ന്യൂഡൽഹി: ഇന്ത്യയിൽ ഇനിയുള്ള വർഷങ്ങളിൽ കുതിച്ചുയരുക വിനോദസഞ്ചാര മേഖലയാകുമെന്ന് റിപ്പോർട്ട്. പത്തുവർഷത്തിനകം ലോകത്തെ മൂന്നാമത്തെ വിനോദസഞ്ചാര സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാമ് ലോക ട്രാവൽ ആൻഡ് ടൂറിസം കമ്പനി (ഡബ്ല്യു.ടി.ടി.സി.)യുടെ റിപ്പോർട്ട്. പത്തുവർഷത്തിനുള്ളിൽ ഒരുകോടി തൊഴിലവസരങ്ങളും ഈ മേഖലയിൽ സൃഷ്ടിക്കപ്പെടുമെന്നും ഡബ്ല്യു.ടി.ടി.സിയുടെ 2018-ലെ റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ നാലേകാൽക്കോടി ആളുകൾ ഇന്ത്യയിൽ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയെ ആശ്രയിക്കുന്നവരുടെ കണക്കാണിത്. 2028 ആകുമ്പോൾ അഞ്ചേകാൽ കോടി ആളുകൾ വിനോദസഞ്ചാരമേഖലയിൽ തൊഴിലെടുക്കുന്നവരായി ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ ലോകത്തെ ഏഴാമത്തെ വലിയ വിനോദസഞ്ചാര സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ അതിവേഗമാണ് ഈ മേഖലയിൽ വളർച്ച കൈവരിക്കുന്നതെന്ന് ഡബ്ല്യു.ടി.ടി.സിയുടെ പ്രസിഡന്റ് ഗ്ലോറിയ ഗ്വുവാര പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇന്ത്യ മുൻതൂക്കം നൽകേണ്ടതെന്നാണ് അവരുടെ പക്ഷം. വിമാനത്താവളങ്ങളും തുറമുഖങ്ങളും ഹൈസ്പീഡ് റെയിൽവേയും റോഡുകളുമൊക്കെയായി മറ്റു രാജ്യങ്ങൾ ഇന്ത്യയെക്കാൾ ബഹുദൂരം മുന്നിലാണ്. ആ സൗകര്യങ്ങൾ ഇവിടെയും കൊണ്ടുവരികയെന്നതാണ് എത്രയും പെട്ടെന്ന് ഇന്ത്യ ചെയ്യേണ്ടതെന്നും ഗ്ലോറിയ പറഞ്ഞു. അടുത്ത പത്തുവർഷത്തിനുള്ളിൽ വിനോദ സഞ്ചാര മേഖലയിൽ അതിവേഗം വളർച്ച കൈവരിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.

വിനോദസഞ്ചാരികളെ ആകർഷിക്കാനായി ഇന്ത്യ മുന്നോട്ടുവെച്ചിട്ടുള്ള നടപടികളിൽ ഡബ്ല്യു.ടി.ടി.സി. സംതൃപ്തി പ്രകടിപ്പിച്ചു. മുംബൈയിലാരംഭിച്ച പുതിയ ക്രൂസ് തുറമുഖവും 163 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വിസ സംവിധാനം ഏർപ്പെടുത്തിയതുമെല്ലാം വിനോദസഞ്ചാരമേഖലയിൽ വലിയ കുതിപ്പ് നൽകുമെന്നാണ് റിപ്പോർട്ട്. നരേന്ദ്ര മോദി സർക്കാരിന്റെ ഇൻക്രെഡിബിൾ ഇന്ത്യ 2.0 പ്രചാരണവും ലോകത്ത് ഇന്ത്യയ്ക്ക് കൂടുതൽ പ്രചാരം നേടിക്കൊടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പുതിയതായി നടപ്പിലാക്കിയ ജി.എസ്.ടി. സംവിധാനം വിനോദസഞ്ചാരമേഖലയിൽ ഉണ്ടാക്കുന്ന അസ്വാരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്.