ഭൂഭൽപള്ളി: എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്യക്ക് നേരെ ആക്രമണം. തെലുങ്കാനയിലെ വാറങ്കലിൽ ഒരു സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കാൻ പോവുന്നതിനിടെ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. വാറങ്കൽ പൊലീസിൽ ഐലയ്യ പരാതി നൽകി. നാല് പേർ ചേർന്ന് തന്റെ കാറിന് നേരെ കല്ലും ചെരുപ്പുമെടുത്ത് എറിയുകയും കൊല്ലാൻ ശ്രമിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഐലയ്യയുടെ കോളത്തൊള്ളു സാമാജിക സ്മഗളരു (വൈശ്യാസ് ആർ സോഷ്യൽ സ്മഗ്ളഴ്സ്) എന്ന പുസ്തകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിനെതിരെ വിവിധ വൈശ്യ സംഘടനകൾ തെലുങ്കാനയുടെയും ആന്ധ്രാപ്രദേശിന്റയും പല ഭാഗത്ത് പ്രതിഷേധ പരിപാടികൾ നടത്തിവരികയായിരുന്നു.

ഐലയ്യ ആക്രമിക്കപ്പെട്ടതിന് 200 മീറ്റർ അപ്പുറത്തും ഒരു പ്രതിഷേധ പരിപാടി നടക്കുന്നുണ്ടായിരുന്നു. ഇത് വഴി പോവുന്നതിനിടെ പ്രതിഷേധക്കാർ കാർ തടയുകയും ചെരുപ്പും കല്ലും കാറിന് നേരെ വലിച്ചെറിയുകയുമായിരുന്നു.

ഐലയ്യ ഉടൻ തന്നെ വാഹനം തിരിച്ച് പൊലീസ് സ്റ്റേഷനിലേക്ക് സുരക്ഷയ്ക്കായി ഓടിക്കയറുകയുമായിരുന്നുവെന്ന് വാറങ്കൽ പൊലീസ് ഇൻസ്പെക്ടർ ജെ.നരസിംഹാളു പി.ടി.ഐയോട് പറഞ്ഞു. പ്രതിഷേധക്കാർ പിരിഞ്ഞ് പോയതിന് ശേഷമാണ് ഐലയ്യ ഹൈദരാബാദിലേക്ക് തിരിച്ച് പോയത്. പുസ്തകത്തിലെ പല പരാമർശങ്ങളും ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്നും അത് പിൻവലിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വൈശ്യ അസോസിയേഷനും പൊലീസിൽ പരാതി നൽകിയിരുന്നു. പുസ്തകം പിൻവലിക്കാൻ തയ്യാറാവാതിരുന്നതോടെയാണ് ഐലയ്യക്കെതിരെ പ്രതിഷേധ പരിപാടി തുടങ്ങിയത്.

പുസ്തകം പിൻവലിച്ചില്ലെങ്കിൽ നാക്ക് അരിഞ്ഞ് തള്ളുമെന്ന് പറഞ്ഞ് ഐലയ്യക്കെതിരെ സെപ്റ്റംബർ ആദ്യം ഭീഷണിയുണ്ടായിരുന്നു. ഭീഷണിക്കെതിരെ ഇദ്ദേഹം ഒസ്മാനിയ സർവകലാശാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു.

തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ആര്യ വൈശ്യ സംഘമായിരിക്കും അതിന് ഉത്തരവാദിയെന്നും തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും ഐലയ്യ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതി നൽകി രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഇദ്ദേഹത്തിനെതിരെ അക്രമം ഉണ്ടായിരിക്കുന്നത്.