കണ്ണൂർ: ഭീകരവാദത്തെ തള്ളിപ്പറയാത്ത സംഘടനകൾക്കു നേരെ രഹസ്യാന്വേഷണവിഭാഗത്തിന്റെ നിരീക്ഷണം ശക്തമാക്കുന്നു. കനകമലയിലെ അറസ്റ്റിനെ തുടർന്നാണ് ഇത്. ഞെട്ടിക്കുന്ന പല വിവരങ്ങളും സർക്കാരിന് എൻഐഎ കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നീക്കം. ഐസിസിനെ തള്ളപ്പറഞ്ഞെങ്കിലും പോപ്പുലർ ഫ്രണ്ടിനേയും സംശയത്തോടെയാണ് അന്വേഷണ ഏജൻസികൾ കാണുന്നത്.

കേരളത്തിലെ ചില മാദ്ധ്യമ സ്ഥാപനങ്ങളുടെ മറവിലും മനുഷ്യാവകാശ സംഘടനകളുടെ തണലിലും തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് വളക്കൂറുണ്ടാക്കാനുള്ള ശ്രമം നടന്നതായി നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരമുണ്ടായിരുന്നു. എന്നാൽ അത്തരം സ്ഥാപനങ്ങൾക്കും സംഘടനകൾക്കും നേരെയുള്ള അന്വേഷണത്തെ മാദ്ധ്യമ ധർമ്മവും മനുഷ്യാവകാശവും മറയാക്കി തടഞ്ഞു നിർത്താൻ ചില ബുദ്ധിജീവികളിലൂടെ പ്രതികരിച്ചതാണ് അന്വേഷണ ഏജൻസികളെ കുരുക്കിലാക്കിയത്. ഇത്തരം ദേശവിരുദ്ധ സംഘടനകൾക്ക് ലഘുലേഖകളും മറ്റ് പ്രചാരണരേഖകളും മാദ്ധ്യമസ്ഥാപനങ്ങൾ വഴി തയ്യാറാക്കിയതായും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ കർശന നിരീക്ഷണത്തിന് ഇത്തരം സംഘടനകളെ രഹസ്യാന്വേഷണ ഏജൻസികൾ വിധേയമാക്കും.

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എൻ.ഡി.എഫ്. എന്നീ സംഘടനകളാണ് കടുത്ത നിരീക്ഷണ പട്ടികയിലുള്ളത്. പഴയ സിമി പ്രവർത്തകർ അൽഖ്വയ്ദ ദക്ഷിണേന്ത്യൻ കമാൻഡറായിരുന്ന തടിയന്റവിടെ നസീറിനൊപ്പം പ്രവർത്തിച്ചവർ, ഇന്ത്യൻ മുജാഹിദ്ദീനുമായി ബന്ധപ്പെട്ടവർ തുടങ്ങിയവരുടെ വിശദമായ ഹിസ്റ്ററി ലിസ്റ്റ് തയ്യാറാക്കി വരികയാണ് അന്വേഷണ ഏജൻസികൾ. മതം മാറ്റത്തിലൂടേയും ലൗ ജിഹാദിലൂടേയും തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് യുവാക്കളേയും യുവതികളേയും ആകർഷിക്കാൻ മഞ്ചേരിയിലെ 'സത്യസരണി 'കേന്ദ്രീകരിച്ചു പ്രവർത്തിച്ചവരും അന്വേഷണ പരിധിയിലാണ്. മെഡിക്കൽ, എഞ്ചിനീയറിങ് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാനെത്തിയ 40 ഓളം യുവതീ യുവാക്കളെ നിർബന്ധിത മതപരിവർത്തനം നടത്തുകയും ചിലരെ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന പരാതി ഈ സ്ഥാപനത്തിനെതിരെ നിലനിൽക്കുന്നുണ്ട്.

ഇത്തരം പ്രവർത്തനങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന- ജില്ലാ ഡിവിഷൻ നേതാക്കളുടെ വസതികൾ കേന്ദ്രീകരിച്ചും ഒത്താശ ചെയ്തതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. പി.എഫ്.ഐ.യുടെ വനിതാ നേതാക്കളായ ഷീന ഫർസാന, സൈനബ എന്നിവരും സത്യസരണിയിലെ മുൻ മാനേജരായ മുഹമ്മദ് കുട്ടി, മുഹമ്മദ് അബ്ദുൾ നാസർ, ഷംസുദ്ദീൻ എന്നിവർ ഇത്തരം പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചതായും അറിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം കനകമലയിൽ ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധപ്പെട്ട് യോഗം ചേർന്നു പിടിയിലായ മാദ്ധ്യമസ്ഥാപനത്തിലെ ജീവനക്കാരൻ മലപ്പുറം പൊന്മുണ്ടം സ്വദേശി സഫ്വാൻ, പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന വളണ്ടിയറാണ്. മുൻപ് എൻ.ഡി.എഫിൽ പ്രവർത്തിച്ചിരുന്ന സഫ്വാൻ പിടിയിലാവുന്നത് തലേദിവസം നടന്ന പോപ്പുലർ ഫ്രണ്ടിന്റെ കോഴിക്കോട് സംസ്ഥാന ക്യാമ്പയിൻ സമ്മേളനത്തിലും വളണ്ടിയറായി പ്രവർത്തിച്ചിരുന്നു. തേജസിലെ സ്ഥിരം ജീവനക്കാരനായിരുന്നു സഫ്വാൻ.

കോഴിക്കോട്ടെ സമ്മേളനത്തിൽ രാത്രി വൈകും വരെ പങ്കെടുക്കുകയും പിന്നീട് അവിടുന്ന് മാഹിയിലെത്തുകയുമായിരുന്നു. മാഹിയിൽ വച്ച് മറ്റുള്ളവരുമായി സംഗമിച്ചാണ് കനകമലയിലെത്തിയത്. സഫ്വാന്റെ അറസ്റ്റോടെ പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ സ്വഭാവം വെളിപ്പെട്ടിരിക്കയാണ്. കേരളത്തിന് പുറത്തുള്ള മലയാളികളിൽ ചിലരും കനകമലയിൽ പിടിയിലായവരുടെ ഗ്രൂ്പ്പുമായി ബന്ധമുണ്ടെന്ന വിവരവും രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായവരിൽ നിന്നും പിടികൂടപ്പെട്ട ഒരു ഡസൻ വരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചുവരികയാണ്. ഇവർ കൈമാറിയ രഹസ്യ വിവരങ്ങൾ മൊബൈൽ ആപ്പുവഴിയുള്ള വിവരകൈമാറ്റം എന്നിവ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.