കണ്ണൂർ: നേതാക്കൾ വാക്ക് പോര് നടത്തുമ്പോൾ അണിയറയിൽ ആയുധങ്ങൾ ഒരുങ്ങുന്നു. കണ്ണൂരിലെ തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞാൽ പിന്നെ ആയുധങ്ങളാണ് പ്രധാനം. ഈ പതിവ് ഇത്തവണയും തുടരുന്നുവെന്നതിന്റെ സൂചനയാണ് ഇന്നലെ കൂത്തുപറമ്പ് മേഖലയിലെ പൊലീസ് പരിശോധനയിലൂടെ തെളിഞ്ഞത്. ഉഗ്രശേഷിയുള്ള 32 ബോംബുകളും 14 വാളുകളും തിരയടക്കമുള്ള പിസ്റ്റലുകളും മഴുവും മറ്റുമാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷന്റെ ഒരു കിലോമീറ്റർ പരിധിയിൽപെടുന്ന സ്ഥലത്ത് വച്ചാണ് മാരകായുധങ്ങൾ പിടിച്ചെടുത്തത്. നായക്കുരണക്കായ ഉണക്കിപ്പൊതിഞ്ഞ നിലയിലും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കിവച്ച ആയുധങ്ങളാണ് ഇവയെന്ന് ഉറപ്പിക്കാം. തങ്ങൾക്ക് വിധേയരല്ലാത്ത പോളിങ്ങ് ഓഫീസർമാർക്ക് നേരേയും എതിരാളികൾക്ക് നേരേയും കണ്ണൂരിൽ ഇവ പ്രയോഗിക്കാറുണ്ട്.

കണ്ണൂരിൽ പാർട്ടി വ്യത്യാസമില്ലാതെ എല്ലാവരും ആയുധങ്ങൾ സംഭരിക്കുന്നതായി രഹസ്യാന്വേഷണ പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ കിട്ടില്ലെന്ന തിരിച്ചറിവിലാണ് രാഷ്ട്രീയ പാർട്ടികൾ. ഈ സാഹചര്യത്തിലാണ് അക്രമത്തിനുള്ള സാധ്യത മുന്നിൽ കണ്ട് പടപ്പുറപ്പാട്. ഈ സാഹചര്യത്തെ പ്രതിരോധിക്കാൻ കർശനമായ ഇടപെടൽ വേണമെന്ന് രഹസ്യാന്വേഷണ പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പാർട്ടി ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് ആയുധ ശേഖരണം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസത്തെ ആയുധ വേട്ട നിർണ്ണായകമാകുന്നത്. എന്നാൽ ചില ആശങ്കകളും സജീവമാണ്. ഇന്നലെ പിടിച്ചെടുത്ത ആയുധവേട്ട മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള പരിശോധനയാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്.

കൂത്തുപറമ്പ് നഗരത്തിനും പൊലീസ് സ്‌റ്റേഷനും അടുത്തുതന്നെ ആയുധങ്ങൾ കണ്ടെത്തിയതിലും ദുരൂഹതയുണ്ട്. അതിലും എത്രയോ ഇരട്ടി ആയുധങ്ങൾ വ്യാപകമായി ശേഖരിച്ചുവച്ച മറ്റു കേന്ദ്രങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ അക്രമികൾ പൊലീസിനെ വഴിതെറ്റിച്ചതാകാനും തരമുണ്ട്. ന്യൂ ജനറേഷൻ ബോംബുകളായ കോക്കനട്ട് ബോംബും സോഡാ ബോംബും നിർമ്മിക്കുന്നത്ിൽ വൈദഗ്ധ്യം നേടിയവർ കൂത്തുപറമ്പ്, പാനൂർ മേഖലകളിലുണ്ട്. യുവാക്കളും കൗമാരക്കാരും അടുത്ത കാലത്തായി ഇത്തരം ബോംബു നിർമ്മാണവുമായി ബന്ധപ്പെട്ടുവരുന്നുണ്ട്. സിപിഐ.(എം), ആർ എസ്.എസ്-ബിജെപി. സംഘടനകൾ ഇത്തരം ബോംബുകളുടെ നിർമ്മാണത്തിനായി രംഗത്തുണ്ടെന്നാണ് സൂചന. പൊലീസ് കണ്ടെത്തിയ ബോംബുകൾ പഴയ രൂപത്തിലുള്ളവയാണ്. എളുപ്പത്തിൽ പ്രയോഗിക്കാവുന്ന നവീനബോംബുകളുണ്ടായിട്ടും ഇവ സൂക്ഷിച്ചു വച്ചതിന്റെ കാരണമറിവായിട്ടില്ല. ഒന്നുകിൽ പൊലീസിനെ തെറ്റിധരിപ്പിക്കാൻ, അല്ലെങ്കിൽ പഴയസാധനങ്ങൾ സൂക്ഷിക്കുന്നത് പന്തിയല്ലെന്ന കാരണത്താൽ പിടികൊടുത്തതാവാനും സാധ്യതയുണ്ട്.

ആയുധങ്ങൾ പിടിച്ചെടുത്തു എന്ന് പൊലീസ് അവകാശപ്പെടുന്നതിനു പിന്നിൽ പഴയകാല അനുഭവംതന്നെയായിരിക്കുമോ എന്നും സംശയമുണ്ട്. അടുത്ത കാലത്തായി പാറമടകളിലേക്ക് എത്തിച്ചേരാതെ ബോംബു നിർമ്മാതാക്കൾക്ക് വിനാശകാരികളായ രാസവസ്തുക്കൾ ലഭിക്കുന്നുണ്ടെന്ന സൂചനയുമുണ്ട്. പൊട്ടാസ്യം, സൾഫർ, അലൂമിനിയം, ആഴ്‌സനിക്ക് എന്നീ ചേരുവകൾ ചേർന്നതാണ് വെടിമരുന്ന്. ഇത് ചേർത്തുണ്ടാക്കുന്ന ബോംബുകൾ മൂലം പരിക്കേൽക്കുന്നവർക്ക് പിന്നീട് സാധാരണ ജീവിതം അസാധ്യമാണ്. രാസവസ്തുക്കളുടെ സാന്നിധ്യമാണ് പ്രധാന കാരണമെങ്കിലും കുപ്പിച്ചില്ല്, ഇരുമ്പാണി, ചിരട്ടക്കഷണം എന്നിവ മൂലമുള്ള പരിക്കു കാരണം ജീവിക്കുന്ന രക്തസാക്ഷികളായി കഴിയേണ്ടി വരുന്നു. പരിശോധനയിൽ ലഭിച്ച ആയുധങ്ങളേക്കാൾ മാരകമായ ആയുധങ്ങൾ ജില്ലയിൽ സംഭരിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന. അത്രമാത്രം വെടിമരുന്ന് രാഷ്ട്രീയ ക്രിമിനലുകളുടെ കയ്യിലെത്തിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള പൊലീസുകാരെ ഉപയോഗിച്ച് ധാരണ പ്രകാരം ആയുധങ്ങൾ പിടിച്ചെടുത്ത പഴയകാല അനുഭവം ഒട്ടേറെയുണ്ട്. കൂത്തുപറമ്പിലെ ആയുധവേട്ട അത്തരത്തിലുള്ളതാണെങ്കിൽ ഈ തിരഞ്ഞെടുപ്പിന് വലിയ വില കൊടുക്കേണ്ടി വരും.

പിടിച്ചെടുത്ത ആയുധങ്ങളിൽ പുതുതലമുറ ബോംബുകൾ കണ്ടെത്തിയിട്ടില്ല. നേരത്തെ സംഭരിച്ച ആയുധങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നവ ബോധപൂർവ്വം പൊലീസിനെക്കൊണ്ട് പിടിപ്പിച്ചതുമാവാം. പേരിനുമാത്രം ബോംബുകളും മാരകായുധങ്ങളും പിടിച്ചുവെന്ന് മിടുക്ക് കാട്ടുന്ന പ്രചാരണം മാത്രമായിക്കൂടാ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ക്വാറികളിൽ നിന്നും ക്വാറികളിലേക്ക് എത്തിച്ചേരേണ്ട വെടിമരുന്ന് എവിടെയൊക്കെ എത്തിയിട്ടുണ്ടെന്ന അന്വേഷണം നടത്തിയാൽ ബോംബു നിർമ്മാണത്തിന്റെ ഉറവിടം കണ്ടെത്താം. ഈ തെരഞ്ഞെടുപ്പിൽ ഭയക്കേണ്ടത് നവീന ബോംബുകളേയാണ്. സോഡാബോംബും കോക്കനട്ട് ബോംബുമായിരിക്കും രാഷ്ട്രീയ ക്രിമിനലുകൾ ഉപയോഗിക്കുക. അതിനു തടയിടാനുള്ള പരിശോധനാ സംവിധാനം പൊലീസ് ആരംഭിക്കേണ്ടിയിരിക്കുന്നു