കൊച്ചി: ഫാ. ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാനായി നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്ന സീറോ മലബാർ സിനഡിന്റെ തീരുമാനമനുസരിച്ച് മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. നിയമനം മാർപാപ്പ അംഗീകരിച്ചു.

സീറോ മലബാർ സഭാ സിനഡിലെ എല്ലാ മെത്രാന്മാരും പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുത്തു. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ മാത്യൂ അറയ്ക്കലും ചേർന്ന് നിയുക്ത സഹായ മെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയുടെ സിഞ്ചെല്ലൂസാണ് നിലവിൽ ഫാ. ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതയിലെ മുണ്ടക്കയം ഇഞ്ചിയാനി ഇടവക പുളിക്കൽ പരേതരായ ആന്റണിമറിയാമ്മ ദമ്പതികളുടെ ഏക മകനാണ്.

1964 മാർച്ച് മൂന്നിനു ജനിച്ച അദ്ദേഹം ഇഞ്ചിയാനി ഹോളി ഫാമിലി, മുണ്ടക്കയം സിഎംഎസ് എന്നിവിടങ്ങളിൽ സ്‌കൂൾ പഠനവും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ പ്രീഡിഗ്രിയും പഠിച്ചശേഷം കാഞ്ഞിരപ്പള്ളി പൊടിമറ്റം മേരിമാതാ മൈനർ സെമിനാരിയിൽ ചേർന്നു. വടവാതൂർ സെന്റ് തോമസ് സെമിനാരിയിൽ വൈദികപരിശീലനം പൂർത്തിയാക്കി. 1991ൽ വെദികനായി. ബംഗളുരു ധർമാരാമിൽനിന്ന് ബിബ്ലിക്കൽ തിയോളിയിൽ ഡോക്ടറേറ്റ് നേടി. രൂപത മതബോധനവിഭാഗത്തിന്റെയും മിഷൻലീഗിന്റെയും ഡയറക്ടറായി ഏഴു വർഷം സേവനമനുഷ്ഠിച്ചു.

റാന്നിപത്തനംതിട്ട മിഷൻ മേഖലയുടെ ചുമതലയുള്ള സിഞ്ചെല്ലൂസ്, പത്തനംതിട്ട ഫൊറോന വികാരി എന്നീ നിലകളിൽ 2011 ഫെബ്രുവരി മുതൽ പ്രവർത്തിച്ചു. 2014 മെയ് മുതലാണ് ഇടവകയുടെയും വൈദികരുടെയും സന്യസ്തരുടെയും ചുമതലയുള്ള രൂപതാ സിഞ്ചെല്ലൂസായി സേവനമനുഷ്ഠിക്കുന്നത്.

കുടുംബത്തിലെ ഏക മകനായ റവ. ഡോ. ജോസ് പുളിക്കൽ ഇഞ്ചിയാനിയിലെ കുടുംബവക സ്ഥലവും വീടും 1994ൽ സിസ്റ്റേഴ്‌സ് ഓഫ് ഹോളി സ്പിരിറ്റിന് ദാനം നൽകുകയായിരുന്നു. കുറ്റവാസനയുള്ള കുട്ടികളെ പാർപ്പിച്ച് അവരെ നവീകരിക്കുന്ന സ്‌നേഹദീപം എന്ന ഭവനമായി കുടുംബവീട് ഹോളിസ്പിരിറ്റ് സിസ്റ്റേഴ്‌സിനെ ഏൽപിച്ചു. മരണം വരെ മാതാപിതാക്കളും ഈ ഭവനത്തിൽ കുട്ടികൾക്കൊപ്പം സിസ്റ്റേഴ്‌സിന്റെ സംരക്ഷണയിലായിരുന്നു.