കോട്ടയം: കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട് (എം) ജനറൽ സെക്രട്ടറിമാരും ബാങ്ക് ഡയറക്ടർമാരുമായ രണ്ടു യുവജന നേതാക്കൾ കോഴ ആവശ്യപ്പെട്ട സംഭവം വൻ വിവാദത്തിൽ. ബാങ്കിന്റെ കാഞ്ഞിരപ്പള്ളി ശാഖയിലെ ഒഴിവുള്ള അറ്റൻഡർ തസ്തികയിലെ നിയമനത്തിന് ഭരണസമിതി അംഗങ്ങളായ യുവനേതാക്കൾ 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് വിവാദം. ബാർകോഴ വിവാദത്തിൽപ്പെട്ട മാണിക്കും മകൻ ജോസ് കെ. മാണിക്കും മറ്റൊരു തലവേദനനയായി വിവാദം മാറിക്കഴിഞ്ഞു.

ഉദ്യോഗാർഥിയുടെ ഭർത്താവും ഭരണസമിതി അംഗങ്ങളുമായി ഫോണിൽ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംസ്ഥാന യുവജന കമ്മീഷൻ ബോർഡ് അംഗമായിരുന്ന അഡ്വ. സുമേഷ് ആൻഡ്രൂസ്, എലിക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റായ സാജൻ തൊടുക എന്നിവരാണ് കോഴ വാങ്ങിയ സംഭവത്തിൽ വിവാദത്തിലായിരിക്കുന്നത്. ബാങ്ക് ഭരണസമിതിയിലേക്ക് അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരക്കിട്ട് നിയമനം നടത്തുന്നതിനായി സുമേഷും സാജനും തുക ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പുകളാണ് പുറത്തു വന്നത്.

കാഞ്ഞിരപ്പള്ളി ശാഖയിലെ അറ്റൻഡർ ജോലിക്കായി 15 ലക്ഷം രൂപ കോഴ ചോദിക്കുന്നതിന്റെ വിശദശാംശംങ്ങളാണ് ടേപ്പിലുള്ളത്. കെ.എം. മാണി, മകൻ ജോസ് കെ. മാണി എംപി എന്നിവരുടെ പേരുകളും ഓഡിയോ ക്ലിപ്പിലുണ്ട്. മാണിസാറുമായി കൂടി ചർച്ച നടത്തി കാര്യങ്ങൾ ശരിയാക്കി തരാമെന്നാണ് ഇരു നേതാക്കളും ഓഡിയോ ക്ലിപ്പിൽ പറയുന്നത്. മൂന്നു വനിതകൾ ഉൾപ്പെടെ നാല് കോൺഗ്രസുകാരും 10 കേരളാ കോൺഗ്രസുകാരും അടക്കം 14 യുഡിഎഫ് അംഗങ്ങളാണ് നിലവിലെ ബാങ്കിന്റെ ബോർഡിൽ ഉള്ളത്.

ബാങ്കിൽ അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയാണ് നിയമനം എന്നും സുമേഷാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹത്ത തുക ഏൽപ്പിച്ചാൽ കെ.എം മാണിയുടെ സാന്നിധ്യത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിലും, ഇരുപതു മാർക്ക് ആവശ്യമുള്ള ഇന്റർവ്യൂവിലും പാസാക്കി എടുക്കാമെന്നാണ് കോഴ ചോദിക്കുന്നവർ നല്കുന്ന വാഗ്ദാനം. എന്നാൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് മുമ്പ് തുക എത്തിക്കണമെന്നും ഒന്നിലധികം ഉദ്യോഗാർത്ഥികളുണ്ടെന്നും നേതാക്കൾ പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്.

ഇതോടനുബന്ധിച്ച് യൂത്ത് ഫ്രണ്ട് നേതാക്കൾ ഭരണസമിതി അംഗങ്ങളായ മറ്റ് ചില ബാങ്കുകളിലെ നിയമനങ്ങളും വിവാദത്തിലാണ്. ആരോപണ വിധേയരായ രണ്ടു നേതാക്കളെ കൂടാതെ മറ്റൊരു യൂത്ത് ഫ്രണ്ട് നേതാവും ഇതേ ഉദ്യോഗാർഥിയുടെ ബന്ധുവിൽ നിന്നും പണം വാങ്ങിയതിന്റെ തെളിവുകളും ഈ ശബ്ദരേഖയിൽ തന്നെ വ്യക്തമാണ്.

തുക കൊടുക്കാൻ തയാറായി നിയമനം ആവശ്യപ്പെട്ട വ്യക്തിയാകട്ടെ മണിമല സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് 45 ലക്ഷം രൂപയുടെ ആരോപണങ്ങളിൽ കുടുങ്ങി ഈ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടയാളാണ്. തുടർന്ന് ഭാര്യയ്ക്ക് കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിൽ ജോലി തരപ്പെടുത്താനായിരുന്നു ഇയാളുടെ നീക്കം. സ്വന്തം നേതാക്കളിൽ വിശ്വാസമില്ലാത്തതിനാൽ ഇടപാട് സംബന്ധിച്ച് ഈ നേതാക്കളുമായി നടത്തിയ സംഭാഷണങ്ങൾ ഇയാൾ റിക്കോർഡ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു.

ഇതേ നിയമനവുമായി ബന്ധപ്പെട്ട് ഇയാൾ ഇതേ ഭരണസമിതിയിൽ അംഗമായ മറ്റൊരു യൂത്ത് ഫ്രണ്ട് നേതാവിനും പണം നൽകിയിരുന്നു. ആ വിവരവും ഇപ്പോഴത്തെ ഓഡിയോ ക്ലിപ്പിൽ സുമേഷ് ആൻഡ്രൂസ് ഉദ്യോഗാർഥിയുടെ ബന്ധുവിനോട് ചോദിക്കുകയും അയാൾ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ നേതാവ് പണം വാങ്ങിയ വിവരം പാർട്ടിയുടെ ഉന്നത നേതാക്കൾ അറിയുകയും അവർ ഇടപെട്ട് വാങ്ങിയ പണം തിരികെ കൊടുപ്പിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമായിരുന്നു കേരളാ കോൺഗ്രസുകാരനായ ഉദ്യോഗാർഥിയുടെ ഭർത്താവ് ഇപ്പോൾ യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളും ഭാവിയിലെ പ്രസിഡന്റ് നോമിനികളുമായിരുന്ന ബാങ്ക് ഡയറക്ടർമാരായ യുവ നേതാക്കളെ സമീപിച്ചത്.

ഭരണസമിതിയിൽ കൂടുതൽ സ്വാധീനം ഉപയോഗിക്കാൻ കഴിയുന്ന നേതാക്കൾ എന്ന നിലയിലായിരുന്നു സുമേഷ് ആൻഡ്രൂസിനെയും സാജനെയും ഇയാൾ സമീപിച്ചത്. എല്ലാം ചെയ്യുന്നത് സുമേഷ് ആണെന്നായിരുന്നു സാജൻ പറയുന്നത്. സുമേഷിനു വേണ്ടി എന്ന നിലയിലാണ് സാജൻ തൊടുക ഇടപാടുകാരനുമായി സംസാരിക്കുന്നത്. യുവജന കമ്മീഷൻ അംഗമായിരിക്കെ ഇത്തരത്തിൽ നിരവധി ആക്ഷേപങ്ങളിൽ ഉൾപ്പെട്ടയാളാണ് സുമേഷ് ആൻഡ്രൂസ്.

മറ്റൊരു ഭരണസമിതി അംഗമായ യുവ നേതാവ് പണം വാങ്ങിയത് തിരികെ നൽകേണ്ടി വന്നതിൽ ആ നേതാവിനൊപ്പമുള്ളവർക്കുള്ള വൈരാഗ്യവും എതിർ വിഭാഗക്കാരായ യൂത്ത് നേതാക്കളെ വെട്ടിലാക്കിയ വിവാദങ്ങൾക്ക് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു. ചുരുക്കത്തിൽ കൊടുക്കൽ വാങ്ങലുകളിൽ ഭരണസമിതി അംഗങ്ങൾക്കിടയിൽ നിലനിന്ന ചേരിപ്പോര് മറനീക്കി പുറത്തുവരികയായിരുന്നു.

ഈ സംഭവത്തിലെ ഇടപാടുകാരൻ മണിമല ബാങ്കിന്റെ പ്രസിഡന്റായിരുന്ന കാലത്ത് ഒഴിവുവന്ന തസ്തികകളിൽ പാർട്ടി ബന്ധമുള്ള ഉദ്യോഗാർഥികളെ നിയമിക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്നും ഉയർന്നിരുന്നു. കേരളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റിന്റെ ബന്ധുവായിരുന്നു ഇവിടെ നിയമനം പ്രതീക്ഷിച്ചിരുന്ന ഒരാൾ.

എന്നാൽ ഈ നിയമനങ്ങൾ ഭരണസമിതി പുറത്തു വിൽപ്പന നടത്തിയതോടെ പാർട്ടിക്കാർ പുറത്തായി. അതിനെതിരെ നാട്ടുകാർ 45 ലക്ഷത്തിന്റെ കോഴ ആരോപണം ഉന്നയിച്ചതോടെ പാർട്ടി ഇടപെട്ട് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇയാളെ പുറത്താക്കുകയായിരുന്നു. മണിമല ബാങ്കിന്റെ ഭരണസമിതിയിലെ അഞ്ച് കേരളാ കോൺഗ്രസ് അംഗങ്ങളിൽ 4 പേരും ഇയാൾക്കെതിരായിരുന്നു.

എന്തായാലും സഹകരണ മേഖലയിൽ സാധുക്കളായ അർഹരായ ഉദ്യോഗാർഥികൾക്ക് ലഭിക്കേണ്ട നിയമനങ്ങളാണ് യുവ നേതാക്കളുടെ കുപ്പായമിട്ട് നടക്കുന്നവർ പരസ്പരം വിറ്റുകാശാക്കിക്കൊണ്ടിരിക്കുന്നത്.

സംഭവത്തിൽ ശബ്ദരേഖയിൽ ഉൾപ്പെട്ട സുമേഷ് ആൻഡ്രൂസ്, സാജൻ തൊടുക, ആദ്യം പണം വാങ്ങിയ യൂത്ത് ഫ്രണ്ട് നേതാവായ ഭരണസമിതി അംഗം, മണിമല ബാങ്കിൽ കോഴ നിയമനം നടത്തിയ കാഞ്ഞിരപ്പള്ളി ബാങ്ക് വിവാദത്തിലെ ഇടപാടുകാരൻ എന്നിവർക്കെതിരെ കർശന നടപടിയും അന്വേഷണവും വേണമെന്ന ആവശ്യം ശക്തമാണ്.

ഇവർക്കെതിരെ പാർട്ടി തലത്തിൽ നടപടി എടുക്കേണ്ട സാഹചര്യവും നിലനിൽക്കുന്നുണ്ട്. യൂത്ത് ഫ്രണ്ടിന്റെ ഉന്നത നേതാക്കളായ കോഴ വിവാദക്കാരെ ഭാരവാഹിത്വത്തിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം പാർട്ടിയിലും ഉയരുന്നുണ്ട്. യൂത്ത് ഫ്രണ്ടിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരായിരുന്നു സുമേഷ് ആൻഡ്രൂസും സാജൻ തൊടുകയും.

ഇതിനിടെ സംഭവത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നടത്തിയ സമരത്തിനിടെ ബാങ്ക് യോഗത്തിലേക്ക് അതിക്രമിച്ചു കയറിയ സമരക്കാർ ആരോപണ വിധേയനായ സാജൻ തൊടുകയെ മർദ്ദിച്ചു. പൊലീസ് ഇടപെട്ടാണ് സമരക്കാരിൽ നിന്നും സാജനെ രക്ഷപെടുത്തിയത്. കമ്മറ്റി റൂമിനുള്ളിൽ പ്രവേശിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർ കസേരകൾ തല്ലിത്തകർക്കുകയും ബാങ്കിന്റെ ബോർഡ് മെമ്പർ കൂടിയായ മുൻ പഞ്ചായത്ത് പ്രസിഡന്റ് സാജൻ തൊടുകയെ കസേര കൊണ്ട് മർദിക്കുകയുമായിരുന്നു.