മട്ടന്നൂർ: മലബാറിലെ വികസനത്തിന് പുതുവേഗമാകും മൂർഖൻ പറമ്പ് വിമാനത്താവളം. കണ്ണൂരിലേയും കാസർഗോട്ടേയും വയനാട്ടിലേയും കോഴിക്കോടിലേയും പ്രവാസികളുടെ പുതു പ്രതീക്ഷ. ഉദ്ഘാടനത്തിലേക്ക് അടുക്കുന്ന വിമാനത്താവളത്തിൽ എല്ലാം അതിവേഗം മുന്നോട്ട് പോവുകയാണ്. രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരെ വരവേൽക്കാൻ ചുമർചിത്രങ്ങളും മറ്റും തയ്യാറാക്കുന്ന അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വടക്കൻ മലബാറിന്റെ സംസ്‌കാരവും ചരിത്രങ്ങളുമാണ് പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്റെ ചുമരുകളിൽ ഒരുങ്ങുന്നത്. നവംബറിൽ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാനാണ് കേരള സർക്കാരിന്റെ ആഗ്രഹം.

അതിനിടെ കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ വ്യോമയാനമന്ത്രാലയം തൃപ്തി പ്രകടിപ്പിച്ചു. വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി നടത്തിയ അവലോകനയോഗത്തിലാണ് വിമാനത്താവളത്തിന്റെ സംവിധാനങ്ങൾ മികച്ചതാണെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടത്. നവംബറിൽ ഉദ്ഘാടനം വേണമെന്ന് കേരള സർക്കാർ വ്യോമയാന മന്ത്രാലയത്തോട് ആഗ്രഹം അറിയിച്ചിട്ടുണ്ട്. അധികം വൈകാതെ നൽകാമെന്നാണ് ലഭിച്ചിരിക്കുന്ന മറുപടി. ഡിസംബറിന് മുമ്പ് ഉറപ്പായും ഉദ്ഘാടനം നടക്കുമെന്നാണ് ലഭിക്കുന്ന സൂചന.

കേരള പിറവിലെ ലോഞ്ചിങ് മുന്നിൽ കണ്ടാണ് യാത്രക്കാർക്കു വിസ്മയം തീർക്കുന്ന ചിത്രരചന നടക്കുന്നത്. ചിത്രകാരൻ ഹരീന്ദ്രൻ ചാലാടും കാലടി സംസ്‌കൃത സർവകലാശാലകളിലെ പൂർവ വിദ്യാർത്ഥികളുമാണ് നേതൃത്വം നൽകുന്നത്. കഥകളി, തെയ്യം, പഞ്ചവാദ്യം, തിടമ്പ് നൃത്തം, തിരുവാതിരക്കളി, മോഹിനിയാട്ടം, ഓണം, വള്ളംകളി, ദഫ്മുട്ട്, മാർഗം കളി, ഉത്സവങ്ങൾ എന്നിവ ഉൾപ്പെടുത്തി 400 ചതുരശ്രമീറ്റർ വലുപ്പത്തിലാണ് ചിത്രരചന. ഒക്ടോബർ രണ്ടാം വാരത്തോടെ പൂർത്തിയാക്കും. ചുമർ ചിത്രങ്ങൾക്കു പുറമെ എറണാകുളം ജില്ലയിലെ കലാകാരന്മാർ ഒരുക്കുന്ന കൂറ്റൻ വിഷ്ണുമൂർത്തിയുടെ ചിത്രം ആരെയും ആകർഷിക്കും.

കാലടി സംസ്‌കൃത സർവകലാശാലയിലെ പൂർവ വിദ്യാർത്ഥി ദിൽജിത്ത് എം.ദാസിന്റെ നേതൃത്വത്തിൽ 15 കലാകാരന്മാരാണ് തെയ്യം ചുമരിൽ ആലേഖനം ചെയ്യുന്നത്. 35 അടി വീതിയിലും 55 അടി നീളത്തിലുമായി സിമന്റിൽ തീർത്ത രൂപം പെയിന്റും ലോഹങ്ങളും ഉപയോഗിച്ചാണ് പൂർത്തീകരിക്കുന്നത്. കേരളത്തിന്റെ തനിമയും പാരമ്പര്യവും യാത്രക്കാർക്കുമുന്നിൽ നിറവാർന്ന ചായക്കൂട്ടുകളിലൂടെ അവതരിപ്പിക്കാനാണ് ശ്രമം. ടെർമിനലിലെ സന്ദർശക ഗാലറിയിലും സ്വീകരണ ഹാളിലും കേരളീയ കലാരൂപങ്ങളും നാടൻകലകളും വരകളിലൂടെ തെളിയും. ഇത് യാത്രക്കാർക്ക് പുതിയ അനുഭവമാകും. ചിത്രകലാകാരൻ ഹരീന്ദ്രൻ ചാലാടും കാലടി കേരള സംസ്‌കൃത സർവകലാശാലയിലെ പൂർവ വിദ്യാർത്ഥികളുമാണ് ചിത്രങ്ങൾ ഒരുക്കുന്നത്.

കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രാലയത്തിൽ നടന്ന യോഗത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. സെപ്റ്റംബർ 13-ന് ചേർന്ന അവലോകനയോഗത്തിന് ശേഷം നടന്ന പ്രവൃത്തികളാണ് അവലോകനം ചെയ്തത്. വിമാനത്താവളത്തിൽ രണ്ടു ദിവസം നടത്തിയ വിദഗ്ധപരിശോധന തൃപ്തികരമായിരുന്നുവെന്ന് ഡി.ജി.സി.എ. ഉദ്യോഗസ്ഥർ അറിയിച്ചു. വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ പരമാവധി വേഗത്തിലാക്കുമെന്ന് വ്യോമയാനമന്ത്രാലയവും ഡി.ജി.സി.എ.യും ഉറപ്പുനൽകി. ഉദ്ഘാടനത്തിന് മുന്നോടിയായി കണ്ണൂർ വിമാനത്താവളത്തിൽ യാത്രാവിമാനമുപയോഗിച്ച് രാത്രിയിലും പരീക്ഷണപ്പറക്കൽ നടത്തും.

സിഗ്‌നൽ സംവിധാനമുൾപ്പെടെയുള്ളവയുടെ ക്ഷമത ഉറപ്പുവരുത്തുന്നതിനാണ് രാത്രിയിൽ റൺവേയിൽ വിമാനമിറക്കി പരിശോധന നടത്തുന്നത്. ഇതിനായി എയർഇന്ത്യയുടെ വിമാനം ഈ മാസംതന്നെ കണ്ണൂരിലെത്തും. ഐ.എൽ.എസ്. സംവിധാനത്തിന്റെ പരിശോധനയ്ക്ക് എയർഇന്ത്യ എക്സ്‌പ്രസിന്റെ വിമാനം വീണ്ടും വിമാനത്താവളത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം എയർഇന്ത്യ എക്സ്‌പ്രസിന്റെയും ഇൻഡിഗോയുടെയും പരീക്ഷണപ്പറക്കൽ വിജയകരമായി നടത്തിയിരുന്നു. കണ്ണൂരിലെ ലാൻഡിങ് സുഗമവും സുരക്ഷിതവുമാണെന്ന അഭിപ്രായമാണ് പൈലറ്റുമാർ പറഞ്ഞത്. ഡി.വി.ഒ.ആർ. സഹായത്തോടെയാണ് ഈ പരിശോധനകൾ നടത്തിയത്. മോശം കാലാവസ്ഥയിലും വിമാനമിറക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം(ഐ.എൽ.എസ്.).

ഗ്രീൻഫീൽഡ് വിമാനത്താവളമാണ് മട്ടന്നൂരിലെ മൂർഖൻ പറമ്പിൽ വൻവിമാനങ്ങളെയും വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്നത്. രാജ്യാന്തര ആഭ്യന്തര യാത്രക്കാരെ ഒരുമിച്ച് കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഏകീകൃത ടെർമിനൽ. 48 ചെക്ക് ഇൻ കൗണ്ടറുകൾ, എമിഗ്രേഷന് 16, എട്ട് കസ്റ്റംസ് കൗണ്ടറുകളും സദാസമയം പ്രവർത്തിക്കും. ആറ് ഏയ്‌റോ ബ്രിഡ്ജുകളും മട്ടന്നൂരിന് തയ്യാർ . 45 മീറ്റർ വീതിയും 3050 മീറ്റർ നീളവുമുള്ള റൺവേ. ഇത് നാലായിരം മീറ്ററാക്കാനുള്ള നടപടികളും തുടങ്ങി. ഇതോടെ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂർ മാറും. അപകടം ഉണ്ടായാൽ മിനിറ്റുകൾക്കകം ഓടിയെത്താൻ നാല് അത്യാധുനിക ഫയർ എഞ്ചിനുകൾ. കാർ ബസ് പാർക്കിങിന് പ്രത്യേക സ്ഥലങ്ങൾ.

കണ്ണൂർ ജില്ലയുടെ മധ്യഭാഗമായ മട്ടന്നൂരിലാണ് വിമാനത്താവളത്തിന്റെ സ്ഥാനം. 1996ൽ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം.ഇബ്രാഹിമാണ് കണ്ണൂരിന് വിമാനത്താവളം പ്രഖ്യാപിച്ചത്. 2016ൽ ആദ്യ പരീക്ഷണ പറക്കൽ നടന്നു. പിന്നീടുള്ള നിർമ്മാണങ്ങളെല്ലാം ശരവേഗത്തിലായിരുന്നു. ഉത്തരമലബാറിന്റയും കർണാടകയിലെ കുടക് ജില്ലയുടെയും വികസന പ്രതീക്ഷകളാണ് യാഥാർത്ഥ്യത്തിലേക്ക് കടക്കുന്നത്.