ന്യൂഡൽഹി: ആഗ്രയിൽ ആക്രമണത്തിനിരയായ വിദേശ സഞ്ചാരികളെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം സന്ദർശിച്ചു. ഡൽഹിൽ അപ്പോളോ ആശുപപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില ഭേദപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതരും അറിയിച്ചു. ഇവർ സുഖംപ്രാപിക്കുന്നതായി കണ്ണന്താനവും ഫേസ് ബുക്കിലൂടെ അറിയിച്ചു.

ഇന്ത്യയിൽ സന്ദർശകരായി എത്തിയ സ്വിറ്റ്‌സർലൻഡ് സ്വദേശികളായ ദമ്പതികൾക്കാണ് ആഗ്രയിൽ വച്ച് മർദ്ദനമേറ്റത്. പരിക്കേറ്റ ക്വെന്റിൻ ജെറെമി ക്ലർക്കും ഭാര്യ മേരി ഡ്രോക്‌സും ചികിത്സയിൽ സംതൃപ്തി അറിയിച്ചു.

ആഗ്രയിൽ ശനിയാഴ്ച എത്തിയ ദമ്പതികൾ ഞായറാഴ്ച താജ്മഹൽ സന്ദർശിച്ച് മടങ്ങവെയാണ് ആക്രമിക്കപ്പെട്ടത്. റയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.

ദമ്പതികൾക്ക് നേരെ അശ്ലീല കമന്റുകൾ പറഞ്ഞ യുവാക്കൾ ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ എടുക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ക്വെന്റിനെ യുവാക്കൾ ആക്രമിക്കുയും തടയാൻ ശ്രമിച്ച മേരിയെ മർദ്ദിക്കുകയുമായിരുന്നു. ഓടിച്ചേർന്ന നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.

വിദേശികളായ വിനോദസഞ്ചാരികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ ആശങ്ക അറിയിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിിയിരുന്നു. ഇത്തരം സംഭവങ്ങൾ ഇന്ത്യയുടെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കും എന്ന് ചൂണ്ടിക്കാട്ടിയ കണ്ണന്താനം, കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അഞ്ചുപേർ ഇതിനകം കേസിൽ അറസ്‌ററിലായിട്ടുണ്ട്.