കായംകുളം: വിവാഹവാഗ്ദാനം നൽകി ഇരുപതുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കായംകുളം കൊച്ചിയുടെ ജെട്ടി പൂവൻതറ പുത്തൻ വീട്ടിൽ കണ്ണനെയാണ് (27) കായംകുളം സി.ഐ കെ.സദന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്: എട്ടുമാസം മുമ്പാണ് ഇവർ പ്രണയത്തിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി. തുടർന്ന് അകന്നു കഴിയുകയായിരുന്നു. പിന്നീട് അകന്നു കഴിഞ്ഞിരുന്ന ഇവർ നാലുമാസങ്ങൾക്കു മുമ്പ് വീണ്ടും ഒന്നിച്ചു. എന്നാൽ അതിരുവിട്ട ബന്ധത്തിനു യുവതി വഴങ്ങാതെ വന്നപ്പോൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

സംഭവം പുറത്തായതോടെ പലരും മോശമായി പെരുമാറുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കണ്ണന്റെ ചില സുഹൃത്തുക്കൾക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് യുവതിയും ബന്ധുക്കളും വിവരമറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി. കണ്ണന്റെ സുഹൃത്തുക്കളെയും പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവർ ഉടൻ പിടിയിലായേക്കും.