ജോർജിയ: മലയാളിയായ കൺമണി ഉപാസന ലോകത്തിന്റെ കൊച്ചു സുന്ദരി. ലിറ്റിൽ മിസ് യൂണിവേഴ്സ് മത്സരത്തിലാണ് മലയാളികൾക്ക് അഭിമാനമായ കൺമണി ഉപാസന സുന്ദരിപ്പട്ടം നേടിയത്. ജോർജിയയിൽ സംഘടിപ്പിച്ച മത്സരത്തിലാണ് കൺമണി ഉപാസന ഇന്ത്യയുടെ യശസ്സുയർത്തിയത്. ആദ്യമായാണ് ഒരു മലയാളി പെൺകുട്ടിക്ക് ലിറ്റിൽ മിസ് യൂണിവേഴ്സ് പട്ടം ലഭിക്കുന്നത്.

ബെസ്റ്റ് മോഡൽ ലിറ്റിൽ മിസ് യൂണിവേഴ്സ് 8211; 2016, മിസ് ഇന്റർനെറ്റ് വോട്ടിങ് 8211; 2016, ടിഒഡി ലിറ്റിൽ മിസ് യൂണിവേഴ്സ് 8211; 2016 എന്നീ മൂന്ന് കിരീടങ്ങളാണ് കൺമണി നേടിയത്. ആഗസ്റ്റിൽ ബൾഗേറിയയിൽ നടക്കുന്ന കിങ് ആൻഡ് ക്വീൻ 2016ലും പ്രിൻസ് ആൻഡ് പ്രിൻസസ് വേൾഡ് 2016ലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരവും ഇതോടെ കൺമണിയെ തേടിയെത്തി. കോഴിക്കോടു നടന്ന ലിറ്റിൽ മിസ് യൂണിവേഴ്സ് ഇന്ത്യൻ ഫിനാലെ മത്സരത്തിൽ കൺമണി ഒന്നാമതെത്തി. ഇതോടെയാണ് ലോക സുന്ദരിപ്പട്ടത്തിനായുള്ള മത്സരത്തിന് അർഹത നേടിയത്.

വയനാട് അതിർത്തിയിലെ എരുമാട് സ്വദേശിയാണ് കൺമണി ഉപാസന. കൊച്ചി ഇടപ്പള്ളി കാംപയിൻ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കി. അച്ഛനും അമ്മയ്ക്കും ഒപ്പം കൊച്ചിയിലാണ് കൺമണിയുടെ താമസം. സിനിമാ സ്റ്റിൽ ഫൊട്ടോഗ്രഫർ അനൂപ് ഉപാസനയുടെയും മഞ്ജുവിന്റെയും മകളായ കൺമണി. സംവിധായകൻ അനീഷ് ഉപാസനയുടെ സഹോദരനാണ് അനൂപ് ഉപാസന.

അച്ഛന്റെ ക്യാമറയ്ക്കു മുമ്പിൽ നിന്ന് ക്യാറ്റ് വാക്കിലേക്കുള്ള ദൂരം അധികമല്ലെന്ന് കൺമണി തെളിയിച്ചു. നാലാം വയസിൽ കൊച്ചിൻ ഫാഷൻ ഷോയിൽ ആദ്യ ചുവട് വച്ചു. അന്ന് കൺമണി ഉപാസന രണ്ടാം സ്ഥാനത്തെത്തി. പിന്നാലെ കൊച്ചിൻ ഫൽവഴ്സ് ഷോയിലും വിജയിച്ചു. അനൂപും മഞ്ജുവും ചേർന്നാണ് കൺമണിയെ ക്യാറ്റ് വാക്ക് പഠിപ്പിച്ചത്. പരസ്യചിത്രങ്ങളൊരുക്കുന്നവർക്കും പ്രിയപ്പെട്ടവളാണ് കൺമണി. സെക്കൻഡ്സ്, ഒന്നാം ലോക മഹായുദ്ധം, ഓലപ്പീപ്പി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.