകട്ടെ ഇതോടെ സത്യസന്ധമായ റിവ്യൂകളുമായെത്തി. ഇത് മോശം ചിത്രങ്ങളെ ഇല്ലാം ബാധിച്ചു. ശനിയാഴ്ച ഇറങ്ങുന്ന ചിത്രഭൂമിയെ സിനിമാക്കാർ ഭയന്നു തുടങ്ങി. അതുകൊണ്ടാണ് കമ്മാരസംഭവം ഉൾപ്പെടെയുള്ള പുതിയ ചിത്രങ്ങളുടെ റിലീസ് ശനിയാഴ്ചയിലേക്ക് മാറ്റിയത്. ഇതിലൂടെ രണ്ടാം ദിനം തന്നെ സത്യസന്ധമായ റിവ്യൂ മാതൃഭൂമിയിൽ വരുന്നത് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. വിഷു റിലീസുകൾ ശനിയാഴ്ച ആയത് ഇതുകൊണ്ട് മാത്രമാണ്.

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കമ്മാര സംഭവം എന്നാണ് വിലയിരുത്തൽ. ചരിത്ര കഥ പറയുന്ന സിനിമയിൽ കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രത്തെയാണ് ദിലീപ് അഭിനയിക്കുന്നത്. രാമലീലയുടെ വൻ വിജയത്തിന് ശേഷം ദിലീപിന്റേതായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് കമ്മാരസംഭവം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് താരങ്ങളായ സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മുരളീഗോപിയും ഇന്ദ്രൻസും ശ്വേത മേനോനും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളാകുന്നു. തേനി, ചെന്നൈ, എറണാകുളം എന്നിവയാണ് പ്രധാനലൊക്കേഷൻ. ഏകദേശം 20 കോടി ചെലവുള്ള സിനിമയുടെ നിർമ്മാണം ഗോകുലം ഫിലിംസ് ആണ്. ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

ദിലീപ് ജയിലിലായിരിക്കെ പുറത്ത് വന്ന രാമലീല എന്ന ചിത്രത്തിന്റെ ട്രയിലറും പോസ്റ്ററുകളും സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ട്രെയിലറിലെ ചില ഡയലോഗുകൾ ദിലീപിന് ജയിലിൽ ആയ സാഹചര്യവുമായി യോജിച്ചു പോകുന്നതുമായത് വലിയ ചർച്ചയായി. ഡയലോഗുകളിൽ ചിലതെല്ലാം ദിലീപിന്റെ ജീവിതത്തിൽ അറംപറ്റിയതുപോലെ സംഭവിച്ചെന്ന ചർച്ചകളാണ് നടന്നു. ഇതിന് യോജിച്ച രീതിയിൽ ചിത്രത്തിന്റെ പോസ്റ്ററുകളും വന്നിരുന്നു. ഇതേ രീതിയാകും കമ്മാരസംഭവത്തിലും തുടരുന്നത്. സിനിമയിലൂടെ നായകന്റെ പ്രതിനായക പരിവേഷം തകർക്കാനുള്ള നീക്കം. കോടതി ശിക്ഷിച്ചാൽ പോലും ചതിയുടെ ഭാഗമാണ് ഇതെന്ന് വരുത്തനാനുള്ള നീക്കം. ഈ സാഹചര്യത്തിലാണ് പത്ര പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയമാകുന്നത്. പരസ്യങ്ങൾ നൽകുമ്പോൾ കൂടുതൽ കരുതലുകൾ പത്രങ്ങൾ എടുക്കേണ്ടതില്ലേ എന്നതാണ് ഉയരുന്ന ചോദ്യം.

ദിലീപിനെ ചതിക്കുന്നു എന്ന് പറയുമ്പോൾ അപമാനിക്കപ്പെടുന്നത് ആക്രമത്തിന് ഇരയായ പെൺകുട്ടിയാണ്. പണത്തിന്റെ കരുത്തിൽ സിനിമാ പരസ്യത്തിലൂടെ പോലും ചെയ്യുന്നത് ഇരയെ അപമാനിക്കലാണ്.