കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന് സമീപം അന്താരാഷ്ട്രനിലവാരമുള്ള ടൗൺഷിപ്പ് പണിയും. 700 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്തുകഴിഞ്ഞു. ടെൻഡർ നടപടി അടുത്ത് തുടങ്ങും. ദീർഘകാലത്തേക്ക് വാടകയ്ക്കാണ് ഭൂമി ലഭിച്ചിട്ടുള്ളത്. ഇവിടെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി, മാളുകൾ, ക്ലബ്ബ് ഹൗസ്, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ പണിയും. എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടി ലോകോത്തര നിലവാരത്തിലുള്ളതായിരിക്കും ടൗൺഷിപ്പ്. മുതലിറയ്ക്കാൻ താത്ര്യമുള്ളവരെയും സംയുക്ത സംരംഭകരെയും ഇതിൽ പങ്കാളികളാക്കും. വിമാനയാത്രക്കാർക്കും ഉദ്യോഗാർഥികൾക്കും പൊതുജനങ്ങൾക്കും ഇവിടം സന്ദർശിക്കാനും സാധിക്കും. സോളാറിന്റെ സഹായത്തോടെയായിരിക്കും വൈദ്യുതി ഉത്പാദനം നടത്തുക.

എയർ ഇന്ത്യ എക്സ്പ്രസ്, ഗോവ എയർ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾക്ക് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ട്രാഫിക് ലൈസൻസ് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ദുബായ്, അബുദാബി, ഷാർജ, ബഹ്റൈൻ, ഖത്തർ, സൗദി തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നടത്താനാകും. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിൽ നല്ല തിരക്കുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതെല്ലാം മനസ്സിലാക്കിയാണ് ടൗൺഷിപ്പിന്റെ സാധ്യത തേടുന്നത്. ആവശ്യമനുള്ളതെല്ലാം ഒരിടത്ത് സംയോജിപ്പിക്കുന്ന മാതൃകയാകും നടപ്പാക്കുക.

വിമാനത്താവളം മാസങ്ങൾക്കകം പ്രവർത്തനസജ്ജമാകാനിരിക്കെ, കിയാൽ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും താമസസൗകര്യം പ്രതിസന്ധിയായി മാറും. വിമാനത്താവളത്തിലെയും അനുബന്ധ വിഭാഗങ്ങളിലെയും ജീവനക്കാരുടെ താമസത്തിന് ഔദ്യോഗികമായ സംവിധാനങ്ങളൊന്നും നിലവിൽ സജ്ജമായിട്ടില്ല. രണ്ടായിരത്തി അഞ്ഞൂറോളം പേർക്കെങ്കിലും അടിയന്തരമായി താമസസൗകര്യം വേണ്ടി വരുമെന്നാണു കിയാൽ അധികൃതരുടെ തന്നെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് ടൗൺഷിപ്പിനെ കുറിച്ച് ചർച്ച തുടങ്ങുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെട്ടിട നിർമ്മാതാക്കളുടെയും ആർക്കിടെക്റ്റുകളുടെയും അടിയന്തര യോഗം ചേർന്നത്.

പ്രശ്‌നത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത്, കണ്ണൂർ വിമാനത്താവളത്തിലും സമീപ പ്രദേശങ്ങളിലും താമസത്തിനുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള എല്ലാ അനുമതികളും ഉടനടി ലഭ്യമാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്നു യോഗം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് അടിയന്തരമായി താമസ സൗകര്യം ഏർപ്പെടുത്തുകയെന്നതു വെല്ലുവിളി തന്നെയാണെന്നു കിയാൽ അധികൃതർ ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സംരക്ഷണ സേനയിൽ (സിഐഎസ്എഫ്) മാത്രം 690 പേരുണ്ടാകും.

കുടുംബ സമേതം താമസിക്കാനുള്ള ഫ്‌ളാറ്റുകൾക്കു പുറമേ, ഒറ്റമുറി ഫ്‌ളാറ്റുകളും ധാരാളമായി വേണ്ടി വരും. സ്വന്തമായി സ്ഥലമുള്ള കെട്ടിടനിർമ്മാതാക്കൾ രംഗത്തു വരണമെന്നു കിയാൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കിയാലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ കെട്ടിട നിർമ്മാണത്തിനു വാടകയ്ക്കു നൽകാനും തയാറാണ്. സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്ന് അനുമതികളും ലൈസൻസുകളും ലഭിക്കാനുള്ള കാലതാമസം നിർമ്മാണ പ്രവർത്തനങ്ങൾക്കു തടസ്സമാവുമെന്ന ആശങ്ക നിർമ്മാതാക്കൾ ഉന്നയിച്ചതിനെ തുടർന്നാണ് ഏകജാലക സംവിധാനം ആവശ്യപ്പെട്ടു പ്രമേയം പാസാക്കിയത്.

മട്ടന്നൂർ ഭാഗത്ത് താമസസൗകര്യങ്ങൾ വേണ്ടരീതിയിൽ ലഭ്യമാകാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അടുത്ത ആറുമാസത്തിനുള്ളിൽ 2000 പേരെങ്കിലും വിമാനത്താവളത്തിൽ വിവിധ ജോലിക്കായി എത്തും. അപ്പോൾ ഏറ്റവും കൂടുതൽ പ്രശ്നം നേരിടുന്നത് താമസത്തിനായിരിക്കും. നിലവിൽ 639-ഓളം ജീവനക്കാരുണ്ടെങ്കിലും അവർ താമസത്തിനായി കണ്ണൂരിലും തലശേരിയിലും പോവുകയാണ്. വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നതോടെ കുറഞ്ഞത് 2000 എയർ ലൈൻ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഇവിടെ എത്തും. അവർക്ക് താമസിക്കാൻ സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ മട്ടന്നൂർ മേഖലകളിൽ ആവശ്യമാണ്.

കുറഞ്ഞ ചെലവിൽ വിമാനയാത്ര ഒരുക്കുന്ന കേന്ദ്രപദ്ധതി(ഉഡാൻ) അനുസരിച്ച് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഏഴ് നഗരങ്ങളിലേക്ക് യാത്ര ചെയ്യാനാകും. 1399 മുതൽ 3199 വരെയാണ് ഈ സ്ഥലങ്ങളിലേക്ക് ഈടാക്കുന്ന തുക. പദ്ധതിയിൽ ഉൾപ്പെടുന്നതിനുള്ള നിബന്ധന മറ്റ് സർവീസുകളെ ബാധിക്കുമെന്നതിനാൽ മുംബൈയിലേക്ക് ഇളവുണ്ടാകില്ല. മുംബൈ അടക്കം എട്ട് നഗരങ്ങളാണ് ഉഡാൻ പദ്ധതിയിലുൾപ്പെടുന്നത്. ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഹിൻഡൻ, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞനിരക്കിൽ സർവീസുണ്ടാകുക. വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതോടെ ഇതുണ്ടാകും. പദ്ധതിയനുസരിച്ച് സർവീസ് നടത്താൻ കരാറൊപ്പിട്ട കമ്പനിയുടേതല്ലാതെ മറ്റ് വിമാനങ്ങൾ ഈ സെക്ടറിൽ സർവീസ് നടത്താൻ പാടില്ലെന്ന വ്യവസ്ഥ ഇതിലുണ്ട്. കണ്ണൂരിൽനിന്ന് മുംബൈ വഴി രാജ്യാന്തര സർവീസ് നടത്താൻ പല കമ്പനികളും തയ്യാറായിട്ടുണ്ട്. മുംബൈ സർവീസ് ഉഡാൻ പദ്ധതിയിലുൾപ്പെടുത്തിയാൽ ഇതിന് തിരിച്ചടിയാകും. അതിനാൽ, സർക്കാരും കിയാലും മുംബൈ ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് മാത്രമായി സർവീസ് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ കമ്പനികൾ സർക്കാരുമായി ധാരണയിലെത്തി. 22 റൂട്ടുകളിലേക്ക് ഈ കമ്പനികൾ സർവീസ് നടത്തും. വിമാനത്തിലെ മുഴുവൻ സീറ്റും കുറഞ്ഞനിരക്കിലായിരിക്കില്ല. 37മുതൽ 40 സീറ്റുവരെയാണ് ഇത്തരത്തിൽ അനുവദിക്കുക. ബാക്കി സീറ്റുകളിൽ അപ്പോഴത്തെ നിരക്കനുസരിച്ച് മുഴുവൻ തുകയും യാത്രക്കാർ നൽകേണ്ടിവരും. ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങൾക്ക് 78 സീറ്റുവരെയുണ്ട്. ഹിൻഡനിലേക്ക് സർവീസ് നടത്തുന്ന വിമാനത്തിന് 180 സീറ്റാണുള്ളത്.