കാഞ്ഞിരപ്പള്ളി : ക്രിസ്ത്യൻ തറവാടിനുള്ളിൽ നിധിയുണ്ടെന്ന ധാരണയിൽ വീടിനുൾവശം തുരന്നു കൊണ്ടിരുന്ന വീട്ടുടമയും മകനും സഹായികളുമുൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വപ്‌നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട് വീടിനുള്ളിൽ നിധിയുണ്ടെന്ന് അറിയിച്ചെന്നും ഇതുകൊണ്ടാണ് വീടിനുള്ളിൽ കിടങ്ങുകൾ തീർത്തതെന്നും വീട്ടുടമ പറഞ്ഞതായി പൊലീസ് അറിയിച്ചു.

കാഞ്ഞിരപ്പള്ളി കപ്പാട് പുന്നച്ചുവടിന് സമീപത്ത് അച്ഛനും മകനും മാത്രം താമസിക്കുന്ന വീടിനുള്ളിലാണ് നിധി കണ്ടെത്തുന്നതിനായി കിടങ്ങുകൾ കുഴിച്ചത്. വർഷങ്ങളായി വീട് കേന്ദ്രീകരിച്ച് മന്ത്രവാദം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്. എന്നാൽ വീടിനുള്ളിലെ കാഴ്ച കണ്ട് പൊലീസ് ഞെട്ടി. അന്ധവിശ്വാസത്തിന്റെ പിടിയിൽ വീണ അച്ഛനും മകനും കാട്ടിയത് പൊലീസനെ പോലും ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു.

വീടിനുള്ളിലും, പരിസരത്തും വിഗ്രഹങ്ങളും രൂപങ്ങളും സ്ഥാപിച്ച് പൂജകൾ നടത്തി വരുന്നതായും കണ്ടെത്തി. നിധികണ്ടെത്തുന്നതിനായി മൂന്നു കിടങ്ങുകൾ കുഴിച്ചിട്ടുണ്ട്. താഴ്ചയിൽ കുഴിയെടുക്കുന്നതിന് സ്‌പോട്ട് ലൈറ്റുകളും ഓക്‌സിജൻ മാസ്‌കുകളും ഉപയോഗിച്ചിരുന്നു. നിധി കണ്ടെത്താനായി 15 അടിയോളം താഴ്‌ച്ചയിൽ കുഴിയെടുത്തു. വീട്ടിന് അകത്തും പുറത്തും പൂജകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നുവത്രേ. കുഴിയെടുത്തുകൊണ്ടിരുന്ന എറണാകുളം, പാലക്കാട്, കണ്ണുർ, മലപ്പുറം, ചാവക്കാട് സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സിആർപിസി 151-ാം വകുപ്പ് പ്രകാരം കരുതൽ അറസ്റ്റാണ് ചെയ്തതെന്നും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു. ഈ വിട്ടിലെ അസ്വാഭാവിക സംഭവങ്ങളെ കുറിച്ച് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ കാര്യങ്ങൾ അറിയിച്ചത്. വർഷങ്ങളായി വീട് കേന്ദ്രീകരിച്ച് ദൂർമന്ത്രവാദവും സാത്താൻ സേവയും നടക്കുന്നെന്നും അന്യസംസ്ഥാനങ്ങിൽനിന്നടക്കം ആഭിചാരക്രിയകൾക്കും മറ്റുമായി സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇവിടെ വരാറുണ്ടെന്നും ആരോപിച്ച് പൊലീസിന് പരാതി ലഭിച്ചതിനെ തുടർന്നാണു പരിശോധന നടത്തിയത്. വീടിനുള്ളിലും, പരിസരത്തും ഹിന്ദു ക്രിസ്ത്യൻ ആചാരപ്രകാരമുള്ള പ്രതിഷ്ഠകൾ സ്ഥാപിച്ച് പൂജകൾ നടത്തി വരുന്നതായും പരിശോധനയിൽ കണ്ടെത്തി.

ദേവീ, ദേവന്മാരുടെ വിഗ്രഹങ്ങളും ആണയടിച്ച നിലയിൽ കുരിശൂം കണ്ടെത്തി. പൊലീസ് എത്തുമ്പോൾ ക്ഷേത്രാചാര രീതിയിലുള്ള പൂജകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നുവത്രേ. വീടിനകത്തും പുറത്തും നിലവിളക്കുകൾ തെളിച്ച് പൂജകളും നടന്ന് വന്നിരുന്നു. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നാളുകളായി ഇവിടം നിരീക്ഷണത്തിലായിരുന്നു. ഇവിടെ ഉണ്ടായിരുന്നവർക്കെതിരെ കരുതൽ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്നും ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നും പൊലീസ് അറിയിച്ചു. ഇവർക്കെതിരെ മറ്റു പരാതികളൊന്നും തെളിഞ്ഞിട്ടില്ല.